ഡബ്ലിന്‍ : എ ഐയുടെ കടന്നുവരവ് രാജ്യത്തിന്റെ തൊഴില്‍രംഗത്തെ ദോഷകരമായി സ്വാധീനിക്കുമെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയില്‍ എ ഐ ചുമതലയുള്ള സഹമന്ത്രി നിയാം സ്മിത്താണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
എ ഐ വന്‍ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്നും മന്ത്രി സമ്മതിച്ചു.എ ഐ വന്നതോടെ ധനകാര്യ മേഖലകളിലെ പ്രധാന സ്ഥാപനങ്ങള്‍ അക്കൗണ്ടന്‍സി ബിരുദധാരികളെ നിയമിക്കുന്നതില്‍ ഗണ്യമായ കുറവു വരുത്തിയെന്ന് റിക്രൂട്ട്മെന്റ് സ്ഥാപനമായ മോര്ഗന് മക്കിന്‍ലി അയര്‍ലണ്ടിന്റെ എംപ്ലോയ്മെന്റ് മോണിറ്ററും വ്യക്തമാക്കി.
എഫ് എസ് യുവും തിങ്ക് ടാങ്ക് ടി എ എസ് സിയും അടുത്തിടെ നടത്തിയ സര്‍വേയില്‍ ധനകാര്യ സര്‍വ്വീസ് മേഖലയിലെ ജീവനക്കാര്‍ക്കിടയില്‍ എ ഐ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു.ഇതു സംബന്ധിച്ച ആശങ്കകളും പാര്‍ലമെന്ററി സമിതിയില്‍ അംഗങ്ങള്‍ ഉന്നയിച്ചു.എ ഐയുടെ വരവ് ജീവനക്കാരെ എങ്ങനെ ബാധിക്കും, എങ്ങനെ ഇവരെ പുനര്വിന്യസിക്കുമെന്നൊക്കെ ആലോചിക്കണമെന്ന് കമ്മിറ്റിയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.അതിനിടെ എ ഐ ബി, മൈക്രോസോഫ്റ്റ് അയര്ലണ്ടുമായി ചേര്‍ന്ന് ജീവനക്കാര്‍ക്കായി പ്രധാന എ ഐ റോള്‍ഔട്ട് പ്രഖ്യാപിച്ചതും ട്രേഡ് യൂണിയനുകളെ ആശങ്കയിലാക്കി.ഇതിനെതിരെ എഫ് എസ് യുവും രംഗത്തുവന്നിട്ടുണ്ട്.
എംപ്ലോയ്മെന്റ് മോണിറ്റര്‍ നല്കുന്ന സൂചന
അക്കൗണ്ടന്‍സി, ധനകാര്യ മേഖലകളില്‍, എ ഐ, ഓട്ടോമേഷന്‍ എന്നിവയുടെ ഗണ്യമായ സ്വാധീനമുണ്ടെന്ന് എംപ്ലോയ്മെന്റ് മോണിറ്റര്‍ പറയുന്നു.ബിരുദധാരികളെ നിയമിക്കുന്നതില്‍ ഗണ്യമായ കുറവുണ്ടെന്ന് മോണിറ്റര്‍ ചൂണ്ടിക്കാട്ടുന്നു.വരാനിരിക്കുന്ന വലിയ വെല്ലുവിളികളെയാണിത് കാണിക്കുന്നത്.
പേയബിള്‍ അക്കൗണ്ടുകള്‍, റിസൂവബിള് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കണ്ട്രോള്, പേ റോള്‍ തുടങ്ങിയ പതിവ് ജോലികളിലാണ് കമ്പനികള്‍ എ ഐ ഉപയോഗപ്പെടുത്തുന്നത്.എ ഐ വഴി ചെറിയ ജോലികള്‍ ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതിനാല്‍ ചില കമ്പനികള്‍ ബിരുദധാരികളെ കുറയ്ക്കുന്നത്.എന്‍ട്രി ലെവല്‍, ആവര്‍ത്തിച്ചുള്ള ജോലികള്‍ തുടങ്ങിയവയൊക്കെ മുമ്പ് ബിരുദധാരികളാണ് ചെയ്തിരുന്നത്.ഇപ്പോള്‍ ഇതെല്ലാം എ ഐ ഉപയോഗിച്ചാണ് പല കമ്പനികളും ചെയ്യുന്നത്.
മിഡ്-ലെവല്‍ പ്രൊഫഷണലുകളുടെ ക്ഷാമം
പരിചയസമ്പന്നരായ മിഡ്-ലെവല്‍ പ്രൊഫഷണലുകളുടെ ക്ഷാമത്തെക്കുറിച്ച് ആശങ്കകളുയരുന്നുണ്ട്. ഭാവിയിലെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളെയും വളര്‍ച്ചയെയും ഇത് ബാധിച്ചേക്കാമെന്ന് മോണിറ്റര്‍ പറയുന്നു.
ഇന്നത്തെ ബിരുദധാരികളാണ് നാളത്തെ പ്രധാന സ്റ്റാഫ് അംഗങ്ങളും മിഡില്‍-മാനേജര്‍മാരും എക്സിക്യൂട്ടീവുകളുമൊക്കെയായി മാറുന്നത്. ബിരുദധാരികളെ നിയമനം കുറയ്ക്കുന്നതിലൂടെ ഭാവിയിലെ കഴിവുള്ള ജീവനക്കാരെ നഷ്ടപ്പെടുത്തുകയാണെന്ന് മോണിറ്റര്‍ ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ കമ്പനികള്‍ക്കാവശ്യമായ മിഡില്‍ മാനേജ്മെന്റിനെയും മേല്‍നോട്ട ഗ്രൂപ്പിനെയുമാണ് ഇത് ബാധിക്കുകയെന്ന മുന്നറിയിപ്പ് ഇത് നല്കുന്നു.
