head1
head3

അയര്‍ലണ്ടില്‍ മരുന്നുകളുടെ ക്ഷാമം രൂക്ഷം ,300 ഇനം മരുന്നുകള്‍ കിട്ടാനില്ല

ഫാര്‍മസികളും രോഗികളും പ്രതിസന്ധിയില്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ മരുന്നുകളുടെ ക്ഷാമം രൂക്ഷമായി. പ്രമേഹം, രക്തസമ്മര്‍ദ്ദം, പാര്‍ക്കിന്‍സണ്‍സ്, എ ഡി എച്ച് ഡി തുടങ്ങിയ സാധാരണയായി ഉപയോഗിക്കുന്ന ഏതാണ്ട് 300 ഇനം മരുന്നുകളാണ് കിട്ടാനില്ലാത്തത്. ഐറിഷ് ഫാര്‍മസി യൂണിയന്‍ (ഐ പി യു) വാര്‍ഷിക സമ്മേളനമാണ് അയര്‍ലണ്ടിന്റെ ആരോഗ്യ മേഖലയിലെ പുതിയ പ്രതിസന്ധി വെളിപ്പെടുത്തിയത്.

കഴിഞ്ഞ നാല് മാസമായി അയര്‍ലണ്ടിലെ എല്ലാ ഫാര്‍മസികളും മരുന്ന് ക്ഷാമം നേരിടുകയാണ്്.മരുന്നുക്ഷാമം രോഗികളെയും അവരുടെ കുടുംബങ്ങളെയും ഗുരുതരമായി ബാധിക്കുകയാണ്. ചികില്‍സ വൈകുന്നതിനും മരുന്നുക്ഷാമം കാരണമാകുന്നു.കൃത്യസമയത്ത് മരുന്ന് ലഭിക്കാത്തതിനാല്‍ എ ഡി എച്ച് ഡി കുട്ടികളെ സ്‌കൂളിലേക്ക് വിടാന്‍ കഴിയാത്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മരുന്നു ക്ഷാമമുണ്ടായാല്‍ പകരം മറ്റൊരു മരുന്ന് നല്‍കുന്നതിന് ഫാര്‍മസിസ്റ്റുകള്‍ക്ക് നിയമ തടസ്സമുണ്ട്. ഇത് നീക്കുന്നതിന് ഉടന്‍ തന്നെ ഷോര്‍ട്ടേജ് പ്രോട്ടോക്കോള്‍ ഉടന്‍ അവതരിപ്പിക്കണമെന്ന് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഐറിഷ് ഫാര്‍മസി യൂണിയന്‍ (ഐ പി യു) പ്രസിഡന്റ് ടോം മുറെ വെളിപ്പെടുത്തി.

രാജ്യമെമ്പാടുമുള്ള ഫാര്‍മസിസ്റ്റുകള്‍ മരുന്നുക്ഷാമം മൂലം വലിയ സമ്മര്‍ദ്ദം നേരിടുകയാണെന്ന് ഇദ്ദേഹം പറഞ്ഞു. രോഗികളേയും ഇത് വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

ഫാര്‍മസിസ്റ്റുകള്‍ക്ക് ആവശ്യത്തിന് മരുന്നുകള്‍ ലഭിക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്.ഒരു വര്‍ഷത്തിനിടയില്‍ വലിയ പ്രശ്നമായി ഇത് മാറുമെന്ന ആശങ്ക ഫാര്‍മസിസ്റ്റുകള്‍ക്കുണ്ട്.സമ്മേളനത്തില്‍ പങ്കെടുത്ത 84% ഫാര്‍മസിസ്റ്റുകളും ഇതേ അഭിപ്രായക്കാരാണെന്നും ഇദ്ദേഹം പറഞ്ഞു.

ക്ഷാമം പരിഹരിക്കുന്നതിനുതകുന്ന നിയമനിര്‍മ്മാണത്തിന്റെ ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നതെന്ന് ഐ പി യു സമ്മേളനം പറഞ്ഞു.ചീഫ് ഫാര്‍മസ്യൂട്ടിക്കല്‍ ഓഫീസറെ (സി പി പി) ഉടന്‍ നിയമിക്കണമെന്ന ആവശ്യവും യൂണിയന്‍ ആവര്‍ത്തിച്ചു.

നിയമം നാലാഴ്ചയ്ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്ന് സമ്മേളനത്തില്‍ സംസാരിച്ച ആരോഗ്യ മന്ത്രി  പറഞ്ഞു.ഏതൊക്കെ മരുന്നുകള്‍ പകരമായി നല്‍കാനാകുമെന്ന് ഫാര്‍മസിസ്റ്റുകളെ അറിയിക്കാന്‍ വിദഗ്ധ സംഘം നിലവിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Comments are closed.