head3
head1

അപ്രതീക്ഷിത ട്വിസ്റ്റ് : ജിം ഗാവിന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കി ഫിനഫാളിന്റെ സ്ഥാനാര്‍ത്ഥിയും മുന്‍ ജി എ എ മാനേജരുമായ ജിം ഗാവിന്‍ പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി.പാര്‍ട്ടി തന്നെയാണ് പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്.

ഒരു ദശാബ്ദം മുമ്പ് ഒരാളില്‍ നിന്നും വാടകയിനത്തില്‍ തെറ്റായി കൈപ്പറ്റിയ 3,300 യൂറോ തിരിച്ചടച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് മത്സരത്തില്‍ നിന്നും പിന്മാറാനുള്ള തീരുമാനം വന്നത്. ഇതു സംബന്ധിച്ച പത്രവാര്‍ത്തകള്‍ വന്നിരുന്നു. ഇത്, ‘ദി വീക്ക് ഇന്‍ പൊളിറ്റിക്സ്’ സംവാദത്തില്‍ വിവാദമായതോടെയാണ് സ്ഥാനാര്‍ഥിത്വം വേണ്ടെന്നുവെയ്ക്കാന്‍ ജിം ഗാവിന്‍ തീരുമാനിച്ചത്. ആരോപണത്ത ഫലപ്രദമായി ചെറുക്കാന്‍ ഗാവിന് കഴിഞ്ഞിരുന്നില്ല.

‘എന്റെ സ്വഭാവത്തിനും മാനദണ്ഡങ്ങള്‍ക്കും അനുസൃതമല്ലാത്ത തെറ്റ് ചെയ്തു. അത് പരിഹരിക്കുകയാണ്.എല്ലാ വശങ്ങളും പരിഗണിച്ച് കുടുംബത്തിലേയ്ക്കും സുഹൃത്തുക്കളിലേയ്ക്കും മടങ്ങുകയാണ്. മത്സരത്തിനില്ല’ ജിം ഗാവിന്‍ പ്രസ്താവനയില്‍ വിശദീകരിച്ചു.

ഡബ്ലിനിലെ ഇന്നര്‍ സിറ്റിയില്‍ ഗാവിനും ഭാര്യയ്ക്കുമുണ്ടായിരുന്ന അപ്പാര്‍ട്ട്മെന്റുകള്‍ പലര്‍ക്കും വാടകയ്ക്ക് നല്‍കിയിരുന്നു.2007നും 2009നുമിടയില്‍ അവിടെ താമസിച്ച ദമ്പതികള്‍ക്കാണ് അവര്‍ താമസം മാറിയപ്പോള്‍ പണം നല്‍കാതെ പോയത്.അന്നത്തെ സ്റ്റാന്റിംഗ് ഓര്‍ഡര്‍ അനുസരിച്ച് വിവിധ മാസങ്ങളിലെ വാടക ദമ്പതികളായ വാടകക്കാര്‍ കൂടുതലായി നല്‍കിയിരുന്നു. പണം തിരികെയാവശ്യപ്പെട്ട് ദമ്പതികള്‍ ഗാവിനെ പലതവണ ബന്ധപ്പെട്ടു.തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതല്ലാതെ പണം കൊടുത്തില്ല.

സംവാദത്തിനിടെ ഉയര്‍ന്ന ഈ ആരോപണം ഗാവിന്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. പകരം ‘അത് പരിശോധിക്കാമെന്ന മറുപടിയാണ് ഗാവിന്‍ നല്‍കിയത്. പിന്നീടാണ് മത്സരത്തില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്.16 വര്‍ഷങ്ങള്‍ക്ക് മുമ്പ്,വലിയ സാമ്പത്തിക പ്രതിസന്ധിയുടെ കാലമായിരുന്നു.ഈ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. അത് അടിയന്തിരമായി കൈകാര്യം ചെയ്യും.തിരുത്താന്‍ അവസരം ലഭിച്ചു.അങ്ങനെ സംഭവിച്ചതില്‍ എനിക്ക് വളരെ ഖേദിക്കുന്നു.തന്റെ പ്രചാരണത്തിലുടനീളം ലഭിച്ച പ്രോത്സാഹനത്തിനും നല്ല വാക്കുകള്‍ക്കും എല്ലാവരോടും നന്ദി പറയുന്നു ‘ഗാവിന്‍ പറഞ്ഞു. .

