head3
head1

പ്രധാനമന്ത്രി പ്രതിക്കൂട്ടില്‍, ഫിനാഫാളില്‍ അടി’തുടങ്ങി, ബാലറ്റ് പേപ്പറില്‍ ‘ ജിം ഗാവിന്‍ ഉണ്ടാകും

ഡബ്ലിന്‍ : പിന്മാറിയെങ്കിലും ബാലറ്റ് പേപ്പറില്‍ ഫിനഫാളിന്റെ സ്ഥാനാര്‍ത്ഥിയായി ജിം ഗാവിന്‍ ഉണ്ടാകും.മത്സരത്തില്‍ നിന്ന് പിന്മാറിയെങ്കിലും ജിം ഗാവിന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബാലറ്റില്‍ കാണുമെന്ന് പ്രസിഡന്റ് റിട്ടേണിംഗ് ഓഫീസര്‍ സ്ഥിരീകരിച്ചു.

അദ്ദേഹത്തിന് ലഭിക്കുന്ന വോട്ടുകളും സാധാരണപോലെ കണക്കാക്കും.

ഞായറാഴ്ച രാത്രി വൈകിയാണ് ഏവരെയും ഞെട്ടിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതായി ഗാവിന്‍ പ്രഖ്യാപിച്ചത്.വാടകക്കാരനെ കബളിപ്പിച്ച് 3300യൂറോ സ്വന്തമാക്കിയെന്ന ആരോപണത്തെ തുടര്‍ന്നാണിത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള നിശ്ചിത സമയം കഴിഞ്ഞാണ് ഇദ്ദേഹത്തിന്റെ പ്രഖ്യാപനം വന്നത്. സെപ്തംബര്‍ 24നാണ് ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.ഇതിനകം സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാതറിന്‍ കോണോളി, ഫിനഗേലിന്റെ ഹീതര്‍ ഹംഫ്രീസ്, ഫിന ഫാളിന്റെ ജിം ഗാവിന്‍ എന്നീ മൂന്ന് സ്ഥാനാര്‍ത്ഥികളെയും ബാലറ്റ് പേപ്പറില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഗാവിനെ ബാലറ്റിലുള്‍പ്പെടുത്താനാകുമോ എന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റിട്ടേണിംഗ് ഓഫീസര്‍ അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.തുടര്‍ന്നാണ് ഗാവിനെ ബാലറ്റ് പേപ്പറില്‍ നിന്നുമൊഴിവാക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.വോട്ടെണ്ണല്‍ സാധാരണപോലെ നടക്കുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ പറഞ്ഞു.

ഇങ്ങനെയൊരാള്‍ എങ്ങനെ ഫിന ഫാള്‍ സ്ഥാനാര്‍ത്ഥിയായി?

ഡബ്ലിന്‍ : ഫിന ഫാളിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജിം ഗാവിനെ നോമിനേറ്റ് ചെയ്ത പാര്‍ട്ടി ലീഡര്‍ മാര്‍ട്ടിന്‍ പ്രതിക്കൂട്ടിലായിക്കഴിഞ്ഞു് . വരും നാളുകളില്‍ പാര്‍ട്ടിക്കെതിരായ കലാപത്തിന് ഈ വീഴ്ച കാരണമാകുമെന്നാണ് നിരീക്ഷണം.

വാടകയിനത്തില്‍ അമിതമായി കൈപ്പറ്റിയ തുക തിരികെ നല്‍കാത്ത ജിം ഗാവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ പാര്‍ട്ടിയുടെ പ്രതിച്ഛായയാകെ തകര്‍ത്തതില്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ കൊടിയ വിമര്‍ശനമാണ് മാര്‍ട്ടിന് നേരെയുണ്ടായത്. അതിനിടെ ഈ വാടക പ്രശ്നം മുമ്പ് അറിയില്ലെന്ന മാര്‍ട്ടിന്റെ പ്രഖ്യാപനവും പൊളിഞ്ഞു. പരാതിയുമായെത്തിയ നിയാം മക്ഡൊണാള്‍ഡ് തന്നെയാണ് ഈ വിഷയം ഫിന ഫാളിന്റെ ഉന്നത നേതാക്കളെ അറിയിച്ചിരുന്നെന്ന് വ്യക്തമാക്കിയത്.എന്നാല്‍ പ്രശ്നം പരിഹരിക്കാനോ തന്നോട് വിശദീകരണം ചോദിക്കാനോ ആരും തയ്യാറായില്ലെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു.

