head3
head1

ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും യു എസ് താരിഫില്ല, ലോക വിപണിയ്ക്ക് ആശ്വാസം

ഡബ്ലിന്‍ : ലോക വിപണിയ്ക്ക് ആശ്വാസമേകി ചൈനയോടുള്ള താരിഫ് വ്യാപാര യുദ്ധത്തില്‍ ട്രംപ് ഭരണകൂടം ഇളവ് പ്രഖ്യാപിച്ചു. യു എസ് താരിഫുകളില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും മറ്റ് ഇലക്ട്രോണിക്‌സുകള്‍ എന്നിവയെയുമാണ് ഒഴിവാക്കിയത്.ഇതോടെ വിലവര്‍ദ്ധനവുണ്ടാകുമെന്ന ആശങ്ക നീങ്ങി.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യേക ഉത്തരവിലൂടെയാണ് 125% പകരച്ചുങ്കത്തില്‍ നിന്ന് ചൈനയുടെ ഉല്‍പ്പന്നങ്ങളെ ഒഴിവാക്കിയത്.കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ഡിസ്‌ക് ഡ്രൈവുകള്‍, ഓട്ടോമാറ്റിക് ഡാറ്റ പ്രോസസ്സേഴ്സ് ,സെമികണ്ടക്ടര്‍ ഉപകരണങ്ങള്‍, എക്യുപ്മെന്റ്സ് , മെമ്മറി ചിപ്പുകള്‍, ഫ്ളാറ്റ് പാനല്‍ ഡിസ്‌പ്ലേകള്‍ എന്നിവയടക്കം 20 ഉല്‍പ്പന്നങ്ങളെയാണ് യു എസ് സിബിപി ലിസ്റ്റ് ചെയ്തിട്ടുള്ളത്.

കമ്പനികള്‍ക്ക് ആശ്വാസം

ആപ്പിള്‍, ഡെല്‍ ടെക്നോളജീസ് തുടങ്ങിയ പ്രമുഖ യു എസ് ഇറക്കുമതി സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഏപ്രില്‍ 5 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ഈ നടപടി. ഒഴിവാക്കലിന്റെ കാരണമൊന്നും ട്രംപ് ഭരണകൂടം വിശദീകരിച്ചിട്ടില്ലെങ്കിലും ആഗോള വിപണിയിലെ പ്രക്ഷുബ്ധതയും വിലക്കയറ്റ ഭീഷണിയും ഉപഭോക്തൃ പ്രതിസന്ധിയുമാണ് പിന്നോട്ടുപോക്കിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

ചൈനീസ് ഇറക്കുമതികള്‍ക്ക് 54% കുറഞ്ഞ താരിഫ് നിരക്ക് ഏര്‍പ്പെടുത്തിയാല്‍ പോലും ആപ്പിള്‍ ഐഫോണിന്റെ വില 1,599 ഡോളറില്‍ നിന്ന് 2,300 ഡോളറായി ഉയരുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നു.ഇത് 125% മായാല്‍ യു എസ്-ചൈന വ്യാപാരം തന്നെ നിലയ്ക്കുമെന്നും ഇവര്‍ പറഞ്ഞു.

ചൈനയില്‍ നിന്നുള്ള ഏറ്റവും വലിയ യു എസ് ഇറക്കുമതി സ്മാര്‍ട്ട്‌ഫോണുകളാണ്.ആകെ 41.7 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് 2024ല്‍ നടന്നത്.അതേസമയം ചൈനീസ് നിര്‍മ്മിത ലാപ്‌ടോപ്പുകള്‍ക്കായിരുന്നു രണ്ടാം (33.1 ബില്യണ്‍ ഡോളര്‍)സ്ഥാനമെന്നും യു എസ് സെന്‍സസ് ബ്യൂറോയുടെ ഡാറ്റ പറയുന്നു.

ട്രംപിന്റെ പിന്നോട്ടുപോക്കിന് പിന്നില്‍

കോവിഡ് പ്രതിസന്ധിയും ഉക്രെയ്ന്‍ യുദ്ധവും തുടര്‍ന്നുള്ള പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും ബൈഡന്റെ ഡെമോക്രാറ്റിക് ഭരണകൂടത്തെ ദേഷകരമായി ബാധിച്ചിരുന്നു. ഈ വിലകള്‍ കുറയ്ക്കുമെന്ന വാഗ്ദാനവുമായാണ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം വരവിന് മത്സരിച്ചത്.എന്നാല്‍ താരിഫുകള്‍ ചുമത്തുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു. സാമ്പത്തിക വിപണികളിലെ പ്രക്ഷുബ്ധതയും ലെവികളുണ്ടാക്കുന്ന വിലക്കയറ്റവും പ്രസിഡന്റ് തള്ളിക്കളഞ്ഞിരുന്നു.

