ലോക്കല്‍ അതോറിറ്റി ഹോം ലോണ്‍ അനുവദിക്കുന്നതില്‍ വിവേചനമെന്ന് പരാതി
ഇന്ത്യന്‍ ദമ്പതികള്‍ നേരിട്ടത് സമാനതയില്ലാത്ത വിവേചനം
ഡബ്ലിന്‍ : ഭവനവായ്പ അനുവദിക്കുന്നതില്‍ ഇന്ത്യ അടക്കമുള്ള നോണ്‍ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലുള്ളവരോട് വിവേചനം കാട്ടുന്നതായി ആക്ഷേപം.
ലോക്കല്‍ അതോറിറ്റി ഹോം ലോണിനെതിരെയാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇന്ത്യക്കാരന്റെ പരാതി ഉയര്‍ന്നത്.വായ്പ അനുവദിക്കുന്നതില്‍ നിയമവിരുദ്ധമായി ഏജന്‍സി പ്രവര്‍ത്തിച്ചെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.ദേശീയതയുടെ പേരിലാണ് ഈ വിവേചനമെന്നും ഇദ്ദേഹം ആരോപിക്കുന്നു. അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് മൂന്നു തവണയാണ് ഇദ്ദേഹവും ഭാര്യയും ചേര്‍ന്ന് നല്കിയ അപേക്ഷ തള്ളിയത്.ഇതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു പോലും മറുപടി ലഭിച്ചില്ല.
കണ്ണില്ലാത്ത വിവേചനത്തിന്റെ കഥ ഇങ്ങനെ
കൗണ്ടി കൗണ്‍സിലിലാണ് ഭാര്യയോടൊപ്പം ഇദ്ദേഹം വായ്പയ്ക്കായി സംയുക്ത അപേക്ഷ നല്‍കിയത്.ലോക്കല്‍ അതോറിറ്റി ഹോം ലോണ്‍ ലഭിക്കുന്നതിന് നോണ്‍ ഇയു ഇ ഇ എ പൗരന്മാര് അഞ്ച് വര്‍ഷത്തേക്ക് അയര്‍ലണ്ടില്‍ നിയമപരമായി താമസിക്കേണ്ടതുണ്ട്. മാത്രമല്ല അഞ്ച് വര്‍ഷമോ അതില്‍ക്കൂടുതലോ വര്‍ഷങ്ങള്‍ താമസിക്കാനുള്ള അവധിയുണ്ടെന്നും വ്യക്തമാക്കി വേണം അപേക്ഷിക്കാന്‍.ഇതെല്ലാം അനുസരിച്ചാണ് ഇരുവരും അപേക്ഷ നല്‍കിയത്.തുടര്‍ന്ന് അണ്ടര്‍ റൈറ്റിംഗിനായി അപേക്ഷ ഹൗസിംഗ് ഏജന്‍സിക്ക് കൈമാറി.
അപേക്ഷകനായ ഭര്‍ത്താവ് 2019 മുതല്‍ അയര്‍ലണ്ടില്‍ നിയമപരമായി താമസിച്ച് ജോലി ചെയ്തു വരുന്നയാളാണ്. ഭാര്യ സ്റ്റാമ്പ് 3 ജോയിന്‍ സ്പൗസ് റെസിഡന്‍സ് പെര്‍മിറ്റ് പ്രകാരം നിയമപരമായി അയര്‍ലണ്ടിലേക്ക് എത്തിയതാണ്.എന്നാല്‍ ഇത് സംബന്ധിച്ച മതിയായ ഡോക്യുമെന്റേഷനില്ലെന്ന കാരണം പറഞ്ഞ് ആദ്യ അപേക്ഷ നിരസിച്ചു.
എമിഗ്രേഷന്‍ സ്റ്റാറ്റസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ അപേക്ഷകര്‍ സമര്‍പ്പിച്ചു.അതും അംഗീകരിക്കാതെ രണ്ടാമതും അപേക്ഷ തള്ളി.അഞ്ച് വര്‍ഷത്തിലേറെ റസിഡന്‍സി പെര്‍മിറ്റ് നീട്ടാന്‍ അനുവദിക്കാത്തതാണ് അയോഗ്യതയ്ക്ക് കാരണമായി കൗണ്‍സില്‍ കണക്കാക്കിയത്.
നിയമാനുസൃതമായ വര്‍ക്ക് പെര്മിറ്റുള്ളതിനാല് ഭര്‍ത്താവിന് എല്ലാ വര്‍ഷവും റസിഡന്‍സ് പെര്‍മിറ്റ് പുതുക്കാനാവുമായിരുന്നു. അതിനാല്‍ അപേക്ഷകര്‍ക്ക് രാജ്യത്ത് തുടരാന്‍ തടസ്സമുണ്ടായിരുന്നില്ല. ഇത് തെളിയിക്കാന്‍ മൂന്ന് മാസം മുമ്പ്,സാധുവായ വര്‍ക്ക് പെര്‍മിറ്റ് ഉപയോഗിച്ച് 2025ന്റെ ആരംഭം വരെ ഇദ്ദേഹം റസിഡന്‍സ് പെര്‍മിറ്റ് പുതുക്കി.
