head1
head3

ആശ്വാസമരുളി ഇന്ത്യാ ബജറ്റ് 25 : വിദേശത്ത് പഠിക്കുന്നതിനുള്ള വായ്പയ്ക്ക് ഇനി മുതല്‍ നികുതിയില്ല

ന്യൂഡെല്‍ഹി :വിദേശത്ത് പഠനത്തിനുള്ള വായ്പയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ടി ഡി എസ് ഒഴിവാക്കി. വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസം നല്‍കുന്നതാണ് ഈ ബജറ്റ് പ്രഖ്യാപനം.അയയ്ക്കുന്ന മുഴുവന്‍ തുകയും വിദ്യാര്‍ത്ഥിയ്ക്ക് ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം.

വിദ്യാഭ്യാസ വായ്പ്പയുടെ നികുതി സംബന്ധമായ പേപ്പര്‍ വര്‍ക്കുകളും സാമ്പത്തികച്ചെലവും കുറയ്ക്കുന്നതാണ് ഈ നടപടി.നേരത്തേ വിദേശത്തേയ്ക്ക് ഏഴ് ലക്ഷം രൂപയ്ക്ക് മേല്‍ പണം അയക്കുന്നതിന് 0.5% ആയിരുന്നു ടി ഡി എസ്

വിദേശ യാത്രകള്‍ക്കും ചികിത്സയ്ക്കും മറ്റുമായി വിദേശ പണമയയ്ക്കലിന് ചുമത്തുന്ന ടിസിഎസ് ( സ്രോതസില്‍ നിന്ന് നികുതി ഈടാക്കല്‍) പരിധി ഏഴു ലക്ഷത്തില്‍ നിന്ന് പത്തുലക്ഷമാക്കി ഉയര്‍ത്തി. വിദേശ പഠനത്തെ ടിസിഎസില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. വിദേശ പഠനത്തിനായി ഒരു പ്രത്യേക ധനകാര്യ സ്ഥാപനത്തില്‍ നിന്ന് എടുത്ത വായ്പയ്ക്കാണ് ഇളവ് ലഭിക്കുക എന്നും ധനമന്ത്രി പറഞ്ഞു.

വിദേശ പണമയയ്ക്കുന്നതിനുള്ള ടി സി എസ് പരിധി ഏഴില്‍ നിന്നും 10 ലക്ഷം രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ ബി ഐ) ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍ ആര്‍ എസ്) പ്രകാരമാണ് നികുതി പിരിവ് സ്രോതസ്സില്‍ (ടി സി എസ്) മാറ്റം പ്രഖ്യാപിച്ചത്. 2023-23 ലെ കേന്ദ്ര ബജറ്റ് വിദേശ പണമയയ്ക്കലിനുള്ള ടിസിഎസ് 5 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്.

ആദായനികുതി ഉയര്‍ത്തി

ഇന്നലെത്തെ ബജറ്റിന്റെ ഏറ്റവും വലിയ ഹൈലൈറ്റും ആദായ നികുതിയിലെ ഇളവ് പരിധിയാണ്. പുതിയ നികുതി വ്യവസ്ഥക്കു കീഴിലുള്ള 12 ലക്ഷം വരെ വരുമാനം വാങ്ങുന്നവര്‍ക്ക് നികുതി അടക്കേണ്ടതില്ല എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ രാജ്യം ഒന്നാകെ ഈ പ്രഖ്യാപനത്തെ കൈ അടിച്ചു പാസാക്കി.

