head1
head3

അയര്‍ലണ്ടിന്റെ തൊഴില്‍ വിപണി സ്ട്രോംഗാണ്… ഡബിള്‍ സ്ട്രോംഗ്

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ തൊഴില്‍ വിപണി കോവിഡിന് മുമ്പുള്ളതിനേക്കാള്‍ ശക്തമാണെന്ന് ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട്.കോവിഡില്‍ നിന്നും അയര്‍ലണ്ടിന്റെ തൊഴില്‍ വിപണിയെ വീണ്ടെടുക്കാനായെന്നും കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് തൊഴില്‍ നിരക്ക് നേടാനായെന്നും റിപ്പോര്‍ട്ട് പറയുന്നു..പരമ്പരാഗതമായി തൊഴില്‍ വിപണിയില്‍ നിന്നും അകന്നു നിന്ന സ്ത്രീകളുടെയും പ്രായമായ തൊഴിലാളികളുടെയും വര്‍ദ്ധിച്ച പങ്കാളിത്തവും എടുത്തുപറയേണ്ടതാണ്.കുടിയേറ്റവും തൊഴില്‍ വിപണിയിലെ പങ്കാളിത്തം വര്‍ദ്ധിച്ചതുമാണ് തൊഴില്‍ വിപണിയുടെ ഉണര്‍വ്വിന് കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ശരാശരി ജോലി സമയത്തിലെ കുറവ് തൊഴില്‍ ശക്തിയുടെ വികാസത്തിന് മങ്ങലേല്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.റിമോട്ട് വര്‍ക്കിംഗായിരിക്കാം ഇതിന്റെ കാരണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ശരാശരി ജോലി സമയത്തിലെ കുറവും വീണ്ടെടുത്തു

1998നും 2009നുമിടയില്‍ ശരാശരി ജോലി സമയം കുറഞ്ഞിരുന്നു. ആഴ്ചയില്‍ ഏകദേശം 37ല്‍ നിന്ന് 32 മണിക്കൂറായാണ് (13%) കുറഞ്ഞത്.സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷം ഇത് വീണ്ടും വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.പാന്‍ഡെമിക്കിന് (2015-2019) മുമ്പുള്ള വര്‍ഷങ്ങളില്‍ ശരാശരി ജോലി സമയം 3.5% വര്‍ദ്ധിച്ചു.ഈ കാലയളവില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളില്‍ ശരാശരി ജോലി സമയം കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

പാന്‍ഡെമിക്കിനെത്തുടര്‍ന്ന് 2020ല്‍ ശരാശരി ജോലി സമയം 7% ത്തിലധികമാണ് കുറഞ്ഞത്.സമ്പദ്വ്യവസ്ഥ വീണ്ടും തുറന്നെങ്കിലും ശരാശരി ജോലി സമയം വീണ്ടെടുക്കാനായില്ല. 2019ലെ നിലവാരത്തേക്കാള്‍ 7% താഴെയായിരുന്നു കഴിഞ്ഞ വര്‍ഷമിത്.ഇതേ നിലവാരത്തിലുള്ള ലേബര്‍ ഇന്‍പുട്ട് ലഭിക്കുന്നതിന് മുമ്പത്തേക്കാള്‍ 7% കൂടുതല്‍ ജീവനക്കാര്‍ ആവശ്യമായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു.എന്നിരുന്നാലും, ഈ കാലയളവില്‍ ആകെ ജോലി സമയം 10% വര്‍ദ്ധിച്ചു. ജനസംഖ്യയിലെ വര്‍ദ്ധനവും തൊഴില്‍ വിപണി പങ്കാളിത്തം കൂടിയതും ശരാശരി ജോലി സമയത്തിലെ ഇടിവിനെ നികത്തിയെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

സ്വാഗതം ചെയ്ത് ധനമന്ത്രി

തൊഴില്‍ വിപണി പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍ ശക്തമായ നിലയിലെത്തിയത് വളരെ സ്വാഗതാര്‍ഹമാണെന്ന് റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത ധനമന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.മൂന്ന് വര്‍ഷമായി റെക്കോര്‍ഡ് തൊഴില്‍ നിലവാരം നേടാന്‍ നമുക്കായി.തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തില്‍ താഴെയാക്കാനുമായി. സ്ത്രീ തൊഴിലാളികളുടെ റെക്കോര്‍ഡ് പങ്കാളിത്തം ഈ വീണ്ടെടുക്കലിന് ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആശങ്ക തുടരും,അയര്‍ലണ്ട് പണി തുടരും
ട്രംപിന്റെ താരീഫ് നയത്തിലെ ആശങ്ക അയര്‍ലണ്ടിനെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും ,ബദല്‍ മാര്‍ഗങ്ങളിലൂടെ അയര്‍ലണ്ട് അതിനെ തരണം ചെയ്യുമെന്ന പ്രത്യാശയും മന്ത്രി പ്രകടിപ്പിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.