വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡില്‍ ജസീന്ത ആര്‍ഡന്‍ രണ്ടാമതും അധികാരത്തിലേറുമ്പോള്‍ മലയാളിക്കും അഭിമാനിക്കാം. കാരണം ആ മന്ത്രിസഭയിലെ ഒരംഗം മലയാളിയാണ്.
എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണനാണ് ആര്‍ഡന്‍ മന്ത്രിസഭയില്‍ അംഗമായിരിക്കുന്നത്. ഇതാദ്യമായാണ് ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ അംഗമാകുന്നത്.
യുവജന ക്ഷേമം, സാമൂഹിക വികസനം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കക്ക് ലഭിച്ചത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്ക് നല്‍കിയിട്ടുണ്ട്. രണ്ടാം തവണയാണ് പ്രിയങ്ക എം.പിയാകുന്നത്. കമ്യൂണിസ്റ്റ് നേതാവ് ഡോ സി.ആര്‍.കൃഷ്ണപിള്ളയുടെ കൊച്ചുമകള്‍ കൂടിയാണ് പ്രിയങ്ക.
14 വര്‍ഷമായി ജസിന്തയുടെ ലേബര്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ് പ്രിയങ്ക. പാര്‍ട്ടിയുടെ യുവജനവിഭാഗത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചതു പരിഗണിച്ചാണ് ജസിന്ത, പ്രിയങ്കയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
2006ലാണ് പ്രിയങ്ക ലേബര്‍ പാര്‍ട്ടിയില്‍ അംഗമായത്. 2017ല്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മന്ത്രിസ്ഥാനവും പ്രിയങ്കയെ തേടിയെത്തി. ജസീന്തയുടെ വിശ്വസ്ത കൂടിയാണ് ഈ മലയാളി.
എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍ -ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക ജനിച്ചതും വളര്‍ന്നതും സിംഗപ്പൂരിലാണ്. പിന്നീട് ഉന്നതപഠനത്തിനായാണ് ന്യൂസിലന്‍ഡില്‍ എത്തിയത്. വെല്ലിങ്ടണ്‍ സര്‍വകലാശാലയില്‍നിന്നാണ് പ്രിയങ്ക ബിരുദാനന്തര ബിരുദം നേടിയത്. ഡെവലപ്മെന്റ് സ്റ്റഡീസ് ആയിരുന്നു വിഷയം. പഠനശേഷം ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐ.ടി ജീവനക്കാരനുമായ റിച്ചാര്‍ഡ്സിനെ വിവാഹം ചെയ്ത് ക്രൈസ്റ്റ് ചര്‍ച്ചില്‍ സ്ഥിരതാമസമാക്കുകയുമായിരുന്നു. ഇതിനിടെയിലാണ് പൊതുപ്രവര്‍ത്തനത്തിലും സജീവമായത്. സന്നദ്ധപ്രവര്‍ത്തന മേഖലയിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്നയാളാണ് പ്രിയങ്ക രാധാകൃഷ്ണന്‍.
പ്രിയങ്കയോടൊപ്പം ജസീന്ത കഴിഞ്ഞ വര്‍ഷം മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്നിരുന്നു. ജസീന്തയുടെ ആശംസ പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.
ന്യൂസിലന്‍ഡില്‍ രണ്ടാംവട്ടവും പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡന്‍ തന്റെ മന്ത്രിസഭയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്നു ജസീന്തയുടെ ലേബര്‍ പാര്‍ട്ടി. 120ല്‍ 64 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി സ്വന്തമാക്കിയത്. 49 ശതമാനം വോട്ടുകളും നേടി. 1996ന് ശേഷം ഒരു പാര്‍ട്ടി തനിച്ച് ന്യൂസിലന്‍ഡില്‍ ഇത്രയും സീറ്റുകള്‍ നേടുന്നതും ആദ്യമാണ്. അതേസമയം, എതിര്‍കക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമേ നേടാനായുള്ളൂ.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.