തുടര്‍ച്ചയായി 8 -ാമതും ബജറ്റ് അവതരിപ്പിച്ച് നിര്‍മലാ സീതാരാമന്‍ ഇന്ന് ചരിത്രം കുറിച്ചിരിക്കുകയാണ്. 50,65345 കോടി രൂപ ചെലവ് വകയിരുത്തിയ ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ഷിക മേഖല വികസനത്തിനായി 171437 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് നടപ്പിലാക്കാന്‍ പോകുന്ന പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജനയാണ് പ്രധാന പ്രഖ്യാപനം. കുറഞ്ഞ ഉല്‍പാദനക്ഷമതയും ശരാശരിയില്‍ താഴെയുള്ള വായ്പാ പാരാമീറ്ററുകളുമുള്ള 100 ജില്ലകളെ ഈ പദ്ധതി ഉള്‍പ്പെടുത്തും. 1.7 കോടി കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പയര്‍ വര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്ന മിഷന്‍ ഫോര്‍ പള്‍സസിന് 1000 കോടിയും മിഷന്‍ ഫോര്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സിന് 500 കോടിയും ഇത്തവണ പുതുതായി വകയിരുത്തിയിട്ടുണ്ട്. പരുത്തി കൃഷിയെ പ്രേത്സാഹിപ്പിക്കുന്നതിനായി 500 കോടിയും മഖാന ബോര്‍ഡിനും ഹൈബ്രിഡ് സീഡിനും 100 കോടി രൂപ വീതവും ഇത്തവണ പുതുതായി നീക്കിവച്ചിട്ടുണ്ട്.ഉത്പാദനക്ഷമത മെച്ചപ്പെടുത്തല്‍, ആഭ്യന്തര പയര്‍ വര്‍ഗ ഉത്പാദനം, കര്‍ഷകര്‍ക്ക് ലാഭകരമായ വില ഉറപ്പാക്കല്‍, കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിത്തുകള്‍ വികസിപ്പിക്കല്‍ എന്നിവ ഇതിലൂടെ ലക്ഷ്യമിടുന്നു.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 7.7 കോടി കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ക്ക് ഹ്രസ്വകാല വായ്പകള്‍ നല്‍കാനും ബജറ്റ് ലക്ഷ്യമിടുന്നു.പരിഷ്‌കരിച്ച പലിശ സബ്വെന്‍ഷന്‍ സ്‌കീമിന് കീഴിലുള്ള വായ്പാ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട് . 2413 കോടിയോളം രൂപയാണ് ഇത്തവണ ബജറ്റില്‍ കാര്‍ഷിക വികസനത്തിനായി നീക്കിവച്ചിരിക്കുന്നത്.

കല്‍ക്കരി ഖനന വികസനത്തിനായി 300 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.കയറ്റുമതിക്കായി 240 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. വാണിജ്യ, എംഎസ്എംഇ, ധനകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി നയിക്കുന്ന ‘എക്സ്‌പോര്‍ട്ട് പ്രമോഷന്‍ മിഷന്‍’ സ്ഥാപിക്കാനും തുക നീക്കിവച്ചിട്ടുണ്ട്. കയറ്റുമതി ക്രെഡിറ്റ്, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള പിന്തുണ എന്നിവ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും.

കെവൈസി പ്രക്രിയ ലളിതമാക്കുന്നതിനായി പുതുക്കിയ സെന്‍ട്രല്‍ കെവൈസി രജിസ്ട്രി 2025 ല്‍ പുറത്തിറക്കും.പ്ലഗ് ആന്‍ഡ് പ്ലേ വ്യവസായ പാര്‍ക്കുകള്‍ക്കായി വന്‍തുകയാണ് നീക്കിവച്ചിരിക്കുന്നത്. 2500 കോടിയുടെ പദ്ധതികളാണ് ഈ രംഗത്ത് ലക്ഷ്യം വക്കുന്നത്.

ഭൗമശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കുന്ന ‘മോസം ഇന്ത്യ’ പദ്ധതിക്കായി 446 കോടി ഇത്തവണ മാറ്റിവച്ചിട്ടുണ്ട്.വിദ്യാഭ്യാസ രംഗത്ത് കേന്ദ്രീയ വിദ്യാലയ പദ്ധതിക്കായി 200 കോടിയിലധികം ഇത്തവണ അധികമായി വകയിരുത്തിയിട്ടുണ്ട്.

പിഎം സ്‌കൂള്‍സ് റൈസിങ് ഇന്ത്യക്കായി 600 കോടിയിലധികം നീക്കിവച്ചിട്ടുണ്ട്. 2721 കോടിയാണ് പദ്ധതിക്കായി ഈ വര്‍ഷം മാറ്റിവച്ചിരിക്കുന്നത്. പിഎം പോഷന്‍ പദ്ധതിക്കും ഇരട്ടി തുകയാണ് ഇത്തവണ മാറ്റിവച്ചിരിക്കുന്നത്.സമഗ്ര ശിക്ഷക്കായി 4971 കോടി മാറ്റിവച്ചു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായും വലിയ തുകയാണ് ഇത്തവണ നീക്കിവച്ചിരിക്കുന്നത്.

പിഎം ഇ ഡ്രൈവ് പദ്ധതിക്കായി ഈ വര്‍ഷം 2324 കോടി മാറ്റിവച്ചു. രാജ്യത്തുടനീളമുള്ള 8 കോടിയിലധികം കുട്ടികള്‍ക്കും, 1 കോടി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും, ഏകദേശം 20 ലക്ഷം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും സാക്ഷാം അംഗന്‍വാടി, പോഷണ്‍ 2.0 പരിപാടി പോഷകാഹാര പിന്തുണ നല്‍കുന്നു.പോഷകാഹാര പിന്തുണയ്ക്കുള്ള ചെലവ് മാനദണ്ഡങ്ങള്‍ ഉചിതമായി വര്‍ദ്ധിപ്പിക്കും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 50,000 അടല്‍ ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിക്കും.

