head1
head3

വേറെ മാര്‍ഗ്ഗമൊന്നുമില്ല, അയര്‍ലണ്ടിലെ നഴ്സുമാര്‍ പണമുടക്കിന്

ഡബ്ലിന്‍ : ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാതെ മുന്നോട്ടുപോകുന്ന സര്‍ക്കാരിന്റെയും എച്ച് എസ് ഇയുടെയും നിലപാടുകളില്‍ പ്രതിഷേധിച്ച് അയര്‍ലണ്ടില്‍ നഴ്സുമാരുടെ പണിമുടക്ക് വരുന്നു.

ഇക്കാര്യത്തില്‍ ജീവനക്കാര്‍ അവരുടെ സംഘടനാ നേതൃത്വത്തിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്.ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐ എന്‍ എം ഒ), ഫോര്‍സ, യൂണിറ്റ് എന്നിവയിലെ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തു.വൈകാതെ പണിമുടക്കിന് നോട്ടീസ് നല്‍കിയേക്കും.സമരത്തിന് മൂന്നാഴ്ച മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ.പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ നേരിടേണ്ടി വരുന്നത് നഴ്സുമാരുടെ പണിമുടക്കായിരിക്കും.

റിക്രൂട്ട്‌മെന്റ് നിയന്ത്രണങ്ങളും ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവിലെ (എച്ച് എസ് ഇ) തസ്തികകള്‍ ഇല്ലാതാക്കലും സേവനങ്ങളെ വളരെയധികം ആരോഗ്യരംഗത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.

സംഘടനയിലെ 95.6% അംഗങ്ങളുംപണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തെന്ന് ഐ എന്‍ എം ഒ പറഞ്ഞു.ഈ തീരുമാനം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പരിഗണിക്കും. ആരോഗ്യമേഖലയിലെ മറ്റ് തൊഴിലാളി സംഘടനകളുമായി ഈ വിഷയത്തില്‍ ബന്ധപ്പെടുമെന്നും ഐ എന്‍ എം ഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ധ പറഞ്ഞു.

സമരത്തിന് അനുകൂലമായി ഫോര്‍സയിലെ 93.6% പേര്‍ വോട്ടു ചെയ്തു.തുടര്‍നടപടികള്‍ ആലോചിക്കുന്നതിന് യൂണിയന്റെ ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് യോഗം അടുത്തയാഴ്ച ചേരുമെന്ന് ഫോര്‍സ വ്യക്തമാക്കി.ജീവനക്കാരുടെ നിരാശയും ദിവസവും നേരിടുന്ന വെല്ലുവിളികളും വ്യക്തമാക്കുന്നതാണ് വോട്ടെടുപ്പെന്ന് ഫോര്‍സയുടെ ഹെല്‍ത്ത് ആന്റ് വെല്‍ഫെയര്‍ ഡിവിഷന്‍ മേധാവി ആഷ്‌ലി കൊണോലി പറഞ്ഞു.

സുരക്ഷിത സ്റ്റാഫിംഗ് പാറ്റേണ്‍ ഉറപ്പാക്കുക എന്നത് മാത്രമാണ് സമരമൊഴിവാക്കാനുള്ള ഏക മാര്‍ഗ്ഗമെന്ന് യുണൈറ്റ് റീജിയണല്‍ ഓഫീസര്‍ ഇയോന്‍ ഡ്രമ്മേ പറഞ്ഞു.

ആരോഗ്യ മേഖലയ്ക്ക് അധിക ഫണ്ട് ലഭിച്ചിട്ടും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടും പണിമുടക്കിനുള്ള നീക്കം ഖേദകരമാണെന്ന് എച്ച് എസ് ഇ ആരോപിച്ചു.പണിമുടക്ക് നോട്ടീസ് ലഭിച്ചാലുടന്‍ വിശദമായി പരിശോധിച്ച് തുടര്‍നടപടിയെടുക്കുമെന്നും എച്ച് എസ് ഇ വക്താവ് പറഞ്ഞു. .പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ട്രേഡ് യൂണിയനുകളുമായും ബന്ധപ്പെടുമെന്നും എച്ച് എസ് ഇ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.