head1
head3

മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനത്തിന് മുന്നോടിയായി വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയില്‍

വത്തിക്കാന്‍ : വത്തിക്കാന്‍ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന സ്റ്റേറ്റ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാലഗര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു.ഇന്ത്യയില്‍ ഒരാഴ്ച നീണ്ട സന്ദര്‍ശനമാരംഭിച്ചതായി വത്തിക്കാന്‍ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.

വത്തിക്കാനും ഇന്ത്യയുമായുള്ള സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനാണ് സന്ദര്‍ശമെന്നാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് വ്യക്തമാക്കിയത്. എന്നാല്‍ ഏതുവിധത്തിലുള്ള നയതന്ത്ര ഇടപെടലാണ് നടത്തുകയെന്നൊന്നും വ്യക്തമായിട്ടില്ല. ഇന്ത്യയിലെ ഗല്ലാഗറിന്റെ ഷെഡ്യൂള്‍ ഇനിയും ലഭ്യമായിട്ടില്ല, സുരക്ഷാ കാരണങ്ങളാലോ അപ്പോയിന്റ്മെന്റുകള്‍ അന്തിമമാക്കാത്തതിനാലോ ആയിരിക്കാമിതെന്നാണ് കരുതുന്നത്.

ആര്‍ച്ച് ബിഷപ്പ് ഇന്ത്യയില്‍ ആരെയാണ് കാണുക. ഏതുതരം വിഷയമാണ് ഉന്നയിക്കുക,സഹകരണം ശക്തിപ്പെടുത്തുന്നത് എങ്ങനെയാകും ഈ ചോദ്യങ്ങള്‍ക്കൊന്നും പ്രഖ്യാപനം ഉത്തരം നല്‍കിയിട്ടില്ല.എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഈ സന്ദര്‍ശനത്തിന് പിന്നിലുള്ളതായി നിരീക്ഷിക്കപ്പെടുന്നുണ്ട്.

പ്രധാനമന്ത്രിയെ കാണുമോ ?

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ആര്‍ച്ച് ബിഷപ്പ് കൂടിക്കാഴ്ച നടത്തുമോ എന്നതാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. സാധാരണ നിലയില്‍ മോഡി, വിദേശ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തില്ല.എന്നാല്‍ ഗാലഗറുമായി കൂടിക്കാഴ്ചയുണ്ടായാല്‍ അത് വത്തിക്കാനുമായുള്ള മോദിയുടെ ശക്തമായ ബന്ധത്തിന്റെ സൂചനയാകും.

2021ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനിലെത്തിയപ്പോള്‍ ആര്‍ച്ച് ബിഷപ്പ് ഗലാഗറെ കണ്ടിരുന്നു.പോപ്പിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ മോഡി ക്ഷണിച്ചു.2024ല്‍ ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ ഇരുവരും വീണ്ടും കണ്ടുമുട്ടി. അപ്പോള്‍ മോദി തന്റെ ക്ഷണം പുതുക്കി. ഫ്രാന്‍സിസ് പോപ്പിന്റെ മരണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കാനും മോഡി സര്‍ക്കാര്‍ തയാറായി.

 വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ചയുണ്ടാകും

ആര്‍ച്ച് ബിഷപ്പ് ഗല്ലാഗര്‍ മോഡിയുമായി കൂടിക്കാഴ്ചയുണ്ടായില്ലെങ്കില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നേരില്‍ക്കാണുമെന്നുറപ്പാണ്. രാഷ്ട്രീയ നേതാക്കളുമായുള്ള ചര്‍ച്ചകളില്‍, ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളോടുള്ള സമീപനം ആര്‍ച്ച് ബിഷപ്പ് ഉന്നയിക്കാനിടയുണ്ട്. 2024 ജൂണില്‍ മോഡി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള 12 മാസത്തിനുള്ളില്‍ 947 വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടന്നതായി ന്യൂഡല്‍ഹി ആസ്ഥാനമായ മനുഷ്യാവകാശ സംരക്ഷണ ഗ്രൂപ്പായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട് പറയുന്നു.

28 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്ന 14ലും ഇത്തരം സംഭവങ്ങള്‍ വ്യാപകമാണ്.2023ല്‍ ബി ജെ പി ഭരിക്കുന്ന മണിപ്പൂരിലുണ്ടായ ക്രിസ്ത്യന്‍ വിരുദ്ധ അക്രമങ്ങളെക്കുറിച്ചും ഗല്ലാഗര്‍ ചര്‍ച്ചകളില്‍ പരാമര്‍ശിച്ചേക്കാം. 2025 ഫെബ്രുവരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും ഇടയ്ക്കിടെ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്.ആര്‍ച്ച് ബിഷപ്പ് ഗല്ലാഗറിന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഹിന്ദു, മുസ്ലീം നേതാക്കളുമായുള്ള കൂടിക്കാഴ്ചകളുണ്ടായേക്കും.

