head1
head3

അയര്‍ലണ്ടില്‍ ജോലി നേടി എത്തുന്നവരുടെ സ്പൗസസിനും ഇനി ജോലി നല്‍കും, അയര്‍ലണ്ട് കാത്തിരുന്ന തീരുമാനം

ഡബ്ലിന്‍ : ജോലിയും പഠനവുമൊക്കെയായി അയര്‍ലണ്ടില്‍ കഴിയുന്ന നൂറുകണക്കിനാളുകള്‍ക്ക് ആഹ്ലാദ വാര്‍ത്തയൊരുക്കി ജസ്റ്റിസ് വകുപ്പ് .

ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റിന്റെയും ഇന്‍ട്രാ കോര്‍പ്പറേറ്റ് ട്രാന്‍സ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ഹോള്‍ഡര്‍മാരുടെയും യോഗ്യരായ ജീവിതപങ്കാളികള്‍ക്കും പാര്‍ട്ണര്‍മാര്‍ക്കും സ്റ്റാമ്പ് 3യ്ക്ക് പകരം സ്റ്റാമ്പ് 1 ജി പെര്‍മിഷന്‍ അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍.ഫാമിലി റിയൂണിഫിക്കേഷന് അപേക്ഷിച്ചവരും അത്  അനുവദിച്ചവര്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.സ്പൗസസിനായി പ്രത്യേക അപേക്ഷ നല്‍കാതെ തന്നെ ,അവര്‍ക്ക് ജോലി ചെയ്യാനുള്ള അവസരമാണ് ഈ ക്രമീകരണത്തിലൂടെ നല്‍കപ്പെടുന്നത്.ഇനി മുതൽ  അയർലണ്ടിൽ ജോലി നേടി എത്തുന്നവർക്കെല്ലാം പുതിയ നിയമ ഭേദഗതി ബാധകമാകും.

ഈ സംവിധാനത്തിലൂടെ പ്രത്യേക വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ ജോലി ഏറ്റെടുക്കാന്‍ ഈ പെര്‍മിറ്റുടമകള്‍ക്ക് സാധിക്കുമെന്നതാണ് സൗകര്യം.

ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ഹോള്‍ഡര്‍മാരുടെ ജീവിതപങ്കാളികള്‍ക്കും പാര്‍ട്ണര്‍മാര്‍ക്കും സ്റ്റാമ്പ് 3യിലുള്‍പ്പെട്ട ഹോസ്റ്റിംഗ് എഗ്രിമെന്റുള്ള ഗവേഷകര്‍ക്കും ഇപ്പോള്‍ സ്റ്റാമ്പ് 1ജിയ്ക്ക് അപേക്ഷിക്കാം.ഇന്നലെ മുതല്‍ തന്നെ ഭേദഗതി നിലവില്‍ വന്നുവെന്നതും ആഹ്‌ളാദമേകുന്നു.

ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ ,അടക്കമുള്ള എല്ലാ ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റുകാര്‍ക്കും ലഭ്യമാകുന്ന ഈ അവസരം അയര്‍ലണ്ടിലെ വിദേശ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നിര്‍ണ്ണായക തീരുമാനമാണ്.ഇനി എല്ലാ വിദേശ തൊഴിലാളികളുടെയും ,സ്പൗസിനോ ,പാര്‍ട്ട്‌നര്‍ക്കോ അയര്‍ലണ്ടില്‍ ലഭ്യമായ ഏത് ജോലിയ്ക്കും ചേരാനാവും എന്നത് മാത്രമല്ല, ആവശ്യമെങ്കില്‍ അവര്‍ക്ക് ഉപരി പഠനത്തിനുള്ള കോഴ്സുകള്‍ക്ക് ചേരാനും അനുമതിയുണ്ടാവും.

അര്‍ഹതയ്ക്കനുസരിച്ച ഉയര്‍ന്ന ജോലി നേടാം

അയര്‍ലണ്ടിലെ ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് ഹോള്‍ഡേഴ്സ്റ്റിന്റെ ,സ്പൗസസിന് അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ഉയര്‍ന്ന ജോലികള്‍ക്ക് അവസരം നല്‍കുന്ന നിയമ ഭേദഗതിയാണിത്.ജനറല്‍ എംപ്ലോയ്മെന്റില്‍ തന്നെ ,കുറഞ്ഞ നിരക്കില്‍ ശമ്പളം വാങ്ങുന്ന ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടെ ഉയര്‍ന്ന വരുമാന വര്‍ദ്ധനവിനായി ഇപ്പോഴും പരിശ്രമം തുടരുന്നുണ്ട്.എന്നാല്‍ അവരുടെ സ്പൗസസിന് മികച്ച ശമ്പളമുള്ള ജോലിയ്ക്ക് അവസരം നല്‍കുന്ന ,ഭേദഗതി പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്.