ഭാര്യയ്ക്ക് സ്റ്റാമ്പ് 3 ഉള്ളതിനാല്‍, വര്‍ക്ക് പെര്‍മിറ്റുള്ള നോണ്‍ ഇ യു/ ഇ ഇ എ പങ്കാളിക്കൊപ്പം അയര്‍ലണ്ടില്‍ തുടരുന്നതിനും കഴിയുമായിരുന്നു.വര്‍ക്ക് പെര്‍മിറ്റില്ലാതെ അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന സ്റ്റാമ്പ് 4നും (പെര്‍മനന്റ് റസിഡന്‍സി) ഭര്‍ത്താവ് ഈ വര്‍ഷം അര്‍ഹത നേടുമായിരുന്നു.
ഇക്കാര്യവും അപേക്ഷകന് ലോക്കല്‍ അതോറിറ്റിയെ ബോധ്യപ്പെടുത്തി.ഇതേത്തുടര്‍ന്ന്, കൗണ്ടി കൗണ്‍സില്‍ അപേക്ഷ വീണ്ടും ഹൗസിംഗ് ഏജന്‍സിക്ക് അയച്ചു.മൂന്നാമത്തെ ഈ അപേക്ഷയും ഏജന്‍സി തള്ളി. നോണ്‍ ഇയു വിഭാഗത്തിനുള്ള ക്രെഡിറ്റ് പോളിസിയുടെ മാനദണ്ഡം ഭാര്യ പാലിച്ചിട്ടില്ലെന്ന കാരണമായിരുന്നു ഇതിന് ചൂണ്ടിക്കാട്ടിയത്.
ഈ നടപടി ഹൗസിംഗ് ലോണ്‍ റെഗുലേഷന്‍സ് 2021, സെക്ഷന്‍ 7 (സി) പ്രകാരം തീര്‍ത്തും നിയമവിരുദ്ധമാണെന്ന് അപേക്ഷകന് ആരോപിക്കുന്നു.എല്ലാ ഹൗസിംഗ് ലോണ്‍ അപേക്ഷകളിലും തീരുമാനം എടുക്കേണ്ടത് സ്കീമിന്റെ ചട്ടങ്ങള്‍ക്കും വായ്പാ നയത്തിനും അനുസരിച്ചായിരിക്കണമെന്ന ഭവനമന്ത്രി ദാരാ ഒബ്രിയന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇത് വിവേചനമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്
ലോക്കല്‍ ഹോം അതോറിറ്റി ലോണ്‍ ലഭിക്കുന്നതിന് വേണ്ട എല്ലാ ഡോക്യുമെന്റേഷനുകള്ക്കും പുറമേ അധിക ഇമിഗ്രേഷന്‍ ഡോക്യുമെന്റേഷനും നല്‍കിയിട്ടും വായ്്പ അനുവദിക്കാന്‍ ഏജന്‍സി തയ്യാറായില്ല.ഇതു സംബന്ധിച്ച പുതുക്കിയ മാനദണ്ഡങ്ങളൊന്നും ഏജന്‍സി പുറത്തിറക്കിയിട്ടുമില്ല.
വായ്പ അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയമപ്രകാരം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. എന്നാല്‍ അതിനും ഏജന്‍സി തയ്യാറായിട്ടില്ല.
നോണ്‍ ഇയു/ഇ ഇ എ അപേക്ഷകര്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്ററി ചോദ്യത്തിന് ലഭിച്ച മറുപടിയിലും പുതിയ വ്യവസ്ഥകളൊന്നും ഏര്‍പ്പെടുത്തിയതായി പരാമര്‍ശമില്ല.
ദേശീയത പ്രശ്നമാക്കിക്കോ… പക്ഷേ അതെന്താണെന്ന് പറയൂ…
ദേശീയത വേറെയാണെന്ന ഒറ്റ കാരണത്താലാണ് ഏജന്‍സിയുടെ ഈ നടപടിയെന്ന് അപേക്ഷകന് വിശ്വസിക്കുന്നു.ദേശീയതയെ അടിസ്ഥാനമാക്കിയുള്ള ചില ഡിഫറന്‍ഷ്യല്‍ ട്രീറ്റ്മെന്റുകള്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ അതെന്തൊക്കെയാണെന്നതിനുള്ള ഡാറ്റകളൊന്നും ഭവനവകുപ്പില്‍ ലഭ്യമല്ലെന്ന് പാര്‍ലമെന്ററി ചോദ്യത്തിന്റെ മറുപടി വ്യക്തമാക്കുന്നു.
എന്തുകൊണ്ടാണ് തങ്ങളുടെ അപേക്ഷകള്‍ തുടര്‍ച്ചയായി നിരസിച്ചതെന്നും അതിന്റെ കാരണങ്ങള്‍ രേഖാമൂലം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് അപേക്ഷകന് ഏജന്‍സിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കി.കൂടാതെ ഇതു സംബന്ധിച്ച ഭവന വകുപ്പു മന്ത്രിയുടെ ഉത്തരവുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. 2014ലെ ഫ്രീഡം ഓഫം ഓഫ് ഇന്‍ഫര്‍മേഷന്‍ നിയമപ്രകാരം നല്കിയ ഈ അപേക്ഷയും നിരസിച്ചു.ഇത്തരത്തില്‍ മറുപടി നല്കാന് അധികാരമില്ലെന്നും ഭവനവകുപ്പു മന്ത്രിക്കാണ് അതുള്ളതെന്നുമായിരുന്നു ഇതിനുള്ള വിശദീകരണം.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.