പ്രൊട്ടസ്റ്റന്റുകാരും പുരാതന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളിലെ അംഗങ്ങളും ഉള്‍പ്പെടുന്ന വരുമായും ഗല്ലാഗര്‍ കൂടിക്കാഴ്ച നടത്തിയേക്കും.ഇന്ത്യയിലെ മൂന്ന് പ്രധാന കത്തോലിക്കാ സമൂഹങ്ങളായ ലാറ്റിന്‍ സഭ, സീറോ-മലബാര്‍ സഭ, സീറോ-മലങ്കര സഭ എന്നിവിടങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരുമായും ആര്‍ച്ച് ബിഷപ്പ് ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്.

ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചുള്ള ലാറ്റിന്‍ സഭാ ബിഷപ്പുമാരുടെയും സീറോ-മലബാറിന്റെയും വ്യത്യസ്ത വീക്ഷണങ്ങള്‍ ഗല്ലാഗറുമായി പങ്കുവെച്ചേക്കും.കിസ്ത്യന്‍ വിരുദ്ധ അക്രമത്തിന് സാധ്യതയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളം വിശ്വാസികളുള്ളതിനാല്‍ ബി.ജെ.പിയുടെ നീക്കങ്ങളില്‍ ലാറ്റിന്‍ സഭാ നേതാക്കള്‍ ഏറെ സംശയാലുക്കളാണ്. കേരളത്തിലാണ് സിറോ-മലബാര്‍ ബിഷപ്പുമാര്‍ കൂടുതലുമെന്നതിനാല്‍ അവര്‍ പാര്‍ട്ടിയോട് കൂടുതല്‍ തുറന്ന സമീപനം സ്വീകരിച്ചേക്കാനുമിടയുണ്ട്.

കേരള നിയമസഭാ ഇലക്ഷന്‍ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കമോ

വരുന്ന കേരള നിയമസഭാ ഇലക്ഷന്‍ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കമാണോ ഇതെന്ന് സംശയിക്കുന്നവരേറെയാണ്.2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പാണ് ബിജെപിയുടെ ഇപ്പോഴത്തെ ലക്ഷ്യം. ഇടത് വലത് മുന്നണികളെ തകര്‍ത്ത് കേരളത്തില്‍ ഭരണം പിടിക്കാമെന്നാണ് ബിജെപി കരുതുന്നത്.2026 മെയ് മാസത്തിന് മുമ്പ് തിരഞ്ഞെടുപ്പ് നടക്കും.അതിന് മുമ്പ് മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ഉണ്ടാകണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്.ഇതിന് വേദിയൊരുക്കാനാണോ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനമെന്ന് സംശയവും ഉയരുന്നു.എന്നാല്‍ സാധാരണയായി തിരഞ്ഞെടുപ്പ് കാലത്ത് മാര്‍പ്പാപ്പയുടെ സന്ദര്‍ശനങ്ങള്‍ വത്തിക്കാന്‍ ഷെഡ്യൂള്‍ ചെയ്യാറില്ല.അതിനാല്‍ ഇത്തരമൊരു ക്ഷണം മാര്‍പ്പാപ്പയും വത്തിക്കാനും നിരസിക്കാനിടയുണ്ട്.

മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന്റെ രാഷ്ട്രീയം

മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന് ഒട്ടേറെ മതപരവും സാമൂഹിക പരവും രാഷ്ട്രീയപരവുമായ മാനങ്ങളും നിരീക്ഷകര്‍ കാണുന്നുണ്ട്. പ്രധാനമന്ത്രിയുമായി സ്നേഹബന്ധം ഉണ്ടായിരുന്നിട്ടും ഇന്ത്യ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തയ്യാറായിരുന്നില്ല.ഹിന്ദു ദേശീയ പാര്‍ട്ടിയായ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് നിന്നുകൊടുക്കേണ്ടെന്ന കാഴ്ചപ്പാട് ഇതിന് പിന്നിലുണ്ടായിരുന്നെന്ന് കരുതുന്നവരുണ്ട്.

