head1
head3

വ്യവസായമേഖലയില്‍ ജീവനക്കാരുടെ ജോലി സമയം വെട്ടിക്കുറച്ചെന്ന് സ്ഥിരീകരിച്ച് ഐബെക് മേധാവി

ഡബ്ലിന്‍ : യു എസ് ഭരണകൂടത്തിന്റെ താരിഫ് നടപടികള്‍ അയര്‍ലണ്ടിലെ തൊഴില്‍ മേഖലയെയും ജീവനക്കാരുടെ ജോലികളേയും ബാധിച്ചു തുടങ്ങിയതായി സൂചന.ചില ബിസിനസ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി സമയം ഈ വാരാന്ത്യം മുതല്‍ വെട്ടിച്ചുരുക്കിയതായി ഐബെക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡാനി മക്കോയ് വെളിപ്പെടുത്തുന്നു.

ഒരുവിഭാഗം തൊഴിലാളികള്‍ക്ക് വാരാന്ത്യത്തില്‍ മറ്റുവഴികള്‍ തേടേണ്ടി വരുമെന്നും ഇദ്ദേഹം പറയുന്നു.പാനിയ വ്യവസായങ്ങളിലും കണ്‍സ്യൂമര്‍ ഗുഡ്സ് വില്‍ക്കുന്ന ഇടങ്ങളിലുമൊക്കെ താരിഫ് വര്‍ധനയുടെ ആഘാതങ്ങള്‍ വളരെ വേഗം തന്നെ അനുഭവത്തിലെത്തും.ഇക്കാര്യം തുറന്നു പറഞ്ഞിട്ടും സര്‍ക്കാര്‍ ഈ വിഷയത്തിലേയ്ക്ക് ഇനിയും എത്തിയിട്ടില്ലെന്ന ആക്ഷേവമുയര്‍ന്നു.

തൊഴിലാളികള്‍ക്കും വ്യവസായ സ്ഥാപനത്തിനും വേണ്ടി പ്രത്യേക പിന്തുണാ പായ്ക്കേജുകളൊന്നും സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന സൂചനയും ഐബെക് മേധാവി നല്‍കി.വലിയ അസ്ഥിരതയാണ് വരാന്‍ പോകുന്നതെന്ന് ഉപപ്രധാനമന്ത്രി തുറന്നു സമ്മതിച്ചെങ്കിലും ഇതു മൂലം പ്രതിസന്ധിയിലാകുന്ന സ്ഥാപനങ്ങളെയും തൊഴിലാളികളെയും സഹായിക്കുന്നതിനുള്ള നടപടികളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല.ഐബെക്കും തൊഴിലുടമ സംഘടനകളും ട്രേഡ് യൂണിയനുകളുമൊക്കെ ഒത്തുചേര്‍ന്ന് പ്രശ്നം പരിഹരിക്കട്ടെയെന്ന നിലപാടിലാണ് സര്‍ക്കാര്‍.ഇക്കാര്യം ഹാരിസ് വ്യക്തമാക്കുകയും ചെയ്തു.പ്രശ്നങ്ങളെ ലഘൂകരിച്ച് കാണുകയാണ് നേണ്ടതെന്നും സര്‍ക്കാര്‍ പറയുന്നു.

ജോലി സമയം കുറച്ചാല്‍ തൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കുമെന്ന് സൈമണ്‍ ഹാരീസ്

ജോലി സമയം കുറച്ചാല്‍ തൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കുന്ന ഹ്രസ്വകാല തൊഴില്‍ പദ്ധതി ഇതിനകം നിലവിലുണ്ടെന്ന് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് കൂട്ടിച്ചേര്‍ത്തു.ഒരു ജീവനക്കാരന്റെ ജോലി ആഴ്ചയില്‍ 5 ദിവസത്തില്‍ നിന്നും 3 മൂന്നിലേയ്ക്ക് ചുരുക്കിയാല്‍, മറ്റ് 2 ദിവസത്തേക്ക് ജോബ്‌സീക്കേഴ്‌സ് ബെനെഫിറ്റ് സ്‌കീമനുസരിച്ച് ഷോര്‍ട്ട് ടൈം വര്‍ക്ക് സപ്പോര്‍ട്ടിന് അര്‍ഹതയുണ്ടാകും.എന്നിരുന്നാലും, ഇപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹാരിസ് വ്യക്തമാക്കി.ബിസിനസിനെയും തൊഴിലാളികളെയും സഹായിക്കാന്‍ എപ്പോഴും തയ്യാറാണെന്നും ഹാരിസ് പറഞ്ഞു.

