head1
head3

ബെല്‍ജിയം പ്രധാനമന്ത്രിയ്‌ക്കെതിരെ ജിഹാദിസ്റ്റുകളുടെ ആക്രമണം

ബ്രസല്‍സ് : ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട്ട് ഡി വെവറിനെ ലക്ഷ്യമിട്ട് പ്ലാന്‍ ചെയ്ത ജിഹാദിസ്റ്റ് ഡ്രോണ്‍ ഭീകരാക്രമണത്തിലുള്‍പ്പെട്ട മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു.ഇവരില്‍ രണ്ടുപേരെ ഫെഡറല്‍ പോലീസ് ചോദ്യം ചെയ്തു വരികയാണ്.ഇന്ന് അന്വേഷണ ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കും. മൂന്നാം പ്രതിയെ വിട്ടയച്ചു.

വടക്കന്‍ നഗരമായ ആന്റ്വെര്‍പ്പില്‍ നിന്നാണ് മൂവരെയും അറസ്റ്റ് ചെയ്തതെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ആന്‍ ഫ്രാന്‍സന്‍ പറഞ്ഞു.ജിഹാദിസ്റ്റ് ഭീകരാക്രമണമാണെന്ന് സ്ഥാപിക്കുന്ന ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.അറസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയുടെ നൂറ് മീറ്റര്‍ അകലെയുള്ള വീട്ടിലടക്കം നാല് കെട്ടിടങ്ങളില്‍ പോലീസ് പരിശോധന നടത്തി.

അറസ്റ്റിലായ ഒരാളുടെ വീട്ടില്‍ നിന്നും മെറ്റല്‍ പെല്ലറ്റുകള്‍ അടങ്ങിയ ബാഗിനൊപ്പം സ്ഫോടനം നടത്താന്‍ ഉപയോഗിക്കാവുന്ന ഉപകരണം കണ്ടെത്തി.രണ്ടാം പ്രതിയുടെ വീട്ടില്‍ നിന്ന് പോലീസ് ഒരു 3ഡി പ്രിന്റര്‍ കണ്ടെത്തി.ഇത് ആക്രമണം നടത്താനുള്ള വിവിധ ഘടകങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഡ്രോണില്‍ ഘടിപ്പിച്ച സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പ്രധാനമന്ത്രി ബാര്‍ട്ട് ഡി വെവറിനെയും മറ്റ് രാഷ്ട്രീയക്കാരെയും ആക്രമിക്കാനായിരുന്നു ശ്രമം.സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലില്‍ ഈ ശ്രമം തടയാന്‍ കഴിഞ്ഞു.

ഒരു പേലോഡ് വഹിക്കാന്‍ ശേഷിയുള്ള ഡ്രോണ്‍ നിര്‍മ്മിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു. പ്രധാനമന്ത്രി ഡി വെവര്‍ ഭീകരരുടെ ലക്ഷ്യമായിരുന്നെന്ന് പ്രധാനമന്ത്രിയുമായി അടുത്ത കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.ഈ വര്‍ഷം ആദ്യം അധികാരമേല്‍ക്കുന്നതിന് മുമ്പ് ആന്റ്വെര്‍പ്പിന്റെ മേയറായിരുന്നു ഇദ്ദേഹം.

ഈ വാര്‍ത്തയെ ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് വിദേശകാര്യ മന്ത്രി മാക്സിം പ്രെവോട്ട് വിശേഷിപ്പിച്ചു.ആക്രമണം തടഞ്ഞ സെക്യൂരിറ്റി സേവനങ്ങള്‍ക്കും ജുഡിഷ്യറിയ്ക്കും നന്ദി അറിയിക്കുന്നതായും ഇദ്ദേഹം പറഞ്ഞു.ഭീകര ഭീഷണി യഥാര്‍ത്ഥമാണെന്നും ജാഗ്രത പാലിക്കണമെന്നുമുള്ള ശക്തമായ ഓര്‍മ്മപ്പെടുത്തലാണിതെന്നും ഫാന്‍സന്‍ പറഞ്ഞു.പ്രതിരോധ മന്ത്രി തിയോ ഫ്രാങ്കനും ഡി വെവറിനുള്ള ഭീകരതയ്ക്കെതിരായ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ഡി വെവറിന് നേരെ മുമ്പും സമാനമായ അക്രമണ ഭീഷണികളുണ്ടായിട്ടുണ്ട്.2023ല്‍ ആന്റ്വെര്‍പ്പ് മേയറായിരിക്കെ അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.പ്രതികളിലൊരാള്‍ ഇസ്ലാമിക തീവ്ര വാദിയാണ്.2016ല്‍ ബെല്‍ജിയം വിമാനത്താവളത്തിലും മെട്രോ സംവിധാനത്തിലും നടന്ന ജിഹാദി ചാവേര്‍ ബോംബാക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാരീസില്‍ 130പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ സംഭവം നടന്നത്.ഇരു രാജ്യങ്ങളിലെയും ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.ബ്രസ്സല്‍സ് ബോംബാക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ ബെല്‍ജിയന്‍ വംശജനായ ഫ്രഞ്ച് പൗരന്‍ സലാ അബ്ദേസ്ലാം ശിക്ഷിക്കപ്പെട്ടിരുന്നു.പാരീസ് ആക്രമണം നടത്തിയ സെല്ലിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണിയാള്‍.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.