head3
head1

ബ്രക്‌സിറ്റനന്തര അതിര്‍ത്തി പരിശോധനകള്‍ 30 മുതല്‍ ; സ്ഥിരീകരിച്ച് ബ്രിട്ടന്‍

ഇംഗ്ലണ്ട്: ബ്രക്‌സിറ്റനന്തര അതിര്‍ത്തി പരിശോധനകള്‍ പ്രാവര്‍ത്തികമാക്കൊനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍.സസ്യ-മൃഗ ഉല്‍പന്നങ്ങളുടെ അതിര്‍ത്തികളിലെ പരിശോധനകളുടെ അടുത്ത ഘട്ടം 30ന് ആരംഭിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി.

തുറമുഖങ്ങളിലെ രൂക്ഷമായ ഗതാഗതക്കരുക്ക് മുന്‍നിര്‍ത്തി യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി സംബന്ധിച്ച ആരോഗ്യ സുരക്ഷാ പരിശോധനകള്‍ മുന്നോട്ട് പോകുന്നില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പരിശോധനകള്‍ സംബന്ധിച്ച ബ്രിട്ടന്റെ അറിയിപ്പുണ്ടായത്.

അതിര്‍ത്തിയിലെ പരിശോധനകള്‍ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ടുപോകുമെന്നും ഏറ്റവും അപകടസാധ്യതയുള്ള സാധനങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ കാര്യ വകുപ്പ് (ഡെഫ്ര) വ്യക്തമാക്കി.ഇതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂര്‍ണ്ണമായും സജ്ജമാണെന്നും വകുപ്പ് അറിയിച്ചു.

പോര്‍ട്ട് ഹെല്‍ത്ത് അതോറിറ്റി അപകടസാധ്യതയുള്ള എല്ലാ ചരക്കുകളിലും ഡോക്യുമെന്ററി പരിശോധനകള്‍ നടത്തും. ആശങ്ക തോന്നിയാല്‍ വ്യാപാരികളുമായി ബന്ധപ്പെടും.

ഏപ്രില്‍ 30 മുതല്‍ പരിശോധനകള്‍ ആരംഭിക്കുന്ന കാര്യം യു കെ ഗവണ്‍മെന്റ് വക്താവും സ്ഥിരീകരിച്ചു.ബയോസെക്യൂരിറ്റി പരിരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. അതിന്റെ പ്രയോജനം വ്യാപാരികള്‍ അടക്കം എല്ലാവര്‍ക്കും ലഭിക്കും.

അതിനിടെ കൃഷി മന്ത്രി ചാര്‍ലി മക്കോണലോഗും യു കെ പരിസ്ഥിതി, ഭക്ഷ്യ മന്ത്രി സ്റ്റീവ് ബാര്‍ക്ലേയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരിശോധനകള്‍ മൂലമുണ്ടാകുന്ന വ്യാപാര തടസ്സങ്ങള്‍ കുറയ്ക്കുന്നതിന്റെ പ്രാധാന്യം ഇരു മന്ത്രിമാരും ചര്‍ച്ചചെയ്തതായി മക്കോണലോഗിന്റെ വക്താവ് പറഞ്ഞു.

ഏപ്രില്‍ 30 മുതല്‍ കാര്യമായ പുതിയ മാറ്റങ്ങളുണ്ടാകുമെന്ന് സൂചനയില്ലെന്നും വക്താവ് പറഞ്ഞു.യൂറോപ്യന്‍ യൂണിയനിലേക്കും പുറത്തേക്കുമുള്ള ചരക്കു നീക്കത്തിന് ബ്രിട്ടനെ ലാന്റ് ബ്രിഡ്ജായി ഉപയോഗിക്കുന്ന ഐറിഷ് ഓപ്പറേറ്റര്‍മാരെ മാത്രമേ ഈ അതിര്‍ത്തി പരിശോധനകള്‍ ബാധിക്കുകയുള്ളൂവെന്ന് വിദേശകാര്യ വകുപ്പിന്റെ വക്താവ് ചൂണ്ടിക്കാട്ടി.അയര്‍ലണ്ടില്‍ നിന്ന് പടിഞ്ഞാറന്‍ തീര തുറമുഖങ്ങള്‍ വഴി ബ്രിട്ടനിലേക്കുള്ള ചരക്ക് കയറ്റുമതിയെ ഇത് ബാധിക്കില്ലെന്നും വകുപ്പ് പറയുന്നു.

അതേ സമയം,ആശയക്കുഴപ്പമുള്ളതിനാല്‍ പുതിയ ബോര്‍ഡര്‍ പരിശോധനകള്‍ എന്തൊക്കെയാണെന്ന് കൃത്യമായി വ്യക്തമാക്കണമെന്ന് ഐറിഷ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ഇതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളല്ലാതെ മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സി ഇ ഒ സൈമണ്‍ മക് കീവര്‍ പറഞ്ഞു.

എല്ലാ കൊമോഡിറ്റി കോഡുകളും ഒരേസമയം ഓണാക്കിയാല്‍ ആദ്യ ദിവസം തന്നെ കാര്യമായ തടസ്സങ്ങളുണ്ടാകുമെന്ന് ആശങ്കയുണ്ട്. ഇവയൊക്കെ പരിഹരിക്കേണ്ടതുണ്ടെന്നും സി ഇ ഒ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഓരോ ഇറക്കുമതിക്കും 145 പൗണ്ട് വരെ നല്‍കേണ്ടിവരുന്ന യു കെയിലെ ബിസിനസ് സ്ഥാപനങ്ങള്‍ പുതിയ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ശരത്കാലം വരെ വൈകിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.