എന്നിരുന്നാലും, പരസ്പര താരിഫുകള്‍ യു എസില്‍ മാന്ദ്യമുണ്ടാക്കുമെന്ന ഭയമുയര്‍ത്തി.അടുത്ത വര്‍ഷം നടക്കുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ യു എസ് പ്രതിനിധി സഭയുടെയും സെനറ്റിന്റെയും നിയന്ത്രണം നഷ്ടപ്പെടുമോയെന്ന റിപ്പബ്ലിക്കന്‍മാര്‍ക്കുണ്ടായി. ഇവര്‍ ട്രംപിന്റെ നയങ്ങളെ നിശിതമായി ആക്രമിച്ച് രംഗത്തുവന്നു.തുടര്‍ന്നാണ് 57 വ്യാപാര പങ്കാളികള്‍ക്കും ഇയുവിനും പ്രഖ്യാപിച്ച ഉയര്‍ന്ന താരിഫ് നിരക്കുകള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ ട്രംപ് തീരുമാനിച്ചത്.

ചൈനയുടെ തിരിച്ചടി

ഇതിനിടെയും ചൈനയ്ക്കെതിരായ താരിഫ് പിന്‍വലിക്കാനോ ഇളവു നല്‍കാനോ ട്രംപ് തയ്യാറായിരുന്നില്ല.എന്നാല്‍ യുഎസ് ഇറക്കുമതിക്കുള്ള താരിഫ് 125% ആയി ചൈനയും വര്‍ദ്ധിപ്പിച്ചതോടെ ആഗോള സാമ്പത്തിക വിപണികള്‍ വീണ്ടും പ്രക്ഷുബ്ധമായി. ആഗോള വിതരണ ശൃംഖലകളെ തകര്‍ക്കുന്ന വ്യാപാര യുദ്ധത്തിലേക്ക് ഇതെത്തുമെന്ന നിലയിലായി.

യു എസ് ഓഹരികള്‍ കൂപ്പുകുത്തുന്നതിനും വിപണി സാക്ഷ്യം വഹിച്ചു.ഡോളര്‍ ഇടിഞ്ഞതിനൊപ്പം 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ട് വരുമാനം 2001ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവിലുമെത്തി. യു എസിന്മേലുള്ള വിപണിയുടെ ആത്മവിശ്വാസക്കുറവിനെയാണ് ഇവ സൂചിപ്പിച്ചത്.ഈ പ്രതിസന്ധികളില്‍ നിന്നും രക്ഷനേടുന്നതിനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ് ചൈനയ്ക്കെതിരായി മൃദുസമീപനം സ്വീകരിക്കാന്‍ ട്രംപ് തീരുമാനിച്ചതെന്നാണ് കരുതുന്നത്.

സെമികണ്ടക്ടറുകള്‍ക്ക് മേല്‍ പുതിയ താരിഫ്?

ചൈനയുടെ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമേ ട്രംപിന്റെ ഈ ഒഴിവാക്കല്‍ ബാധകമാകൂവെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.യു എസ് ഫെന്റനൈല്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട എല്ലാ ചൈനീസ് ഇറക്കുമതികള്‍ക്കും 20% താരിഫുകള്‍ നിലവിലുണ്ട്.എന്നാല്‍ സെമികണ്ടക്ടറുകള്‍ക്ക് മേല്‍ പുതിയ താരിഫുകള്‍ക്ക് നീക്കമുണ്ടെന്ന സൂചനയും ഇദ്ദേഹം നല്‍കി. ഇതിനെക്കുറിച്ച് നാഷണല്‍ സെക്യൂരിറ്റി ട്രേഡ് ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

സെമികണ്ടക്ടറുകള്‍, ചിപ്പുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയ നിര്‍ണായക സാങ്കേതികവിദ്യകള്‍ക്ക് യു എസിന് ചൈനയെ ആശ്രയിക്കാന്‍ കഴിയില്ലെന്ന് ട്രംപ് വ്യക്തമാക്കിയെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് പറഞ്ഞു.ആപ്പിളും ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയും തായ്വാന്‍ സെമികണ്ടക്ടറും ഉള്‍പ്പെടെയുള്ള പ്രധാന ടെക് സ്ഥാപനങ്ങളോട് എത്രയും വേഗം അമേരിക്കയില്‍ ഉല്‍പ്പാദനം ആരംഭിക്കണമെന്ന് ട്രംപ് നിര്‍ദ്ദേശം നല്‍കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.