head1
head3

ഐറിഷ് സര്‍ക്കാരിന്റെ ഭവന പദ്ധതി ലക്ഷ്യം കാണില്ലെന്ന സൂചന നല്‍കി സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍ :വിവിധ കാരണങ്ങളാല്‍ സര്‍ക്കാരിന്റെ ഭവന പദ്ധതി ലക്ഷ്യം കാണില്ലെന്ന സൂചന നല്‍കി സെന്‍ട്രല്‍ ബാങ്ക്. ഇതേ തുടര്‍ന്ന് 2027വരെയുള്ള ഭവനനിര്‍മാണം സംബന്ധിച്ച പ്രവചനങ്ങള്‍ ബാങ്ക് വെട്ടിക്കുറച്ചു.ഇതോടെ ഹൗസിംഗ് ഫോര്‍ ഓള്‍ പദ്ധതിയുടെ ഭാഗമായി മൂന്ന് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാര്‍ പദ്ധതി പാളുമെന്നാണ് വിലയിരുത്തുന്നത്.

ഈ വര്‍ഷം 32,500 വീടുകളേ പൂര്‍ത്തിയാകുവെന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു.കഴിഞ്ഞ മാര്‍ച്ചില്‍ പ്രവചിച്ചതിനേക്കാള്‍ 1,500 എണ്ണത്തിന്റെ കുറവാണിത്.അടുത്ത വര്‍ഷം 40,000വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന മുന്‍ പ്രവചനവും ബാങ്ക് തിരുത്തി. അത് 37,500 ആയി കുറച്ചു. 2027ല്‍ 41,500 എണ്ണം പൂര്‍ത്തിയാക്കുമെന്ന് ബാങ്ക് പറയുന്നു. 44000 വീടുകളായിരുന്നു മുന്‍ പ്രവചനം.

ഈ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിലെ വീടുകളുടെ പൂര്‍ത്തീകരണം പ്രതീക്ഷകള്‍ നിറവേറ്റാതെ പോയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ബാങ്ക് കണക്കുകളില്‍ വെട്ടിക്കുറവ് വരുത്തിയത്.വീടുകളുടെ നിര്‍മ്മാണം ഇനിയും തുടങ്ങാന്‍ കഴിയാത്തത് പൂര്‍ത്തീകരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബാങ്ക് വിലയിരുത്തുന്നു.

ജല, വൈദ്യുതി കണക്ഷനുകളുടെ അഭാവവും നിര്‍മ്മാണ തൊഴിലാളികളുടെ കുറവുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന വെല്ലുവിളികളായി സെന്‍ട്രല്‍ ബാങ്ക് എടുത്തുകാട്ടുന്നത്.ഭവനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന് ഈ മേഖലയിലെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ബാങ്ക് പറയുന്നു.

നിര്‍മ്മാണത്തില്‍ വേഗതയില്ല

ഭവന ലക്ഷ്യങ്ങള്‍ വെട്ടിക്കുറച്ചതിനുള്ള പ്രധാന കാരണം നിര്‍മ്മാണ വേഗത കുറയുന്നതാണെന്ന് സെന്‍ട്രല്‍ ബാങ്കിലെ സാമ്പത്തിക ശാസ്ത്ര-സ്ഥിതിവിവരക്കണക്ക് ഡയറക്ടര്‍ റോബര്‍ട്ട് കെല്ലി പറഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ ഏകദേശം 2% വളര്‍ച്ചയുണ്ടായി. ഇതനുസരിച്ച് 31,000 യൂണിറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല.അടിസ്ഥാന സൗകര്യങ്ങളുടെ കുറവും തൊഴില്‍ വിപണിയുമാണ് ഇതിന് കാരണമെന്ന് കെല്ലി ചൂണ്ടിക്കാട്ടുന്നു.ഇതെങ്ങനെ വര്‍ദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കാനാകുന്നില്ല.അതിനാലാണ് ബാങ്കിന്റെ പ്രവചനം പരിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്ന് ഭവന നിര്‍മ്മാണത്തിലേക്ക് കുറച്ച് തൊഴിലാളികള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പുതിയ വീടുകളിലേക്ക് പരിമിതമായ അളവില്‍ മാത്രമേ ഇവരെത്തിയുള്ളൂ.ഇതെല്ലാം കുറഞ്ഞ കണക്കുകള്‍ക്ക് കാരണമാണെന്നും ബാങ്ക് പറയുന്നു.

ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി

അതേ സമയം,ഭവനനിര്‍മാണം ത്വരിതപ്പെടുത്തുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.ഒരു പക്ഷേ ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളുയര്‍ന്നേക്കാം. ജനദ്രോഹപരമാണെന്ന ആക്ഷേപവും വന്നേക്കാം.എന്നിരുന്നാലും സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകും.

സെന്‍ട്രല്‍ ബാങ്കിന്റെ ഭവന നിര്‍മ്മാണ കണക്കുകളിലെ വെട്ടിക്കുറവുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഹാരിസിന്റെ പ്രതികരണം പുറത്തുവന്നത്.2030 അവസാനത്തോടെ 300,000ത്തിലധികം പുതിയ വീടുകള്‍. അതാണ് സര്‍ക്കാര്‍ പരിപാടിയിലെ ലക്ഷ്യം.ഭവന നിര്‍മ്മാണം വേഗത്തിലാക്കുന്നതിന് ആസൂത്രണ സംവിധാനം, ജല അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഹാരിസ് പറഞ്ഞു.വെള്ളം, മലിനജലം, ഊര്‍ജ്ജം, സോണ്‍ഡ് ഭൂമിലഭ്യത എന്നിവ ഏറ്റവും വലിയ പരിമിതികളാണ്. ഇവയെ മറികടക്കാന്‍ മാന്ത്രിക വടിയൊന്നുമില്ലെന്നും ഹാരിസ് പറഞ്ഞു.

അതേ സമയം സ്വകാര്യമേഖലയിലെ നിക്ഷേപം നിര്‍ണ്ണായകമായി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ സര്‍ക്കാരിന്റെ ഭവന ലക്ഷ്യം പൂര്‍ത്തീകരിക്കാനാകൂവെന്ന് ഭവനമന്ത്രി ജയിംസ് ബ്രൗണ്‍ പറഞ്ഞു.അതിനിടെ ഭവന വകുപ്പിന് അധിക ഫണ്ട് ആവശ്യമായി വരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ഹിയറിംഗിലാണ് ഭവന ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ 715 മില്യണ്‍ യൂറോ നല്‍കിയിരുന്നു.എന്നിരുന്നാലും വര്‍ഷാവസാനം കൂടുതല്‍ ഫണ്ട് ആവശ്യമായി വരുമെന്ന് ഇവര്‍ പറയുന്നു.

ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയിലും കുറവ്

യു എസ് താരിഫുകള്‍ പരിഗണിച്ച് ഈ വര്‍ഷവും അടുത്ത വര്‍ഷവും ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെക്കുറിച്ചുള്ള പ്രവചനവും ബാങ്ക് കുറച്ചു.ഈ വര്‍ഷം 2% ആയിരിക്കുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു, മുന്‍ പ്രവചനത്തേക്കാള്‍ 0.6 ശതമാനം പോയിന്റ് കുറവാണിത്.അടുത്ത വര്‍ഷത്തേക്കുള്ള വളര്‍ച്ചാ പ്രവചനം 2.5ല്‍ നിന്നും 2.1% ആക്കിയും കുറച്ചു. 0.4 ശതമാനം കുറവാണ് ബാങ്ക് വരുത്തിയത്.

ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കുറയുമെങ്കിലും യു എസിലേക്കുള്ള കയറ്റുമതിയില്‍ വര്‍ദ്ധനവുണ്ടാകുമെന്നും അതുവഴി മൊത്ത ആഭ്യന്തര ഉല്‍പാദനം ഉയരുമെന്നും ബാങ്ക് കണക്കുകൂട്ടുന്നു.

അയര്‍ലണ്ടിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഭാരം കുറയ്ക്കല്‍, പ്രമേഹ മരുന്നുകള്‍ എന്നിവയുടെ കയറ്റുമതിയിലെ വര്‍ദ്ധനവാണ് ഇതിന് പ്രധാന കാരണമായി ബാങ്ക് ചൂണ്ടിക്കാട്ടുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.