അയര്‍ലണ്ടിലെ കുടുംബാംഗങ്ങളുമായി ചേരാന്‍ ആഗ്രഹിക്കുന്ന യോഗ്യരായ പാര്‍ട്ണര്‍മാര്‍ക്കും പങ്കാളികള്‍ക്കുമുള്ള നിലവിലുള്ള ഫാമിലി റീ യൂണിഫിക്കേഷന്‍ അപേക്ഷാ പ്രക്രിയയില്‍ മാറ്റമില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ജനറല്‍ എംപ്ലോയ്മെന്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ ,അവരുടെ നിശ്ചിത യോഗ്യതകള്‍ നേടിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അവരുടെ ഫാമിലിയെ അയര്‍ലണ്ടിലേക്ക് എത്തിക്കാനാവും.

പുതിയ വ്യവസ്ഥകള്‍

നിലവില്‍ ഐറിഷ് റെസിഡന്‍സ് പെര്‍മിറ്റ് (ഐ ആര്‍ പി) കാര്‍ഡുള്ള നിയമപരമായി അയര്‍ലണ്ടില്‍ താമസിക്കുന്ന,സ്റ്റാമ്പ് 3 പെര്‍മിഷനുള്ള യോഗ്യരായ പങ്കാളികള്‍ക്കും പാര്‍ട്ണര്‍മാര്‍ക്കും സ്റ്റാമ്പ് 1ജിയുടെ അതേ വ്യവസ്ഥകളില്‍ ഇവിടെ തുടരാനാകും.അവര്‍ക്ക് ഇനി വിപണിയില്‍ ലഭ്യമായ ഏത് ജോലിയ്ക്കും അപേക്ഷിക്കാം.

ജോലിയ്ക്ക് യോഗ്യരായ പാര്‍ട്ണര്‍മാരും പങ്കാളികളും പുതിയ ഐ ആര്‍ പി കാര്‍ഡ് സ്വന്തമാക്കേണ്ടതില്ല. പകരം സ്റ്റാമ്പ് 3 ഉപയോഗിച്ച് അംഗീകരിച്ച നിലവിലെ ഐ ആര്‍ പി കാര്‍ഡിനൊപ്പം തൊഴിലുടമകള്‍ക്ക് കത്ത് നല്‍കിയാല്‍ മതിയാകും.

ഡബ്ലിന്‍, മീത്ത്, കില്‍ഡെയര്‍, വിക്ലോ എന്നിവിടങ്ങളിലെ യോഗ്യരായ പങ്കാളികളും പാര്‍ട്ണര്‍മാരും കൗണ്ടികളിലെ രജിസ്ട്രേഷന്‍ ഓഫീസിലോ മറ്റിടങ്ങളിലുള്ളവര്‍ ഗാര്‍ഡാ ലോക്കല്‍ എമിഗ്രേഷന്‍ ഓഫീസിലോ 1ജിയിലേക്ക് മാറാനായി ഇതു സംബന്ധിച്ച് അപേക്ഷിക്കേണ്ടതില്ല.ഓട്ടോമാറ്റിക്കായി അവരുടെ നിലവിലുള്ള സ്റ്റാമ്പ് 1ജി യായി മാറ്റിയിട്ടുണ്ട്.

യോഗ്യരായ വ്യക്തികള്‍ക്ക് അവരുടെ നിലവിലെ സ്റ്റാമ്പ് 3 പെര്‍മിറ്റ് പുതുക്കുമ്പോള്‍ സ്റ്റാമ്പ് 1ജി വ്യവസ്ഥകളുള്ള പുതിയ ഐറിഷ് റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കും.പുതുതായി എത്തുന്നവര്‍ക്ക് പുതിയ സ്റ്റാമ്പ് തന്നെയാവും നല്‍കുക.

15/05/2025 വരെയുള്ള പരിവര്‍ത്തന കാലയളവില്‍ മാത്രമേ ഈ ക്രമീകരണത്തിന് സാധുതയുള്ളു.അതിന് ശേഷം പങ്കാളികളും പാര്‍ട്ണര്‍മാരും അവരുടെ ഐ ആര്‍ പി കാര്‍ഡുകള്‍ സ്റ്റാമ്പ് 1ജിലേക്ക് പുതുക്കേണ്ടി വരും.

ഭേദഗതി ബാധകമാകുന്നവര്‍

ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ ഉള്‍പ്പെടെയുള്ള ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് (ജി ഇ പി) /അഥവാ ഇന്‍ട്രാ കോര്‍പ്പറേറ്റ് ട്രാന്‍സ്ഫറി (ഐ സി ടി) പെര്‍മിറ്റ് ഉടമയുടെ പാര്‍ട്ണര്‍/ പങ്കാളികള്‍.

ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ഹോള്‍ഡറുടെ (സി എസ് ഇ പി)യോ/ ഹോസ്റ്റിംഗ് കരാറിലെ ഗവേഷകന്റെയോ പങ്കാളി /പാര്‍ട്ണര്‍

മള്‍ട്ടി-സൈറ്റ് ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റുടമയുടെയോ/നോണ്‍-കണ്‍സള്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടറുടെയോ (എന്‍ സി എച്ച് ഡി) പങ്കാളി/പാര്‍ട്ണര്‍

നിലവില്‍ സ്റ്റാമ്പ് 4 പെര്‍മിറ്റുള്ളവര്‍

ജി ഇ പി, ഐ സി ടി,സി എസ് ഇ പി എന്നിവയുടെ റീ ആക്ടിവേഷന്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റുള്ള പങ്കാളികള്‍ / പാര്‍ട്ണര്‍മാര്‍

കൂടാതെ നോണ്‍-ഇ ഇ എ ഫാമിലി റീ യൂണിഫിക്കേഷന്‍ നയമനുസരിച്ച് അയര്‍ലണ്ടില്‍ താമസിക്കാന്‍ അനുമതി ലഭിച്ചവര്‍,

സ്റ്റാമ്പ് 3 പ്രകാരം നിയമപരമായി താമസിക്കുന്നവര്‍,

ഇനി മുതല്‍ വരുന്ന എല്ലാവര്‍ക്കും വന്നാലുടന്‍ ജോലിയ്ക്ക് കയറാം

ഫാമിലി റീ യൂണിഫിക്കേഷന്‍ വ്യവസ്ഥകള്‍ അനുസരിച്ച് , അയര്‍ലണ്ടില്‍ ജോലിയില്‍ കയറാന്‍ ആഗ്രഹിക്കുന്ന സ്പൗസിനോട് ഒപ്പം ചേരുന്ന നോണ്‍ ഇ യൂ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ,ഇ ഇ എ/യു കെ/സ്വിസ് പൗരന്മാര്‍ എന്നിവര്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമാകും.

ഒരു സ്റ്റാമ്പ് 1ജി പെര്‍മിഷന്‍:എമിഗ്രേഷന്‍ വ്യവസ്ഥകള്‍, ചുരുക്കത്തില്‍

തൊഴില്‍ പെര്‍മിറ്റില്ലാതെ രാജ്യത്ത് ജോലി ചെയ്യാന്‍ അനുമതി

രാജ്യത്ത് പഠന കോഴ്സുകളില്‍ ചേരാന്‍ അനുമതി

ബിസിനസ്സ് സ്ഥാപിക്കാനോ പ്രവര്‍ത്തിപ്പിക്കാനോ അനുവാദമില്ല.

സ്വയം തൊഴില്‍ ചെയ്യാനും അനുവാദമില്ല.

സ്റ്റാമ്പ് 1ജി രജിസ്ട്രേഷന്‍ വര്‍ഷം തോറും പുതുക്കണം

ബാധകമാകാത്തവര്‍

പങ്കാളികളും പാര്‍ട്ണര്‍മാരുമഴികെയുള്ള കുടുംബാംഗങ്ങള്‍ക്കൊന്നും ഈ വ്യവസ്തകള്‍ ബാധകമാകില്ല.

സന്ദര്‍ശക വിസയിലോ പഠനത്തിനോ എത്തിയവരുടെ ഭാര്യമാര്‍/ ഭര്‍ത്താക്കന്മാര്‍/പാര്‍ട്ണര്‍മാര്‍

രാജ്യത്ത് താമസിക്കാന്‍ അനുവാദമില്ലാത്ത പെര്‍മിറ്റ് ഉടമയുടെ ഭാര്യമാര്‍/ ഭര്‍ത്താക്കന്മാര്‍/പാര്‍ട്ണര്‍മാര്‍

വര്‍ക്ക് പെര്‍മിറ്റിനല്ലാതെ മറ്റാവശ്യങ്ങളുടെയും കാരണങ്ങളുടെയും പേരില്‍ സ്റ്റ്ാമ്പ് 3 പെര്‍മിറ്റെടുത്തവര്‍ തുടങ്ങിയവര്‍ക്കൊന്നും ഈ നിയമം ബാധകമല്ല.

ആഹ്‌ളാദകരം
അയര്‍ലണ്ടില്‍ എത്തിയിട്ടുള്ള ഇന്ത്യക്കാര്‍ അടക്കമുള്ള ആയിരക്കണക്കിന് ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് ഹോള്‍ഡേഴ്ഷിനും ആഹ്‌ളാദകരമായ വാര്‍ത്തയാണിതെന്ന് ഹെല്‍ത്ത് ആന്‍ഡ് ഹോം കെയറേഴ്‌സ് അയര്‍ലണ്ട് ഭാരവാഹികള്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷം നടത്തിയ വര്‍ക്ക് പെര്‍മിറ്റ് പുനഃക്രമീകരണ റിവ്യൂ സമയത്ത് ഹെല്‍ത്ത് ആന്‍ഡ് ഹോം കെയറേഴ്‌സ് ഗ്രൂപ്പ് പ്രധാനമായും ഉന്നയിച്ചത് സ്പൗസസിന് സ്റ്റാമ്പ് 1ജി പെര്‍മിഷന്‍ നല്കണമെന്ന ആവശ്യമായിരുന്നു.അത് നടപ്പാക്കിയത് തീര്‍ച്ചയായും അഭിമാനകരമാണ്.അത്തരമൊരു തീരുമാനം നടപ്പിലാക്കാന്‍ പരിശ്രമിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത അയര്‍ലണ്ടിലെ എല്ലാ ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് ഹോള്‍ഡേഴ്സിനും സംഘടന അഭിനന്ദനവും ,നന്ദിയും അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</a

Comments are closed.