താരിഫ് പ്രതിസന്ധി :വേതന സബ്‌സിഡി പദ്ധതി ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി

അതേസമയം, യു എസ് താരിഫുകളുടെ ആഘാതങ്ങളേല്‍ക്കേണ്ടി വരുന്ന വ്യാപാരസ്ഥാപനങ്ങളെ സഹായിക്കുന്നതിന് വേതന സബ്‌സിഡി പദ്ധതി ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ പ്രസ്താവിച്ചത് സൈമണ്‍ ഹാരിസിന്റെ നിലപാടിനെ എതിര്‍ത്തുകൊണ്ടാണ്..

അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ചയെയും തൊഴിലവസരങ്ങളെയും പുതിയ താരിഫുകള്‍ ദോഷകരമായി ബാധിക്കുമെന്ന് അംഗീകരിച്ച മന്ത്രി പക്ഷേ കോവിഡ് സമയത്തേതിന് സമാനമായ പിന്തുണാ പദ്ധതികളൊന്നും ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി.അന്ന് നടപ്പാക്കിയത് പോലുള്ള വേതന സബ്‌സിഡി പദ്ധതിയൊന്നും ഇപ്പോഴുണ്ടാകില്ല.പൊതു ധനകാര്യം ശക്തമായ നിലയിലാണെന്ന് മന്ത്രി പറഞ്ഞു.നമുക്ക് ധനമിച്ചമുണ്ട്. 2.8 മില്യണ്‍ ആളുകള്‍ക്ക് ജോലിയുണ്ട്. ശക്തമായ ഇടത്തുതന്നെയാണ് അയര്‍ലണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

തീരുമാനമെടുക്കേണ്ടത് ഇ യു

യു എസ് താരിഫുകള്‍ക്ക് മറുപടിയായി എല്ലാ നടപടികളും ഇ യു പരിഗണിക്കണം.ആനുപാതികവും ക്രമീകൃതവുമായിരിക്കണം ഈ നടപടികളെന്നും ഡോണോ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ഇതിന് മറുപടി നല്‍കേണ്ടത് ഇയുവാണെന്നും മന്ത്രി പറഞ്ഞു.ഈ വിഷയത്തില്‍ ക്രിയാത്മക ചര്‍ച്ചകളുണ്ടാകണമെന്നാണ് അഭിപ്രായം.ആഗോള വ്യാപാര തര്‍ക്കത്തെത്തുടര്‍ന്നുള്ള ഏറ്റവും മോശം സാഹചര്യം ഒഴിവാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.അധിക വിപണികള്‍ കണ്ടെത്താന്‍ തൊഴിലുടമകളെ സഹായിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഡോണോ പറഞ്ഞു.
ഹാരിസിന്റെ ഇടപെടല്‍

യു എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബുധനാഴ്ച ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് അമേരിക്കയിലേക്ക് പോകുന്നുണ്ട്.യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനുമായി പലതവണ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.യു എസും ഇ യുവുമായുള്ള അയര്‍ലണ്ടിന്റെ മൂല്യവത്തായ ബന്ധം ഹാരിസ് ഇരുപക്ഷത്തേയും ബോധ്യപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെ സാമ്പത്തിക നിലയടക്കമുള്ള പൊതു സ്ഥിതിയെക്കുറിച്ച് പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രിയുമായി ചേര്‍ന്ന് അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നും ഡോണോ പറഞ്ഞു.

മദ്യക്കുപ്പികളില്‍ നിന്ന് ആരോഗ്യ മുന്നറിയിപ്പുകള്‍ നീക്കം ചെയ്യും , കൂടുതല്‍ വരുമാനമുണ്ടാവട്ടെ...

സാമ്പത്തിക അനിശ്ചിതത്വത്തിന്റെ അടിസ്ഥാനത്തില്‍ മദ്യക്കുപ്പികളില്‍ നിന്ന് ആരോഗ്യ മുന്നറിയിപ്പുകള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഡോണോ പറഞ്ഞു.പാനീയ വ്യവസായം വര്‍ഷങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണിതെന്ന് മന്ത്രി പറഞ്ഞു.

രണ്ട് ദിവസത്തെ  ശമ്പളത്തോടുകൂടിയ സിക്ക് ലീവ്

ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ അധിക ശമ്പളത്തോടുകൂടിയ സിക്ക് ലീവ് നല്‍കാനുള്ള പദ്ധതിയും പരിശോധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. എന്റര്‍പ്രൈസ് മന്ത്രി പീറ്റര്‍ ബര്‍ക്ക് ഉടന്‍ തന്നെ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a<

Comments are closed.