ആരും സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുവന്നില്ലെന്ന മാര്‍ട്ടിന്റെ വിശദീകരണവും പാര്‍ട്ടിയില്‍ ആരും മുഖവിലയ്ക്കെടുത്തില്ല. മുന്‍ പ്രധാനമന്ത്രി ബെര്‍ട്ടി അഹേര്‍ണ്‍, മുന്‍ മന്ത്രി മേരി ഹനാഫിന്‍ ഗായികയും പ്രചാരകയുമായ ബോബ് ഗെല്‍ഡോഫ് എന്നിവരെയൊക്കെ തള്ളിയാണ് മാര്‍ട്ടിന്‍ ജിംഗാവിനിലെത്തിയത്. പാര്‍ട്ടിയുടെ എംഇപി കെല്ലഹറിനെയും നിരാകരിച്ചു.

ഗാവിനെ മാര്‍ട്ടിന്‍ നേരിട്ട് തന്നെ മത്സര രംഗത്തിറക്കുകയായിരുന്നു. അതിനാല്‍ ആരും ഇദ്ദേഹത്തെ പ്രതിരോധിക്കാനും ഉണ്ടായില്ല. പാര്‍ട്ടിയില്‍ നേതൃമാറ്റത്തിനുള്ള ആവശ്യം പോലുമുയര്‍ന്നു.പല സീനിയേഴ്സും ഗാവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ അഭിപ്രായം തേടിയില്ലെന്ന നിരാശ യോഗത്തില്‍ പറഞ്ഞു.രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പാതിവഴിയില്‍ പുറത്തായതിലുള്ള ഞെട്ടലും അതൃപ്തിയും അംഗങ്ങള്‍ യോഗത്തില്‍ അക്കമിട്ടു.വലിയ നാണക്കേടാണ് പാര്‍ട്ടിക്ക് ഈ പ്രശ്നം ഉണ്ടാക്കിയത്.മാര്‍ട്ടിന്‍ ഒറ്റയാളാണ് ഗാവിനെ കൊണ്ടുവന്നതെന്ന ആരോപണമാണ് എല്ലാവരും ഉന്നയിച്ചത്.വേണ്ടത്ര ജാഗ്രതയും പരിശോധനയും എന്തുകൊണ്ടാണ് ഗാവിനെ തിരഞ്ഞെടുത്ത കാര്യത്തിലുണ്ടായില്ല. അതിന്റെ കാരണമെന്താണെന്ന ചോദ്യവും യോഗത്തിലുയര്‍ന്നു.

പാര്‍ലമെന്ററി യോഗത്തില്‍ വളരെ വികാരാധീനനായാണ് മാര്‍ട്ടിന്‍ പ്രതികരിച്ചത്. പാര്‍ട്ടിയോടുള്ള തന്റെ ആജീവനാന്ത പ്രതിബദ്ധതയെക്കുറിച്ചും മാര്‍ട്ടിന്‍ സംസാരിച്ചു.ക്ഷമാപണം നടത്തിയെങ്കിലും വരും നാളുകളില്‍ പാര്‍ട്ടിയില്‍ കലാപത്തിനുള്ള വഴി മരുന്നായി ജിം ഗാവിന്‍ പ്രശ്നം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വാടക പ്രശ്നം അറിഞ്ഞിരുന്നില്ല

കുറച്ച് ദിവസം അവധിയിലായിരുന്നതിനാല്‍ ഗാവിനോട് സംസാരിക്കാന്‍ കഴിഞ്ഞില്ലെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.എനിക്ക് അദ്ദേഹത്തോട് വളരെ സഹതാപമുണ്ട്.ഇത് അദ്ദേഹത്തിന് വളരെ ആഘാതമുണ്ടാക്കുന്നതാണ്. ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ് ഗാവിന്‍- മാര്‍ട്ടിന്‍ പറഞ്ഞു.വാടക പ്രശനം തനിക്കറിയില്ലായിരുന്നു.അറിഞ്ഞയുടന്‍ ഗാവിനോട് സംസാരിച്ചു.എന്നാല്‍ അത് അദ്ദേഹം നിഷേധിച്ചുവെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

സമ്മര്‍ അവധിക്ക് മുമ്പ് വരെ പാര്‍ട്ടിക്ക് മുന്നില്‍ ഒരു സ്ഥാനാര്‍ത്ഥിയും ഉണ്ടായിരുന്നില്ല. ജൂലൈ അവസാനം വരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പാര്‍ട്ടിയില്‍ ആരും താല്‍പ്പര്യമറിയിച്ചിരുന്നില്ലെന്നും മാര്‍ട്ടിന്‍ വിശദീകരിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.