ഗ്രാമീണ മേഖലയിലെ എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി (ഭാരത് നെറ്റ്) നല്‍കും.

സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസത്തിനായി ഡിജിറ്റല്‍ രൂപത്തിലുള്ള ഇന്ത്യന്‍ ഭാഷാ പുസ്തകങ്ങള്‍ നല്‍കുന്നതിനായി ഭാരതീയ ഭാഷാ പുസ്തക പദ്ധതി അവതരിപ്പിക്കും. 2014 ന് ശേഷം ആരംഭിച്ച 5 ഐഐടികളില്‍ 6,500 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി അധിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കും.

500 കോടി രൂപയുടെ മൊത്തം ചെലവില്‍ വിദ്യാഭ്യാസത്തിനായുള്ള ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്റര്‍ സ്ഥാപിക്കും.അടുത്ത വര്‍ഷം, മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും 10,000 സീറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കും. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കും. 2025-26 ല്‍ 200 കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

വമ്പന്‍ പ്രഖ്യാപനങ്ങളാണ് ഇന്നത്തെ ബജറ്റില്‍ നഗര വികസനത്തിനായി ഉള്ളത്. നഗര പരിഷ്‌കരണത്തിനായി അമൃത് പദ്ധതിക്കായി 8905 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. മെട്രോ റെയില്‍ പ്രൊജക്ടുകള്‍ക്കായി 649 കോടി ഗ്രാന്റ് മാറ്റിവച്ചിട്ടുണ്ട്.

സ്മാര്‍ട്ട് സിറ്റി മിഷനായി ഇത്തവണ നീക്കിയിരിപ്പില്ല. അതേസമയം ഇന്‍ഡസ്ട്രിയല്‍ ഭവനത്തിനായി 2500 കോടിയും അര്‍ബന്‍ ചലഞ്ച് ഫണ്ടിലേക്ക് 10000 കോടിയും നീക്കിവച്ചു.ഗിഗ് വര്‍ക്കറുടെ തിരിച്ചറിയല്‍ കാര്‍ഡുകളും ഇ-ശ്രാം പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും സര്‍ക്കാര്‍ ക്രമീകരിക്കും.

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം ഗിഗ് തൊഴിലാളികള്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കും. ഈ നടപടി ഏകദേശം 1 കോടി ഗിഗ്-തൊഴിലാളികളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

50,000 പാര്‍പ്പിട യൂണിറ്റുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ച സ്വാമി ഫണ്ടിന്റെ രണ്ടാം ഘട്ടത്തില്‍ 40000 യൂണിറ്റുകള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.

ടൂറിസം മേഖലയില്‍, ഇന്ത്യയിലെ മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച് വികസിപ്പിക്കും. തൊഴില്‍ അധിഷ്ഠിത വളര്‍ച്ച സാധ്യമാക്കുന്നതിന് ഹോംസ്റ്റേകള്‍ക്കായി മുദ്ര വായ്പകള്‍ നല്‍കുക, ഫലപ്രദമായ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റിനായി സംസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുക, ക്രമീകരിച്ച ഇ-വിസ സൗകര്യങ്ങള്‍ അവതരിപ്പിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കും. ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ യുവാക്കള്‍ക്കായി തീവ്രമായ നൈപുണ്യ വികസന പരിപാടികള്‍ സംഘടിപ്പിക്കും.

കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍, മറ്റ് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി, അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ (ബിസിഡി) നിന്ന് പൂര്‍ണമായും ഒഴിവാക്കിയ മരുന്നുകളുടെ പട്ടികയില്‍ 36 ജീവന്‍രക്ഷാ മരുന്നുകളും ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. 5% ഇളവ് കസ്റ്റംസ് തീരുവ ആകര്‍ഷിക്കുന്ന 6 ജീവന്‍രക്ഷാ മരുന്നുകളും പട്ടികയില്‍ ചേര്‍ക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. മുകളില്‍ പറഞ്ഞവ നിര്‍മ്മിക്കുന്നതിനുള്ള ബള്‍ക്ക് മരുന്നുകള്‍ക്ക് യഥാക്രമം പൂര്‍ണ ഇളവും ഇളവ് തീരുവയും ബാധകമാകും.

നദീ സംയോജനത്തിനായി കഴിഞ്ഞ തവണ 3908 കോടി മാറ്റിവച്ചിടത്ത് ഇത്തവണ 2330 കോടി മാത്രമാണ് മാറ്റിവച്ചിരിക്കുന്നത്. 5935 രൂപയാണ് ആന്ധ്രയുടെ ജലക്ഷാമം പരിഹരിക്കുന്നതിനായുള്ള പോലവാരം പദ്ധതിക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കായി പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യകാരം പദ്ധതിയിലേക്ക് 1000 കോടിയിലധികം വകയിരുത്തിയിട്ടുണ്ട്.