ഗാവിന്റേത് ശരിയായ തീരുമാനമാണെന്ന് ഫിനഫാള്‍ ലീഡര്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.’പ്രസിഡന്റ് പ്രചാരണത്തില്‍ നിന്ന് പിന്മാറുന്ന കാര്യം ഗാവിന്‍ തന്നെ അറിയിച്ചിരുന്നു.അദ്ദേഹത്തെ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു.രാജ്യത്തെ ഏറ്റവും ഉയര്‍ന്നതും പബ്ലിക് സര്‍വ്വീസിന്റെ ഉന്നത പദവിയുമാണ് പ്രസിഡന്റ്ഷിപ്പ്.അതിലേക്ക് വിവാദം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഗാവിന്‍ വളരെ ബുദ്ധിമുട്ടുള്ള ഈ തീരുമാനമെടുത്തത്.അയര്‍ലണ്ടിനും പൊതുസമൂഹത്തിനും അദ്ദേഹം തുടര്‍ന്നും ഗണ്യമായ സംഭാവന നല്‍കുമെന്നതില്‍ സംശയമില്ല’ മാര്‍ട്ടിന്‍ വ്യക്തമാക്കി.

അതിനിടെ ഇന്നലെ പുറത്തുവന്ന ഏറ്റവും പുതിയ സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ്/അയര്‍ലന്‍ഡ് തിങ്ക്സ് അഭിപ്രായ വോട്ടെടുപ്പില്‍ കാതറീന്‍ കൊണോലി 32% റേറ്റിംഗോടെ മുന്നിലായിരുന്നു.ഹംഫ്രീസിന് 23% , ഗാവിന് 15% എന്നിങ്ങനെയായിരുന്നു മറ്റ് റേറ്റിംഗുകള്‍.

ഇനി അങ്കം കാതറിന്‍ കോണോളിയും ഹീതര്‍ ഹംഫ്രീസും തമ്മില്‍

ഫിനഫാള്‍ തിരഞ്ഞെടുപ്പ് തന്ത്രത്തെ അപ്പാടെ അട്ടിമറിച്ചുകൊണ്ട് മത്സര രംഗത്ത് നിന്നും ജിം ഗാവിന്‍ പിന്മാറിയതോടെ വനിതയായിരിക്കും അയര്‍ലണ്ടിന്റെ അടുത്ത പ്രസിഡന്റെന്ന് ഉറപ്പായി.

സ്വതന്ത്ര ടിഡി കാതറിന്‍ കോണോളിയും ഫിന ഗേലിന്റെ ഹീതര്‍ ഹംഫ്രീസും തമ്മിലാകും ഇനി അങ്കം. ശക്തരായ രണ്ട് വനിതകള്‍ തമ്മിലുള്ള തീ പാറുന്ന പോരാട്ടത്തിനാകും ലോകം സാക്ഷിയാവുക.

അപ്രതീക്ഷിതമായ ജിം ഗാവിന്റെ പിന്മാറ്റം ഫിനഫാള്‍ രാഷ്ട്രീയത്തിലും ലീഡര്‍ മീഹോള്‍ മാര്‍ട്ടിനും വലിയ വെല്ലുവിളിയാകും ഉയര്‍ത്തുക. ഇദ്ദേഹത്തിന്റെ പ്രത്യേക താല്‍പ്പര്യമാണ് പാര്‍ട്ടിയിലെ ഉന്നതനെ പിന്തള്ളി ജിം ഗാവിനെ കളത്തിലിറക്കിയത്.അത് പൊളിഞ്ഞതോടെ പാര്‍ട്ടിയില്‍ ഒട്ടേറെ ചോദ്യങ്ങള്‍ മാര്‍ട്ടിന് നേരെ ഉയര്‍ന്നേക്കും.

ഇത്രയും ഉന്നതമായ പൊസിഷനിലേയ്ക്ക് പരിഗണിച്ച സ്ഥാനാര്‍ത്ഥിയുടെ ചരിത്രം വേണ്ട നിലയില്‍ പരിശോധിക്കാതെ പോയതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് മാര്‍ട്ടിന്‍ മറുപടി പറയേണ്ടി വരും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</

Leave A Reply

Your email address will not be published.