വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയെന്ന് വിവരം.എന്നാല്‍ സംയമനം പാലിക്കണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ അഭിപ്രായത്തെ തുടര്‍ന്നാണ് അന്തിമ തീരുമാനം രണ്ടാഴ്ച നീട്ടിയതെന്നും റിപ്പോര്‍ട്ടുണ്ട്.സൈനിക നടപടിയെക്കുറിച്ച് തീരുമാനം രണ്ടാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.പലതവണ യു എസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തിയെന്ന് യു കെ പ്രധാനമന്ത്രി കെയ്ന്‍ സ്റ്റാര്‍മര്‍ പറഞ്ഞു.സംഘര്‍ഷം ലഘൂകരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യു കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി വാഷിംഗ്ടണില്‍ ട്രംപിന്റെ ഉന്നത നയതന്ത്രജ്ഞന്‍ മാര്‍ക്കോ റൂബിയോയെ .കണ്ടിരുന്നു.ഇറാനുമായി ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുമെന്ന് യു എസും കരുതുന്നുണ്ട്.
”ചിലപ്പോള്‍ ചേര്‍ന്നേക്കാം, ചിലപ്പോള്‍ ചേരാതിരിക്കാ”മെന്നാണ് യുദ്ധത്തില്‍ കക്ഷിചേരുമോയെന്ന ചോദ്യത്തിന് ട്രംപ് കഴിഞ്ഞദിവസം മറുപടി പറഞ്ഞത്. സംഘര്‍ഷത്തില്‍ നേരിട്ടുപങ്കാളിയാകില്ലെന്ന് തുടക്കത്തില്‍ ആവര്‍ത്തിച്ചിരുന്ന ട്രംപിന്റെ നിലപാടുമാറ്റത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തല്‍.
റഷ്യയുടെ മുന്നറിയിപ്പ്
ഇതിനിടെ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ സൈനിക ഇടപെടല്‍ നടത്തുന്നതിനെതിരെ റഷ്യ യു എസിന് മുന്നറിയിപ്പ് നല്‍കി. അങ്ങേയറ്റം അപകടകരമായ നടപടിയായിരിക്കുമെന്ന് വിദേശകാര്യ വക്താവ് മരിയ സഖാരോവ പറഞ്ഞു.ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ്ങുമായി പുടിന്‍ ഈ വിഷയം സംസാരിച്ചിരുന്നു. അതിന് ശേഷമാണ് മോസ്‌കോ ഈ മുന്നറിയിപ്പ് നല്‍കിയത്.ഇരുവരും ഇസ്രായേലിനെതിരെ രൂക്ഷ വിമര്‍ശനവും നടത്തി.
ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളില്‍ ഒന്നാണ് റഷ്യ. ഇരു രാജ്യങ്ങളും സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കുന്ന തന്ത്രപരമായ കരാറില്‍ ഈയിടെ ഒപ്പുവെച്ചിരുന്നു.എന്നാല്‍ ഇസ്രായേല്‍ ആക്രമണങ്ങളെ നേരിടുന്നതില്‍ ക്രെംലിന്‍ ഇറാന് സൈനിക പിന്തുണ നല്‍കിയിട്ടില്ല.
രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ മാത്രമേ പരിഹാരം തേടാവൂയെന്നാണ് മോസ്‌കോയും ബീജിംഗും വിശ്വസിക്കുന്നതെന്ന് പുടിന്റെ സഹായി യൂറി ഉഷാക്കോവ് പറഞ്ഞു.കഴിഞ്ഞ ആഴ്ച, പുടിന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയനുമായും ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയിരുന്നു. സമാധാനത്തിനായി ഇടപെടാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.. ചോരക്കളി തുടര്‍ന്ന് ഇറാനും ഇസ്രയേലും
ടെല്‍ അവീവ്/ടെഹ്റാന്‍ :പശ്ചിമേഷ്യയിലെ സായുധസംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ടുപങ്കാളിയാകുമെന്ന ആശങ്ക നിലനില്‍ക്കേ, പരസ്പരം ആക്രമണം കടുപ്പിച്ച് ഇസ്രയേലും ഇറാനും.വ്യാഴാഴ്ച രാവിലെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ബീര്‍ബെഷയിലെ സൊറോക മെഡിക്കല്‍ സെന്റര്‍ തകര്‍ന്നു. തെക്കന്‍ ഇസ്രയേലിലെ ഏറ്റവുംവലിയ ആശുപത്രിയാണിത്. ആക്രമണത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റു.
അതിനിടെ സംഘര്‍ഷം പരിഹരിക്കാനുള്ള സാധ്യത തേടി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ന് ജനീവയില്‍ അടിയന്തരയോഗം ചേരും. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പങ്കെടുക്കും. യുഎസ് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് യോഗം.എന്നാല്‍ യു എസ് പ്രതിനിധികള്‍ പങ്കെടുക്കുന്നില്ല
ഖമീനിയെ ജീവനോടെ വിടില്ലെന്ന് ഇസ്രയേല്‍
പിന്നാലെ, ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയെ ജീവനോടെ വിടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് മുന്നറിയിപ്പുനല്‍കി. ഇസ്രയേലിന്റെ സൈനിക ഇന്റലി ജന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ സമീപത്താണെന്ന് ഇറാന്‍ അവകാശപ്പെട്ടു. വ്യാഴാഴ്ചത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ അരാക്കിലുള്ള ഖോണ്ഡബ് ആണവനിലയത്തിലെ ഘനജല റിയാക്ടര്‍ തകര്‍ന്നു.
ടെല്‍ അവീവ് സൊറോക ആശുപത്രി ആക്രമണത്തിന് ഇറാന്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുള്‍പ്പെടെ ഇറാനില്‍ ആരും സുരക്ഷിതരല്ലെന്ന് സൊറോക സന്ദര്‍ശിച്ച് നെതന്യാഹു ഭീഷണി മുഴക്കി. ഇറാന്റെ ആണവപദ്ധതികളെ മുച്ചൂടും മുടിക്കുമെന്നും ആവര്‍ത്തിച്ചു.ആശുപത്രി ആക്രമണത്തെ റെഡ്ക്രോസ് അപലപിച്ചു.
പാഠം പഠിപ്പിക്കുമെന്ന് ഇറാന്‍
അതിനിടെ, സയണിസ്റ്റുകളെ അനുകൂലിച്ച് അമേരിക്ക സംഘര്‍ഷത്തില്‍ ഇടപട്ടാല്‍ അവരെ പാഠം പഠിപ്പിക്കുമെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി സയീദ് ഖതിബ്സദേഹ് മുന്നറിയിപ്പ് നല്‍കി. ഇത് അമേരിക്കയുടെ യുദ്ധമല്ലെന്നും മന്ത്രി സയീദ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.