സയന്‍സ് ആന്‍ഡ് ടെക്ക്‌നോളജി രംഗത്തേക്കും 900 കോടി ഇത്തവണ അധികം വകയിരുത്തിയിട്ടുണ്ട്.പുതിയ ഐഐടികള്‍ക്കായി 1505 കോടി മാറ്റിവച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ 800 കോടിയോളം അധികം ആണ് ഈ തുക.

ഗോത്ര വര്‍ഗ വികസനത്തിനും വലിയ തുകയാണ് ഇത്തവണ മാറ്റിവച്ചിരിക്കുന്നത്. പട്ടിക വര്‍ഗ വികസനത്തിനായി പി എന്‍ വനബന്ധു കല്യാണ്‍ യോജനയിലേക്ക് 1924 കോടി ഇത്തവണത്തെ ബജറ്റ് നീക്കിവക്കുന്നു. 65345 കോടി രൂപയാണ് വിവിധ മേഖലകളിലെ പദ്ധതികള്‍ക്കായി കേന്ദ്രം മാറ്റിവച്ചിരിക്കുന്നത്. കാര്‍ഷിക മേഖലക്കായി 171437 രൂപ വകയിരുത്തിയിട്ടുണ്ട്.

ആന്‍ഡമാന്‍ & നിക്കോബാര്‍, ലക്ഷദ്വീപ് ദ്വീപുകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യന്‍ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ നിന്നും (ഇഇസെഡ്) ഹൈ സീസില്‍ നിന്നുമുള്ള മത്സ്യബന്ധനത്തിന്റെ സുസ്ഥിരമായ ഉപയോഗത്തിനായി സര്‍ക്കാര്‍ ഒരു ചട്ടക്കൂട് കൊണ്ടുവരും.

അസമിലെ നംരൂപില്‍ 12.7 ലക്ഷം മെട്രിക് ടണ്‍ വാര്‍ഷിക ശേഷിയുള്ള ഒരു യൂറിയ പ്ലാന്റ് സ്ഥാപിക്കും.

ഇന്ത്യാ പോസ്റ്റ് ഒരു വലിയ പൊതു ലോജിസ്റ്റിക്‌സ് സ്ഥാപനമായും രൂപാന്തരപ്പെടും.

നദീ സംയോജനത്തിനായി കഴിഞ്ഞ തവണ 3908 കോടി മാറ്റിവച്ചിടത്ത് ഇത്തവണ 2330 കോടി മാത്രമാണ് മാറ്റിവച്ചിരിക്കുന്നത്.

5935 രൂപയാണ് ആന്ധ്രയുടെ ജലക്ഷാമം പരിഹരിക്കുന്നതിനായുള്ള പോലവാരം പദ്ധതിക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കായി പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യകാരം പദ്ധതിയിലേക്ക് 1000 കോടിയിലധികം വകയിരുത്തിയിട്ടുണ്ട്. സയന്‍സ് ആന്‍ഡ് ടെക്ക്‌നോളജി രംഗത്തേക്കും 900 കോടി ഇത്തവണ അധികം വകയിരുത്തിയിട്ടുണ്ട്.പുതിയ ഐഐടികള്‍ക്കായി 1505 കോടി മാറ്റിവച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ 800 കോടിയോളം അധികം ആണ് ഈ തുക. ഗോത്ര വര്‍ഗ വികസനത്തിനും വലിയ തുകയാണ് ഇത്തവണ മാറ്റിവച്ചിരിക്കുന്നത്. പട്ടിക വര്‍ഗ വികസനത്തിനായി പി എന്‍ വനബന്ധു കല്യാണ്‍ യോജനയിലേക്ക് 1924 കോടി ഇത്തവണത്തെ ബജറ്റ് നീക്കിവക്കുന്നു.

ഇന്ത്യയിലെ പാദരക്ഷ, തുകല്‍ മേഖലയ്ക്കായി, ഒരു ഫോക്കസ് ഉല്‍പ്പന്ന പദ്ധതി നടപ്പിലാക്കും. ഈ പദ്ധതി 22 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനും 4 ലക്ഷം കോടി വിറ്റുവരവ് സൃഷ്ടിക്കാനും 1.1 ലക്ഷം കോടിയിലധികം കയറ്റുമതി ചെയ്യാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര മൂല്യവര്‍ദ്ധനവിനും തൊഴിലിനുമുള്ള ഇറക്കുമതി സുഗമമാക്കുന്നതിന് വെറ്റ് ബ്ലൂ ലെതറിന്റെ അടിസ്ഥാന കസ്റ്റം തീരുവ ഇപ്പോള്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.