head1
head3

ആമിയെത്തി, യു കെയില്‍ പുതിയ ചരിത്രം കുറിച്ച് ഗര്‍ഭപാത്രം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ

ലണ്ടന്‍ : ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് യു കെയില്‍ ആമി ഇസബെല്‍ ഡേവിഡ്‌സണിന്റെ പിറവി.ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യു കെയില്‍ വിജയകരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ആമിയും നോര്‍ത്ത് ലണ്ടനില്‍ നിന്നുള്ള 36 കാരിയായ അമ്മ ഗ്രേസും.ഫെബ്രുവരി 27ന് ലണ്ടനിലെ ക്വീന്‍ ഷാര്‍ലറ്റ്‌സ് ആന്‍ഡ് ചെല്‍സി ഹോസ്പിറ്റലില്‍ സിസേറിയന്‍ വഴിയാണ് ആമി ജനിച്ചത്.

ഗര്‍ഭപാത്രമില്ലാതെ ജനിച്ചതും ഗര്‍ഭപാത്രം പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ആമിയുടെ ജനനം.എന്‍ എച്ച് എസ് ഡയറ്റീഷ്യനായ ഡേവിഡ്‌സണും ഫിനാന്‍സില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ആംഗസും (37) ആമിയുടെ വരവിന്റെ അതിരറ്റ ആഹ്ലാദത്തിലാണ്.

2023ലാണ് ഗ്രേസ് ഡേവിഡ്‌സണില്‍ യു കെയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. മൂത്ത സഹോദരി ആമിയില്‍ നിന്നാണ് ഇവര്‍ ഗര്‍ഭപാത്രം സ്വീകരിച്ചത്.ആന്റിയുടെയും ഈ സര്‍ജറി നടത്തിയ ഡോക്ടറുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ പേരിട്ടത്. യു കെയില്‍ നാല് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് നടത്തിയിട്ടുള്ളത്. ആദ്യത്തേത് ഡേവിഡ്‌സണിലായിരുന്നു. മരണശേഷം ലഭിച്ച ഗര്‍ഭപാത്രം സ്വീകരിച്ചവരാണ് ബാക്കി മൂന്ന് പേര്‍.

ആമിയ്ക്കൊപ്പം പുതിയ ചരിത്രമെഴുതി ഡോക്ടര്‍മാര്‍

ചാരിറ്റിയായ വോംബ് ട്രാന്‍സ്പ്ലാന്റ് യുകെയിലെ ക്ലിനിക്കല്‍ ലീഡും ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത്കെയര്‍ എന്‍ എച്ച് എസ് ട്രസ്റ്റിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിക്കല്‍ സര്‍ജനുമായ പ്രൊഫ. റിച്ചാര്‍ഡ് സ്മിത്തും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളുടെ ഭാഗമായ ഓക്സ്ഫോര്‍ഡ് ട്രാന്‍സ്പ്ലാന്റ് സെന്ററിലെ കണ്‍സള്‍ട്ടന്റ് സര്‍ജനായ ഇസബെല്‍ ക്വിറോഗയുമായിരുന്നു ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.25 വര്‍ഷമായി ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ഗവേഷണത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ് പ്രൊഫ. സ്മിത്ത് .

ഏറ്റവും വിലപ്പെട്ട സമ്മാനം

ജീവിതത്തില്‍ ലഭിച്ച ഏറ്റവും വിലപ്പെട്ട സമ്മാനമാണ് ആമിയെന്ന് ഡേവിഡ്സണ്‍ പറഞ്ഞു.കുടുംബത്തിന് പൂര്‍ണ്ണത കൈവന്നത് ഇപ്പോഴാണ്- ദമ്പതികള്‍ പറയുന്നു.ആദ്യത്തെ രണ്ടാഴ്ച ഉറക്കം മാത്രമായിരുന്നു ആമിയുടെ ജോലി. ഇത് പലപ്പോഴും പേടിപ്പിച്ചു.ഭക്ഷണം നല്‍കാനുള്ള സമയമെങ്കിലും ഉണര്‍ന്നിരിക്കാന്‍ ഏറെ പാടുപെട്ടു. എന്നിരുന്നാലും അവള്‍ സുഖമായിരിക്കുന്നുവെന്ന് ഡേവിഡ്സണ്‍ പറഞ്ഞു.തുടക്കത്തില്‍ മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ ലൈറ്റ് തെറാപ്പി ആവശ്യമായി വന്നു.

‘വിവാഹിതരായതുമുതല്‍ എങ്ങനെയെങ്കിലും കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഇത്രയും കാലം അതിനുള്ള പ്രാര്‍ത്ഥനയിലായിരുന്നു’ ഡേവിഡ്സണ്‍ പറഞ്ഞു.’ട്രാന്‍സ്പ്ലാന്റ് വിജയകരമാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ആമിയുടെ വരവ് എല്ലാം യാഥാര്‍ത്ഥ്യമാക്കി’. ഒരു കുട്ടിവേണമെന്നാണ് ദമ്പതിമാരുടെ തീരുമാനം.

അപൂര്‍വ്വ രോഗം

മേയര്‍-റോക്കിറ്റാന്‍സ്‌കി-കുസ്റ്റര്‍-ഹൗസര്‍  എന്ന അപൂര്‍വ രോഗവുമായാണ് ഡേവിഡ്‌സണ്‍ ജനിച്ചത്.5,000 സ്ത്രീകളില്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന അവസ്ഥയാണിത്.വളര്‍ച്ചയില്ലാത്ത ഗര്‍ഭപാത്രമായിരുന്നു ഇവരുടെ പ്രശ്നം.ഫെര്‍ട്ടിലിറ്റി ചികിത്സയുടെ ഭാഗമായി ഏഴ് തവണ കൃത്രിമ ബീജാദാനം നടത്തിയിട്ടും ഫലമുണ്ടായില്ല.

ഡേവിഡ്‌സണിന് 19 വയസ്സുള്ളപ്പോഴാണ് ഗര്‍ഭപാത്രത്തിന് വളര്‍ച്ചയില്ലെന്ന് കണ്ടെത്തിയത്. അപ്പോള്‍ തന്നെ ഗര്‍ഭപാത്രം മാറ്റിവയ്ക്കാന്‍ ശ്രമം തുടങ്ങി.പരസ്യവും നല്‍കി.800പേര്‍ വരെ സന്നദ്ധമായി വന്നു.10 പേരെ റിക്രൂട്ട് ചെയ്തു.എന്നാല്‍ അതൊന്നും ശരിയായില്ല.

പിന്നീടാണ് സഹോദരിയിലേയ്ക്കെത്തിയത്.തുടര്‍ന്നാണ് മുന്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ ആമി പര്‍ഡി(42)യില്‍ നിന്ന് ഗര്‍ഭപാത്രം സ്വീകരിച്ചത്.ഐ വി എഫ് വഴിയാണ് ഗര്‍ഭധാരണം നടത്തിയത്. 90 മിനിറ്റ് നീണ്ട സിസേറിയനിലൂടെ ആഴ്ചകള്‍ക്ക് മുമ്പ് പിറന്ന ആമിയ്ക്ക് 4.5 പൗണ്ട് ഭാരമുണ്ട്.മുലയൂട്ടല്‍ ഉറപ്പാക്കാന്‍ ഡേവിഡ്‌സണും കുഞ്ഞും ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</</a

Comments are closed.