head3
head1

ഡ്രൈവിംഗ് ടെസ്റ്റില്‍ പഠിതാവിന് പകരക്കാരനായി : യുവാവ് അറസ്റ്റില്‍

ഡബ്ലിന്‍ : പഠിതാവിന് പകരക്കാരനായി ഡ്രൈവിംഗ് തിയറി ടെസ്റ്റ് എഴുതാനെത്തിയയാളെ ഗാര്‍ഡ അറസ്റ്റുചെയ്തു.വ്യാജ ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോയുടെ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.

ഡബ്ലിന്‍ 15 ലെ കാസില്‍കുരാഗ് പാര്‍ക്കില്‍ താമസക്കാരനായ ആന്‍ഡ്രെ കോണ്ടഗാരിയു(26)വാണ് അറസ്റ്റിലായത്.വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഇയാള്‍.രണ്ട് ഗൂഢാലോചന കുറ്റങ്ങളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. 2018 സെപ്റ്റംബര്‍ 14നും 2021 ജൂണ്‍ 29നും ഇടയിലാണ് ഇയാള്‍ ഗൂഢാലോചന നടത്തിയത്.
മോഷണ, വഞ്ചന നിയമത്തിലെ സെക്ഷന്‍ 71 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പരമാവധി 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.ഒരു പുരുഷനെയും സ്ത്രീയെയും ഇത്തരം കുറ്റങ്ങള്‍ക്ക് നേരത്തേ ജയിലിലടച്ചിരുന്നു.

ഡ്രൈവര്‍ തിയറി ടെസ്റ്റ് പാസ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് മൂന്നാം കക്ഷിക്ക് വേണ്ടി ഡ്രൈവര്‍ തിയറി ടെസ്റ്റുകള്‍ നടത്തി. രാജ്യത്തെ കമ്പ്യൂട്ടര്‍ ശൃംഖലയെ നിയമവിരുദ്ധമായി ഉപയോഗിച്ചാണ് ഇത് ചെയ്തത്.സര്‍ക്കാരിനെ വഞ്ചിച്ചുകൊണ്ട് മറ്റൊരാള്‍ക്ക് നേട്ടമുണ്ടാക്കി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെയുള്ളത്.കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്താല്‍ ഇയാള്‍ക്ക് ഹൈക്കോടതിയില്‍ നിന്നേ ജാമ്യം ലഭിക്കൂ.

ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ജഡ്ജി ജോണ്‍ ഹ്യൂസിന്റെ മുമ്പാകെ ഹാജരാക്കിയ ഇയാളെ ഗാര്‍ഡയ്ക്ക് വിട്ടുകൊടുത്തു.ജൂലൈ മൂന്നിന് വ്യാഴാഴ്ച ഡിപിപിയുടെ നിര്‍ദ്ദേശങ്ങള്‍ക്കായി ക്ലോവര്‍ഹില്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാനും ഉത്തരവായി.ഇയാളുടെ കേസിന്റെ വിചാരണാ സ്ഥലവും വ്യക്തമായിട്ടില്ല.കേസ് ജില്ലാ കോടതിയിലാണോ കൂടുതല്‍ അധികാരങ്ങളുള്ള സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയാണോ കേസ് പരിഗണിക്കുകയെന്നും വിശദീകരിച്ചിട്ടില്ല.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.