പരിഹാരവും ഇവിടെയുണ്ട്
ഇത് പരിഹരിക്കുന്നതിന് ബിരുദധാരികള്‍ക്ക് എ ഐ മോഡലുകളെ നിയന്ത്രിക്കാനും മേല്‍നോട്ടം വഹിക്കാനുമുള്ള ശേഷി ആര്‍ജ്ജിക്കേണ്ടതുണ്ട്.അതിനുള്ള സാങ്കേതികപരിജ്ഞാനം നേടേണ്ടതുണ്ട്.ഇത് സ്വായത്തമാക്കിയാല്‍ എ ഐയുടെ ഉയര്‍ച്ച തൊഴില്‍ വിപണിയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാം. ഡാറ്റ എന്‍ജിനീയര്‍മാരെ പോലുള്ള റോളുകളില്‍ നിയമനം വര്‍ദ്ധിക്കുന്ന സ്ഥിതിയുമുണ്ടാകും.
എ ഐ ബി പരീക്ഷണം
ഈ ആഴ്ച ആദ്യമാണ് എ ഐ ബി ജീവനക്കാര്‍ക്കായി എ ഐ ടൂളുകള്‍ പുറത്തിറക്കിയത്.ബജറ്റ് റി കണ്‍സീലിയേഷന്‍, ഡോക്യുമെന്റ് റിവ്യു,ഫസ്റ്റ് പാസ്റ്റ് ഓഡിറ്റ് പരിശോധനകള്‍ എന്നിവയൊക്കെ ചെയ്യാന്‍ ഈ ടൂളുകള്‍ക്ക് കഴിയും.മുന്‍ പരിചയമുള്ള ബിരുദധാരികള്‍ക്ക് മുമ്പ് ചെയ്തിരുന്നതാണ് ഈ ജോലികള്‍ .
ഔട്ട്ലുക്ക്, വേഡ്, എക്സല്‍, ടീമുകള്‍, പവര്‍പോയിന്റ് തുടങ്ങിയ ദൈനംദിന ടൂളുകളില്‍ എ ഐയെ ഉള്‍പ്പെടുത്തുന്നതാണ് എ ഐ ബിയുടെ മൈക്രോസോഫ്റ്റ് 365 കോപൈലറ്റ് വിന്യാസ പദ്ധതി.
യൂണിയന്റെ ആശങ്ക
യൂണിയനുകളുമായി ഔപചാരിക കരാറിലെത്താതെ എ ഐ ബി നടത്തിയ പ്രഖ്യാപനത്തില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് യൂണിയന് ആശങ്കയറിയിച്ചു.സ്ഥലംമാറ്റവും തൊഴില്‍ നഷ്ട സാധ്യതയുമാണ് വലിയ ആശങ്കയെന്ന് യൂണിയന് പറയുന്നുഎ ഐയുടെ വരവ് ബാധിക്കുന്ന ആളുകളെ വീണ്ടും നൈപുണ്യവല്ക്കരിക്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
പുതിയ എ ഐ ഉപകരണങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്ക് സമഗ്രമായ പിന്തുണയും പരിശീലനവും നല്‍കുമെന്ന് എ ഐ ബി പറഞ്ഞു.എ ഐ വിന്യാസത്തില്‍ യൂണിയനുകളുമായി ഇടപഴകുന്നുണ്ടെന്നും അത് തുടരുമെന്നും ബാങ്ക് പറഞ്ഞു.
തുടരും പിരിച്ചുവിടലുകള്‍
ഈ മാസം ആദ്യം, ആഗോളതലത്തില്‍ 9,000 ജോലിക്കാരെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു.തുടര്‍ന്ന് മെയ് മാസത്തില്‍ പ്രഖ്യാപിച്ച 6,000 പേരെയും ജനുവരിയില്‍ 1,000 പേരെയും പിരിച്ചുവിട്ടു.എ ഐയിലേയ്ക്ക് നീങ്ങുന്നതിന്റെ ഭാഗമായിരുന്നു ഈ പിരിച്ചുവിടലുകള്‍.
കമ്പനി എ ഐ ഇന്‍ഫ്രാസ്ട്രക്ചറില്‍ കോടിക്കണക്കിന് യൂറോയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് മൈക്രോസോഫ്ട് സിഇഒ സത്യ നാദെല്ല വ്യക്തമാക്കിയിരുന്നു. മൈക്രോസോഫ്റ്റിന്റെ 30%കോഡുകളും എ ഐ ടൂളുകള്‍ എഴുതിയതാണെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
സോഫ്റ്റ്വെയര് ഡവലപ്മെന്റ്, എന്‍ജിനീയറിംഗ്, ഡാറ്റാ സെന്ററുകള്‍, ധനകാര്യം, പ്രവര്‍ത്തനങ്ങള്‍, വില്‍പ്പന, മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ എന്നിവയിലായി അയര്‍ലണ്ടില്‍ 4,000ത്തിലധികം ആളുകളാണ് മൈക്രോസോഫ്റ്റിലുള്ളത്. അയര്‍ലണ്ടില്‍ 2,000 ത്തിലധികം ആളുകള്‍ ജോലിചെയ്യുന്ന ലിങ്ക്ഡ്ഇന്നും മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലാണ്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.