head1
head3

ഏറ്റവും വലിയ അടി അയര്‍ലണ്ടിന് , ഉറക്കം നഷ്ടപ്പെട്ട് യൂറോപ്പ്യന്‍ സഖ്യം, പ്രതീക്ഷ കൈവിടാതെ ചര്‍ച്ചകള്‍

ഡബ്ലിന്‍ : യു എസ് താരിഫ് ഭീഷണിക്കും അതുയര്‍ത്തുന്ന ആശങ്കകളിലും പുതുക്കിയ കരാറിലെത്തുമെന്ന പ്രതീക്ഷ കൈവിടാതെ അയര്‍ലണ്ട്.താരിഫ് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇ യുവിന് മേല്‍ 30% താരിഫെന്ന് ചൂണ്ടിക്കാട്ടി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കത്ത് കിട്ടുന്നത്.സത്യത്തില്‍ ഈ കത്ത് അയര്‍ലണ്ടടക്കമുള്ള ഇ യു രാജ്യങ്ങളെ ഞെട്ടിച്ചു. 10% താഴെയൊരു താരിഫാണ് ഇ യു പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ മറിച്ചാണ് സംഭവിച്ചത്.ഈ സംഭവവികാസങ്ങില്‍ അയര്‍ലണ്ടിലെ ഭരണ പ്രതിപക്ഷ നേതാക്കളാകെ ആശങ്കയിലാണ്.അതിനിടെ 30% താരിഫ് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച്, ചര്‍ച്ച ചെയ്യാന്‍ ഇന്ന് വാഷിംഗ്ടണിലെ ഐറിഷ് എംബസി വിവിധ യു എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ യോഗം വിളിച്ചിട്ടുണ്ട്.

താരിഫ് 10 % വന്നാല്‍പ്പോലും അയര്‍ലണ്ടിനെ അത് വളരെ ദോഷകരമായി ബാധിക്കും.ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലടക്കം നിരവധി യു എസ് കമ്പനികള്‍ അയര്‍ലണ്ടിലുണ്ട്.അവയൊക്കെ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന നിലയുണ്ടാകും.പതിനായിരക്കണക്കിന് തൊഴിലാളികളെ തൊഴില്‍ രഹിതരാക്കുമെന്നൊക്കെയുള്ള ആശങ്കകളുണ്ട്.മരുന്നുകളുടെ ക്ഷാമവും വിലക്കയറ്റത്തിനും സാധ്യതയുണ്ട്.

അയര്‍ലണ്ടിന്റെ സാമ്പത്തിക വ്യവസ്ഥയെ പ്രശ്നത്തിലാക്കുമെന്ന് ആശങ്കയാണ് വിദേശകാര്യമന്ത്രി സൈമണ്‍ ഹാരിസ് പങ്കുവെയ്ക്കുന്നത്.30% താരിഫുകളുടെ ആഘാതം അസാധാരണമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കത്ത് വന്നുവെങ്കിലും അത് അന്തിമമാണെന്ന് കണക്കാക്കാനാവില്ല. പുതിയ കരാറിനായി ശക്തമായ ശ്രമമുണ്ടാകണമെന്ന് ഹാരിസ് പറഞ്ഞു.അയര്‍ലണ്ടിലും യൂറോപ്പിലും അമേരിക്കയിലും തൊഴിലവസരങ്ങളും സാമ്പത്തിക സ്ഥിരതയും സംരക്ഷിക്കാന്‍ കഴിയുന്ന ഒരു കരാറാണ് നമുക്ക് വേണ്ടത്. അതിനുള്ള ശ്രമം തുടരണമെന്നും ഹാരിസ് പറഞ്ഞു.

ട്രംപിന്റെ താരിഫ് ഭീഷണികള്‍ യു എസുമായുള്ള വ്യാപാര കരാറിന് മറ്റ് രാജ്യങ്ങളെ സമ്മര്‍ദ്ദം ചെലുത്താനുമുള്ള ശ്രമമാണെന്നാണ് കരുതുന്നതെന്നും ഹാരിസ് പറഞ്ഞു.അതുവഴി രാജ്യങ്ങളെ ചര്‍ച്ചയ്ക്ക് തയ്യാറാക്കുന്നതും ട്രംപിന്റെ ലക്ഷ്യമാണെന്നും ഹാരിസ് അഭിപ്രായപ്പെട്ടു. 30% താരിഫ് വന്നാലുള്ള കുഴപ്പങ്ങളെക്കുറിച്ച് ജനങ്ങളോട് തുറന്നുപറയണമെന്നും ഹാരിസ് ആവശ്യപ്പെട്ടു.അയര്‍ലണ്ടും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തെ ഇത് പൂര്‍ണ്ണമായും മാറ്റും.വലിയ തൊഴില്‍ നഷ്ടം അയര്‍ലണ്ടിനുണ്ടാകും.

