head3
head1

ഇന്ത്യന്‍ ജെറ്റുകള്‍ വെടിവച്ചു വീഴ്ത്താന്‍ പാകിസ്ഥാനെ ചൈന സഹായിച്ചെന്ന് വാര്‍ഫെയര്‍ സ്റ്റഡീസ് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി : പഹല്‍ഗാം തിരിച്ചടിക്കിടെ ഇന്ത്യന്‍ ജെറ്റുകള്‍ വെടിവച്ചു വീഴ്ത്താന്‍ പാകിസ്ഥാനെ ചൈന സഹായിച്ചെന്ന് റിപ്പോര്‍ട്ട്.ഇന്ത്യന്‍ ആക്രമണം മുന്നില്‍ക്കണ്ട് ഈ മാസം ആദ്യം ഉപഗ്രഹങ്ങള്‍ നീക്കാനും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പുനക്രമീകരിക്കാനമാണ് ചൈന പാകിസ്ഥാനെ സഹായിച്ചത്.ഇന്ത്യയുടെ സൈനിക വിന്യാസങ്ങളും വ്യോമ നീക്കങ്ങളും ട്രാക്ക് ചെയ്യുന്നതിനായി പാകിസ്ഥാന്റെ റഡാറും വ്യോമ പ്രതിരോധ സംവിധാനങ്ങളും പുനക്രമീകരിക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചതായി ന്യൂഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ ജോയിന്റ് വാര്‍ഫെയര്‍ സ്റ്റഡീസിലെ ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ വെളിപ്പെടുത്തുന്നു.

ഇന്ത്യന്‍ വ്യോമമാര്‍ഗ്ഗത്തില്‍ നിന്ന് ചെയ്യുന്ന ഏതൊരു പ്രവര്‍ത്തനവും അറിയാവുന്ന തരത്തില്‍ പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ റഡാര്‍ സംവിധാനം പുനര്‍ വിന്യസിക്കാന്‍ ചൈന സഹായിച്ചു.ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്നയാളാണ് അശോക് കുമാര്‍.ഏപ്രില്‍ 22നാണ് കശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണമുണ്ടായത്. മെയ് ഏഴിനാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ത്യയുടെ സൈന്യം പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകള്‍ നശിപ്പിച്ചു.അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്.

ചൈനീസ് നിര്‍മ്മിത പിഎല്‍ 15 മിസൈലും മറ്റും പാകിസ്ഥാന്‍ പ്രതിരോധത്തിന് ഉപയോഗിച്ചിരുന്നു. മുമ്പ് ഒരിക്കലും യുദ്ധത്തില്‍ ഇതുപയോഗിച്ചിട്ടില്ല. തായ്വാന്‍ ഉള്‍പ്പെടെയുള്ള ബീജിംഗിന്റെ എതിരാളികള്‍ക്കിടയില്‍ ഈ ചൈനീസ് ‘സാന്നിധ്യം’ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ചൈന ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.ചൈനയുടെ ജെ -സി10 അടക്കമുള്ള ജെറ്റുകള്‍ ഉപയോഗിച്ചെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാക്ക് ഡാര്‍ പാര്‍ലമെന്റിലും വെളിപ്പെടുത്തിയിരുന്നു.

പാകിസ്ഥാനുള്ള ചൈനയുടെ സഹായം ലോജിസ്റ്റിക്സിനപ്പുറം ഹിമാലയന്‍ മേഖലയിലെ പ്രതിരോധ സാങ്കേതികവിദ്യകളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.പാകിസ്ഥാന്‍ 1.5 മില്യണ്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകളിലും പവര്‍ ഇന്‍ഫ്രാസ്ട്രക്ചറിലും സൈബര്‍ ആക്രമണം നടത്തിയിരുന്നു.അവ ഇനിയും ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.അതിനിടെ ,മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പാക് വിദേശകാര്യ മന്ത്രി ഇഷാക്ക് ഡാര്‍ തിങ്കളാഴ്ച ചൈനയിലെത്തും. അവിടെ അദ്ദേഹം ചൈനീസ് പ്രധാനമന്ത്രി വാങ് യിയുമായി ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തുമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.