head1
head3

ഡബ്ലിനിലെ ക്രിസ്മസ് ഗ്രോട്ടോയില്‍ നവംബര്‍ 26 മുതല്‍ സാന്താക്ലോസ്

ഡബ്ലിന്‍ :കോവിഡ് വ്യാപനം തുടരുകയാണെങ്കിലും കുട്ടികളെ കാണാന്‍ ഇത്തവണയുംഡബ്ലിനിലെ ക്രിസ്മസ് ഗ്രോട്ടോയില്‍ സാന്താക്ലോസ് എത്തും.

കുട്ടികളുമായി കുശലം പറയും, കൈനിറയെ സമ്മാനങ്ങള്‍ തരും.ഇത്തവണത്തെ ക്രിസ്മസിന്റെ പുതുമയും ഇതായിരിക്കും. സുരക്ഷിതമായി ,സാമൂഹികാകലം പാലിച്ച് കുട്ടികള്‍ക്ക് വാഹനത്തിലെത്തി ക്രിസ്മസ് അപ്പൂപ്പനെ കാണാം. പഴയപോലെ കൂടെ നിന്ന് ഫോട്ടോ എടുക്കാമോ എന്നത് സാഹചര്യങ്ങള്‍ അനുസരിച്ച് പിന്നീടേ തീരുമാനിക്കൂ .

നവംബര്‍ 26 മുതല്‍ ഡബ്ലിനിലെ ആര്‍ഡിഎസിലെ ഡ്രൈവ് ഇന്‍ ക്രിസ്മസ് ഗ്രോട്ടോയിലാണ് സാന്ത കുട്ടികളെ കാത്തിരിക്കുന്നത്.

ആര്‍ഡിഎസിന്റെ നോര്‍ത്ത് പോളില്‍ ഒരു ഔട്ട്പോസ്റ്റ് പണിതിട്ടുണ്ട്.സാന്തയുടെ മാന്ത്രിക പ്രവര്‍ത്തനങ്ങള്‍ കാണുന്നതിന് പുറകിലൂടെയും പ്രവേശനം ലഭിക്കും.എല്‍വസിന്റെ ചെക്ക്-ഇന്‍ ബൂത്തുകളില്‍ എത്തുന്നതിനു മുമ്പ് സാന്തയുടെ മാന്ത്രിക റണ്‍വേയിലൂടെ മിന്നുന്ന ലൈറ്റുകള്‍ക്കിടയിലൂടെ വാഹനവുമായി കടന്നുവരണം.

തുടര്‍ന്ന് നിങ്ങളെ കാത്തിരിക്കുന്ന അത്ഭുതങ്ങളുടെ മായിക ലോകമാണ്.വിന്റര്‍ വര്‍ക്ക്‌ഷോപ്പുകള്‍, സാന്തയുടെ സോര്‍ട്ടിംഗ് ഓഫീസ്, സ്നോ ബ്ലിസാര്‍ഡ് കണ്ടെയ്ന്‍മെന്റ് സെന്റര്‍,എല്‍വ്സിന്റെ ക്രിസ്മസ് നിയന്ത്രണ കേന്ദ്രം എന്നിവയെല്ലാമുണ്ടാകും.ഒടുവില്‍ മിസ്റ്റര്‍ & മിസ്സിസ് ക്ലോസ് സന്ദര്‍ശകരെ അഭിവാദ്യം ചെയ്യും.

സാന്തയുടെ സ്ലീയോടൊപ്പം കയറി ട്രീറ്റും സ്വീകരിക്കാം. മാജിക് ലോകത്തില്‍ സാന്തയെ കണ്ട് മടങ്ങുന്നതുള്‍പ്പടെ ഏകദേശം 20 മിനിറ്റ് സമയത്തെ പരിപാടിയാണ് ഇത്.

എല്ലാ വിധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് ക്രിസ്മസിന്റെ മാജികും സന്തോഷവും എല്ലാവര്‍ക്കുമെത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

യാതോരു വിധത്തിലും സമ്പര്‍ക്കമുണ്ടാകാത്ത വിധം ക്രിസ്മസ് അപ്പൂപ്പനുമായി ചാറ്റ് ചെയ്യണമെന്ന് സംഘാടകര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഏര്‍ളി ബേര്‍ഡ് ടിക്കറ്റിന് ഒരു വാഹനത്തിന് 39 യൂറോയാണ് ഫീസ് ഈടാക്കുന്നത്.ടിക്കറ്റ് ഇപ്പോള്‍ വില്‍പ്പനയിലുണ്ട്.മാജിക് ലോകത്തേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് കാര്‍ വിന്‍ഡോയിലൂടെ ടിക്കറ്റുകള്‍ സ്‌കാന്‍ ചെയ്യണം. കാറുകള്‍ ഡ്രൈവ്-ഇന്‍ ട്രാഫിക് ലൈറ്റ് സംവിധാനം പാലിക്കണമെന്നും സംഘാടകര്‍ ഓര്‍മ്മിപ്പിക്കുന്നു.

( അയര്‍ലണ്ടില്‍ ഭവനസന്ദര്‍ശനം നിരോധിച്ചിരിക്കുന്നതിനാല്‍, വീടുകളിലേക്ക് സാന്താ ഈ വര്‍ഷം എത്തുന്ന കാര്യം സംശയമാണെന്നും, എന്നാല്‍ മെറിയോണ്‍ റോഡിലെ ആര്‍ ഡി എസില്‍എത്തി സാന്തായെ നേരത്തെ തന്നെ എല്ലാവരും കണ്ടു മടങ്ങണമെന്നുമാണ് സംഘാടകരുടെ ആഗ്രഹം ! )

FOR MORE INFORMATION: https://driveinsanta.ie/

ഐറിഷ് മലയാളി ന്യൂസ്

.

Comments are closed.