ഒട്ടേറെ ഇന്ത്യന്‍ കത്തോലിക്കര്‍ ബിജെപിയെ ശത്രുവായും ക്രിസ്ത്യന്‍ ന്യൂനപക്ഷ ആശങ്കകളോട് നിസ്സംഗത പുലര്‍ത്തുന്നവരായുമാണ് കാണുന്നത്. അതേസമയം, ചില ഹിന്ദു ദേശീയവാദികള്‍, മാര്‍പ്പാപ്പയുടെ സന്ദര്‍ശനം ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനത്തിന് പ്രചോദനമാകുമെന്ന് ഭയവും പങ്കുവെയ്ക്കുന്നു.

എന്നാല്‍ ആഭ്യന്തര എതിര്‍പ്പുകളെ അവഗണിച്ചും കത്തോലിക്കാ വോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നീക്കം.2024ല്‍ ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ ആദ്യമായി പാര്‍ലമെന്റ് അംഗത്തെ നേടിയതിനെ ചരിത്രപരമായ മുന്നേറ്റമായാണ് പാര്‍ട്ടി കാണുന്നത്.ഈ നേട്ടം കേരള നിയമസഭയില്‍ ആവര്‍ത്തിക്കാനുള്ള രാഷ്ട്രീയ അന്തരീക്ഷമൊരുക്കുന്നതിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന സൂചനയുമുണ്ട്.2017ലും 2021 ലും 2024 ലും മാര്‍പ്പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ മോഡി പ്രേരിപ്പിച്ചിരുന്നു.

പിന്നാലെ മാര്‍പ്പാപ്പയുടെ സന്ദര്‍ശനവും

മോദി-ഗാലഗറുമായുള്ള കൂടിക്കാഴ്ച ഇന്ത്യയിലേക്കുള്ള ഒരു മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നാണ് കരുതുന്നത്. നിലവില്‍, ലിയോ മാര്‍പ്പാപ്പ ഈ വര്‍ഷം ഒരു വിദേശ യാത്ര മാത്രമേ പ്ലാന്‍ ചെയ്തിട്ടുള്ളു.നിസീന്‍ കൗണ്‍സിലിന്റെ 1,700ാം വാര്‍ഷികം ആഘോഷിക്കാന്‍ തുര്‍ക്കിയിലേക്കാണിത്.ആദ്യകാല ക്രിസ്ത്യന്‍ ചരിത്രത്തിലെ നിര്‍ണായക നിമിഷമാകുമിത്.

ലിയോ പതിനാലാമന്റെ രണ്ടാമത്തെ വിദേശ സന്ദര്‍ശനത്തിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരം ഇതിനകം തന്നെ ചൂടുപിടിക്കുകയാണ്.യു.എസ്., പെറു എന്നീ പേരുകളാണ് സന്ദര്‍ശനത്തിനായി പറയുന്നത്. എന്നാല്‍ ഇന്ത്യയും ഈ കൂട്ടത്തിലുണ്ടായേക്കുമെന്നാണ് കേള്‍ക്കുന്നത്.

1964ല്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ഇന്ത്യയിലെത്തിയിരുന്നു.1986 ലും 1999ലും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും ഇന്ത്യ സന്ദര്‍ശിച്ചു. എന്നാല്‍ അതിനുശേഷം സന്ദര്‍ശനമുണ്ടായിട്ടില്ല.വെറും മൂന്ന് മില്യണ്‍ കത്തോലിക്കരുള്ള സ്ലൊവാക്യയില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ (2003 ലും 2021 ലും) രണ്ട് പാപ്പാമാര്‍ സന്ദര്‍ശിച്ചു. അതേസമയം ഇന്ത്യയ്ക്ക് അങ്ങനെയൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ സന്ദര്‍ശനത്തിന് ശക്തമായി വാദിക്കുന്നവരുണ്ട്.

ഇന്ത്യയും ക്രൈസ്തവരും

23 മില്യണ്‍ ഇന്ത്യന്‍ കത്തോലിക്കരാണുള്ളത്.ഏറ്റവും കൂടുതല്‍ കത്തോലിക്കാ ജനസംഖ്യയുള്ള 20 രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ത്യയെ അടയാളപ്പെടുത്തുന്നത് ബെല്‍ജിയം, അയര്‍ലണ്ട്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ കത്തോലിക്കാ ജനസംഖ്യയെക്കാള്‍ കൂടുതലാണിത്.എന്നിരുന്നാലും 2% വരുന്ന ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമാണ്.ഇവിടെ 80% ഹിന്ദുക്കളും 14% മുസ്ലിങ്ങളുമാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.