ഇയുവിനും യു എസിനും ഫാര്‍മയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ വലിയ സാധ്യതയാണുള്ളത്.ഫാര്‍മയെക്കുറിച്ച് തെറ്റായി സങ്കല്‍പ്പിച്ചുകൊണ്ട് എന്തെങ്കിലും ചെയ്യാന്‍ യുഎസ് തീരുമാനിച്ചാല്‍ അത് അയര്‍ലണ്ടിന് മാത്രമല്ല, അറ്റ്ലാന്റിക് മേഖലയിലുടനീളമുള്ള രോഗികള്‍ക്കും ആഗോള വിതരണ ശൃംഖലകള്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് കരുതുന്നതായി ഹാരിസ് പറഞ്ഞു.അതിനാല്‍ ഒരുമിച്ചു നിന്ന് ഈ വെല്ലുവിളിയെ നേരിടണമെന്നും ഹാരിസ് പറഞ്ഞു.

വികസനത്തെ ബാധിക്കുമെന്ന് പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി

യുഎസിന്റെ 30% വ്യാപാര താരിഫ് ഐറിഷ് സമ്പദ്വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി ജാക്ക് ചേംബേഴ്‌സ് പറഞ്ഞു.ബജറ്റ് ആസൂത്രണത്തെപ്പോലും അത് അപകടത്തിലാക്കും.ചെലവുകളെ വെട്ടിക്കുറയ്ക്കേണ്ടതായും ഐറിഷ് സമ്പദ്വ്യവസ്ഥയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകളും പരിഹരിക്കേണ്ടതായി വരും. 30% താരിഫ് എന്ന ട്രംപിന്റെ ഭീഷണിഗതാഗതം, ഊര്‍ജ്ജം, ഭവന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ പുരോഗതിയെയൊക്കെ ഇത് ബാധിക്കും. 10% കുറഞ്ഞ താരിഫ് നേടിയെടുക്കാന്‍ കഴിയുമോയെന്ന് വ്യക്തമല്ലെന്ന് ചേംബേഴ്സ് പറഞ്ഞു.ചര്‍ച്ച നടന്നുവരികയാണ്.പരസ്പരം പ്രയോജനപ്പെടുന്ന കരാര്‍ ഉറപ്പാക്കാന്‍ യൂറോപ്യന്‍ കമ്മീഷനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആശങ്കകള്‍ പങ്കുവെച്ച് ലേബറും ആന്റുവും

30% താരിഫ് ഏര്‍പ്പെടുത്തുന്നത് യൂറോപ്യന്‍ യൂണിയനും യു എസും തമ്മിലുള്ള വ്യാപാരം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് ലേബര്‍ ടിഡി ജോര്‍ജ്ജ് ലോലര്‍ പറഞ്ഞു.

രാജ്യം ഇപ്പോള്‍ നേരിടുന്നത് , ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ആന്റു നേതാവ് പീഡാര്‍ ടോബിന്‍ മുന്നറിയിപ്പ് നല്‍കി.താരിഫ് യുദ്ധം പതിനായിരക്കണക്കിന് ആളുകളെ നശിപ്പിക്കുമെന്ന് ടോബിന്‍ പറഞ്ഞു. യു എസ് താരിഫ് യുദ്ധം ഏറ്റവും കൂടുതല്‍ ദോഷമുണ്ടാക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്.കഴിഞ്ഞ വര്‍ഷം നമ്മള്‍ 72.6 ബില്യണ്‍ യൂറോയുടെ ചരക്കുകളാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തു.നമ്മുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അയര്‍ലണ്ടിന് യു എസിന്മേലുള്ള സ്വാതന്ത്ര്യവും സ്വാധീനവും ഉപയോഗിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്പിന് വേണ്ടി നിലകൊള്ളേണ്ട താത്പര്യം അയര്‍ലണ്ടിന്റെ താത്പര്യത്തെ ഹനിച്ചുകൊണ്ടായിരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.