ഇസ്രായേലികളും പലസ്തീനികളും സമാധാനത്തിന്റെ ആഘോഷത്തില്‍
രക്തച്ചൊരിച്ചിലിന് അന്ത്യം കുറിച്ച് ഗാസയില്‍ വെടിനിര്‍ത്തല്‍...
ഗാസാസിറ്റി :രണ്ടുവര്‍ഷം നീണ്ട രക്തച്ചൊരിച്ചിലിന് അന്ത്യം കുറിച്ച് വെള്ളിയാഴ്ച ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. കരയുദ്ധത്തെ തുടര്‍ന്ന് ഒഴിഞ്ഞുപോയ വടക്കന്‍ ഗാസയിലെ പലസ്തീന്‍കാര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.67,000ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ട രണ്ട് വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാനും ഹമാസ് പിടികൂടിയ ബന്ദികളെ തിരികെ നല്‍കാനുമുള്ള കരാര്‍ പ്രഖ്യാപിച്ചതോടെ ഇസ്രായേലികളും പലസ്തീനികളും ഒരുപോലെ ആഘോഷത്തിലാണ്.
സമാധാനസ്ഥാപനം ലക്ഷ്യമിട്ട് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന പദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേല്‍ സര്‍ക്കാരും ഹമാസും അംഗീകരിച്ചതിനു പിന്നാലെയാണിത്. വ്യാഴാഴ്ച ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ ഇക്കാര്യം കൂടിയാലോചിച്ച് പദ്ധതിക്ക് അംഗീകാരം നല്‍കി.ഇതോടെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതും സൈനി കപിന്മാറ്റം തുടങ്ങിയതും.ട്രംപിന്റെ പദ്ധതിയില്‍ നിഷ്‌കര്‍ഷിക്കുന്ന, ഇരുകക്ഷികളും അംഗീകരിച്ച നിശ്ചിത രേഖയിലേക്ക് സൈന്യം പിന്മാറിയെന്ന് ഇസ്രയേല്‍ പ്രതിരോധസേന (ഐഡിഎഫ് അറിയിച്ചു).
കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇസ്രയേല്‍ യുദ്ധത്തിലേക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണിമുഴക്കി.ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകരിച്ച് 24 മണിക്കൂറിനകം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും 72 മണിക്കൂറിനകം ശേഷിക്കുന്ന ബന്ദികളെ ഹമാസ് വിട്ടയക്കണമെന്നുമാണ് ട്രംപിന്റെ പദ്ധതിയുടെ ആദ്യഘട്ടത്തിലെ പ്രധാന വ്യവസ്ഥ.
സമാധാനം വന്നത് 56 മണിക്കൂര്‍ ചര്‍ച്ചകള്‍ക്ക് ശേഷം
ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതോടെയാണ് ഗാസയില്‍ സമാധാനത്തിന് വഴിതുറന്നത്. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ കയ്റോയിലായിരുന്നു ചര്‍ച്ച. മൂന്നുദിവസമെടുത്ത് ഏതാണ്ട് 56 മണിക്കൂറോളം ചര്‍ച്ചനടത്തിയശേഷം ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിനും ബന്ദികൈമാറ്റത്തിനും സമ്മതിച്ചെന്ന് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് സൈന്യം വെടി നിര്‍ത്തിയതായി ഇസ്രായേലി സൈന്യം പറഞ്ഞു.മൂന്ന് മണിക്കൂറിന് ശേഷം, ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം പിന്‍വാങ്ങലിന്റെ ആദ്യഘട്ടം ഇസ്രായേല്‍ പൂര്‍ത്തിയാക്കിയതായി യു എസ് പെന്റഗണും സ്ഥിരീകരിച്ചു. എന്നിരുന്നാലും പലസ്തീന്‍ പ്രദേശത്തിന്റെ ഏകദേശം 53 ശതമാനം ഇപ്പോഴും ഇസ്രായേല്‍ സൈന്യത്തിന്റെ കൈവശമാണ്.
ഇസ്രായേല്‍ മോചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന 250 പലസ്തീന്‍ തടവുകാരുടെ പട്ടിക പ്രസിദ്ധീകരിച്ചു.2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം നടത്തിയതോടെയാണ് പുതിയ സംഘര്‍ഷത്തിന് തുടക്കമിട്ടത്.
ഗാസ സിറ്റിയിലും ഖാന്‍ യൂനിസിലും ഇസ്രായേല്‍ സൈന്യവും കവചിത വാഹനങ്ങളും മുന്‍നിര സ്ഥാനങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി സ്ഥിരീകരിച്ചു.വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഏകദേശം 2,00,000 പലസ്തീനികള്‍ വടക്കോട്ട് മടങ്ങിയതായി സിവില്‍ ഡിഫന്‍സ് വക്താവ് ബസാല്‍ പറഞ്ഞു.
അംഗീകരിക്കാന്‍ ഇനിയും ഗൗരവമേറിയ വിഷയങ്ങള്‍
ട്രംപിന്റെ 20ഇന പദ്ധതിയിലെ കൂടുതല്‍ നടപടികള്‍ ഇനിയും അംഗീകരിക്കേണ്ടതായുണ്ട്.യുദ്ധം അവസാനിച്ച ശേഷമുള്ള ഗാസ മേഖലയുടെ ഭരണം,ഇസ്രായേലിന്റെ നിരായുധീകരണ ആവശ്യം നിരസിച്ച ഹമാസിന്റെ ഭാവി എന്നിവ ഇനിയും തീ പാറുന്ന വിഷയങ്ങളാണ്.
അതിനിടെ ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങുന്ന പ്രദേശങ്ങളില്‍ സുരക്ഷാ സേനയെ വിന്യസിക്കുമെന്ന് ഹമാസ് നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇതിന്റെ മറവില്‍ സായുധ തീവ്രവാദികള്‍ ഗണ്യമായ തോതില്‍ തെരുവിലിറങ്ങുമോയെന്ന് വ്യക്തമല്ല. ഈ നീക്കത്തെ ഇസ്രായേല്‍ ഒരു പ്രകോപനമായി കണ്ടാല്‍ സ്ഥിതി മാറും.
ഈജിപ്തില്‍ നടക്കുന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച പോകുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തിങ്കളാഴ്ച അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനായി തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പോലീസും വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.