head3
head1

ആശ്വാസത്തില്‍ അയര്‍ലണ്ട്, യൂറോപ്പിന് വേണ്ടി സംസാരിക്കാന്‍ സൈമണ്‍ ഹാരീസ്

വാഷിംഗ്ടണ്‍ : താല്‍ക്കാലികമാണെങ്കിലും താരിഫ് നടപടികള്‍ നിര്‍ത്തിയതിന്റെ ആശ്വാസത്തിലാണ് അയര്‍ലണ്ട്. യു എസ് താരിഫുകള്‍ രാജ്യത്തിന്റെയാകെ ആശങ്കയായി വളര്‍ന്നിരുന്നു.വ്യാപാരി സമൂഹവും ഭരണകര്‍ത്താക്കളും തൊഴിലാളികളുമെല്ലാം ഇക്കാര്യത്തില്‍ തുല്യ ദു:ഖിതരായിരുന്നു.ഈ പ്രതിസന്ധിയ്ക്കാണ് യു എസ് താരിഫ് നടപടികള്‍ 90 ദിവസത്തേയ്ക്ക് നിര്‍ത്തിയതായുള്ള ട്രംപിന്റെ പ്രഖ്യാപനം ആശ്വാസം നല്‍കിയത്.

ഡൊണാള്‍ഡ് ട്രംപ് ഫാര്‍മ മേഖലയില്‍ പിടി മുറുക്കുമെന്ന സൂചന വന്നതോടെ രാജ്യത്തിന്റെ കയറ്റുമതി വ്യവസായമാകെ നിശ്ചലമാകുമെന്ന് ഭീതി ജനിച്ചു.അമേരിക്കന്‍ കമ്പനികള്‍ രാജ്യം വിടുമെന്ന ചില റിപ്പോര്‍ട്ടുകളും ഇതിനിടെ വന്നു.അതോടെ ആയിരക്കണക്കിന് ജീവനക്കാര്‍ ജോലി നഷ്ടമാവുമോ എന്ന ആശങ്കയിലുമായി.

ഇതിനിടെയാണ് താരിഫുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാടകീയ പ്രഖ്യാപനം വന്നത്.വലിയ ആശ്വാസം തരുന്ന പ്രഖ്യാപനമാണ് യു എസ് പ്രസിഡന്റില്‍ നിന്നുണ്ടായതെന്ന് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.

വാഷിംഗ്ടണ്‍ ഡി സിയില്‍ യു എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കവെയാണ് ഹാരിസ് രാജ്യത്തിന്റെ ആശ്വാസം തുറന്നു പറഞ്ഞത്.അയര്‍ലണ്ടിലെ പല ബിസിനസുകള്‍ക്കും ഈ നടപടി ആശ്വാസമാകും.എന്നിരുന്നാലും യുഎസ് പ്രഖ്യാപനത്തില്‍ കൂടുതല്‍ ഇടപെടലും വ്യക്തതയും ആവശ്യമാണെന്ന് ഹാരിസ് പറഞ്ഞു.

അയര്‍ലണ്ട് സര്‍ക്കാരിന്റെ ധനനയങ്ങളുടെ പ്രധാന വിമര്‍ശകനായ ലുട്‌നിക്കുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് ഹാരിസ് പറഞ്ഞു.സമഗ്രമായ ചര്‍ച്ചകള്‍ക്കുള്ള ഇ യു വിന്റെ പ്രതിബദ്ധത ഇദ്ദേഹത്തെ അറിയിച്ചതായും ഹാരിസ് പറഞ്ഞു.ചര്‍ച്ചയില്‍ യു എസിന്റെ ഭാഗത്ത് തുറന്ന മനസ്സ് ഉണ്ടെന്ന് കൂടിക്കാഴ്ച വ്യക്തമാക്കി.

സെക്രട്ടറി ലുട്‌നിക്കുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇ യു ട്രേഡ് കമ്മീഷണര്‍ മാരോസ് സെഫ്‌കോവിച്ചിനെ നേരിട്ട് അറിയിച്ചതായി ഹാരിസ് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് 90 ദിവസമെന്നത് മതിയായ കാലയളവാണെന്നും ഹാരിസ് പറഞ്ഞു.

കാറുകളുടെയും സ്റ്റീല്‍, അലുമിനിയം എന്നിവയുടെയും ഉയര്‍ന്ന നിരക്ക് തുടരാന്‍ സാധ്യതയുണ്ട്.താരിഫ് 10% ആയാലും അത് നല്ലതല്ല.ഇതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്.എന്നിരുന്നാലും യൂറോപ്യന്‍ കമ്മീഷനും അയര്‍ലണ്ടടക്കം ഇ യു അംഗരാജ്യങ്ങളും ഉന്നയിച്ച ആശങ്കകള്‍ക്ക് ഇടം ലഭിച്ചത് വളരെ പ്രധാനമാണെന്ന് ഹാരിസ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</

Comments are closed.