ഉക്രൈനികളെ താമസ സ്ഥലത്തുനിന്നും പുറത്താക്കി ഐറിഷ് സര്‍ക്കാര്‍
അഭയാര്‍ത്ഥി കേന്ദ്രത്തില്‍ തോന്നും പോലെ വന്നുപോകാനാവില്ല... പുറത്തുപോകാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം
ഡബ്ലിന്‍ : സര്‍ക്കാര്‍ നല്‍കിയ താമസസ്ഥലങ്ങളില്‍ നിന്ന് അനുമതിയില്ലാതെ പുറത്തുപോകുന്ന ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്ത് ഇന്റഗ്രേഷന്‍ വകുപ്പ്.തോന്നിയത് പോലെ വന്നു പോകുന്നതിന് 86 ഉക്രെയിന്‍കാരെയാണ് വകുപ്പധികൃതര്‍ താമസസ്ഥലത്ത് നിന്ന്ന പുറത്താക്കിയത്.
സര്‍ക്കാര്‍ നയത്തിലെ ഈ വലിയ മാറ്റം വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകളാണ് വെളിപ്പെടുത്തുന്നത്.നിയമങ്ങള്‍ പാലിക്കാതെ എപ്പോള്‍വേണമെങ്കിലും വന്നു പോകാന്‍ കഴിയുന്ന ഇടമല്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ ഉക്രെയിനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്.എന്നാല്‍ ഇത്തരത്തില്‍ പെരുമാറുന്നവരെ പുറത്താക്കിയതിനെ വിമര്‍ശിച്ച് ഉക്രെയിന്‍ അഭയാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
അസാധാരണ സാഹചര്യങ്ങളിലല്ലാതെ ആളില്ലാ കിടക്കകള്‍ക്ക് പണം നല്‍കാനാകില്ലെന്ന് ഇന്റഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കുന്നു.ഇതിനിടെ അയര്‍ലണ്ടില്‍ താമസത്തിനെത്തിയ ചില ഉക്രൈനികള്‍ ഇടയ്ക്കിടെ ഉക്രൈനില്‍ പോയി മടങ്ങുന്നുണ്ടെന്നും ആരോപണമുണ്ടായി.ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ദൈനംദിന ചെലവുകള്‍ പോലുള്ള സാമൂഹിക ക്ഷേമ സഹായങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഇതനുസരിച്ച് ഒരു മുതിര്‍ന്നയാള്‍ക്ക് 38.80 യൂറോയും ഒരു കുട്ടിക്ക് 29.80 യൂറോയും ആഴ്ചയില്‍ നല്‍കുന്നു.ഇത് കൂടാതെ ഭക്ഷണവും വിദ്യാഭ്യാസ സൗകര്യങ്ങളും അടക്കം അയര്‍ലണ്ടിലുള്ള ഓരോ ഉക്രേനിയന്‍ പൗരന്മാര്‍ക്കും വേണ്ടി 46.54 യൂറോയാണ് ഐറിഷ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്.
2023 ഒക്ടോബര്‍ 9 നാണ് സര്‍ക്കാര്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ക്കായി ആബ്സന്‍സ് പ്രോട്ടോക്കോള്‍ നടപ്പിലാക്കിയത്.ഇതോടെ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ അഭയാര്‍ത്ഥികള്‍ക്ക് ഒരു രാത്രിയോ അതില്‍ കൂടുതലോ സമയം പുറത്തുപോകാന്‍ കഴിയൂവെന്ന നിലവന്നു.ഇതിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റഗ്രേഷന്റെ ഉക്രെയ്ന്‍ ക്രൈസിസ് ടെംപററി അക്കോമഡേഷന്‍ ടീമിന്റെ അനുമതി വേണം.
മുന്‍കൂര്‍ അപേക്ഷ നല്‍കി മാത്രമേ താമസ കേന്ദ്രത്തിന് പുറത്തുപോകാന്‍ സാധിക്കൂ.ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍ തുടങ്ങിയ താമസസ്ഥലങ്ങളില്‍ താമസിക്കുന്ന ഉക്രെയിന്‍കാര്‍ക്ക് ഷോര്‍ട്ട് ടേം ആബ്സെന്‍സ് അലവന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയുമുണ്ടായി.ഇക്കാര്യം ചൂണ്ടിക്കാട്ടി അഭയാര്‍ത്ഥി കേന്ദ്രത്തിന് പുറത്ത് താമസിച്ച് ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്ക് കത്തുകളും നല്‍കി. ഇതിന് ശേഷമാണ് 86 പേരെ പുറത്താക്കിയത്.
ദുര്‍ബലരായ അഭയാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നതാണ് സര്‍ക്കാര്‍ നയമെന്ന് ഉക്രെയിന്‍ സിവില്‍ സൊസൈറ്റി ഫോറത്തിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ എമ്മ ലെയ്ന്‍ സ്പോളന്‍ പറഞ്ഞു.
എല്ലാ ക്രിസ്മസ് നാളുകളില്‍ ഈ നയത്തില്‍ ഇളവുണ്ടെന്ന് വകുപ്പ് വക്താവ് പറഞ്ഞു.മൂന്ന് ആഴ്ച വരെ അനുമതി കൂടാതെ ആളുകള്‍ക്ക് താമസ കേന്ദ്രം വിട്ടുനില്‍ക്കാനാകും. തിരിച്ചെത്തുമ്പോള്‍ വീണ്ടും അപേക്ഷ നല്‍കിയാല്‍ അത് പരിഗണിച്ച് താമസ സൗകര്യം അനുവദിക്കും.എന്നാല്‍ ഇത് പഴയ സ്ഥലത്താകണമെന്നില്ലെന്നും വകുപ്പ് വക്താവ് പറയുന്നു.
2022 മാര്‍ച്ച് മുതലാണ് യുദ്ധഭീഷണി നേരിടുന്ന ഉക്രെയിന്‍കാര്‍ക്ക് എമര്‍ജെന്‍സി അക്കൊമൊഡേഷന്‍ നല്‍കിത്തുടങ്ങിയത്. 2023 അവസാനത്തോടെ 60000 പേര്‍ക്കാണ് ഇത്തരത്തില്‍ താമസിക്കാന്‍ ഇടം നല്‍കിയത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.