head3
head1

അയര്‍ലണ്ടിലെ 23കൗണ്ടികളിലും ടാക്സി ഡ്രൈവര്‍മാരുടെ എണ്ണം കുറവെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ടാക്സി ഡ്രൈവര്‍മാരുടെ അതിഭീകരമായി കുറയുന്നത് സ്ഥിരീകരിച്ച് സര്‍ക്കാര്‍ കണക്കുകള്‍. ഇന്‍ഡിപെന്‍ഡന്റ് ടി ഡി കരോള്‍ നോളന്റെ പാര്‍ലമെന്ററി ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് രാജ്യത്തെ ടാക്സി വ്യവസായത്തിന്റെ പിന്നോക്കാവസ്ഥ വെളിപ്പെടുത്തുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ എല്ലാ കൗണ്ടികളിലും ടാക്സി വാഹനങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു.

26 കൗണ്ടികളില്‍ 23ലും ടാക്സികള്‍ കുറവ്

2019 മുതലാണ് ടാക്സി ലൈസന്‍സുകളുടെ എണ്ണം കുറഞ്ഞുതുടങ്ങിയത്.ഇപ്പോള്‍ രാജ്യത്തെ 26 കൗണ്ടികളില്‍ 23ലും ആവശ്യത്തിന് ടാക്സിക്കാരെ കിട്ടാനില്ലാത്ത നിലയാണ്.തലസ്ഥാന നഗരിയില്‍പ്പോലും പുതിയതായി ആളുകള്‍ ഈ രംഗത്തേയ്ക്ക് കാര്യമായി എത്തുന്നില്ല.

ദേശീയ തലത്തില്‍ കണക്കാക്കുമ്പോള്‍ 3.5% കുറവാണ് ടാക്സികളുടെ കാര്യത്തിലുണ്ടായിട്ടുള്ളത്.2019ല്‍ 27,393 ടാക്സികള്‍ സര്‍വീസ് നടത്തിയിരുന്നു.എന്നാല്‍ കഴിഞ്ഞ വര്‍ഷമായപ്പോഴേക്കും അത് 26,360ആയി. 1,033 ടാക്സികളാണ് ഈ കാലയളവില്‍ സേവനം അവസാനിപ്പിച്ചത്.

രാജ്യത്തുടനീളം ടാക്‌സികളുടെ രൂക്ഷമായ ക്ഷാമമുണ്ടെന്ന പരാതി വര്‍ഷങ്ങളായി തുടരുന്നതാണ്.നിരവധി കമ്പനികളും ഓര്‍ഗനൈസേഷനുകളുമെല്ലാം ഈ പ്രശ്നം പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.

പാന്‍ഡമിക് കാലം മുതല്‍ ടാക്സികള്‍ പ്രശ്നമായി

പാന്‍ഡെമിക്ക് കാലത്തെ പ്രതിസന്ധിയാണ് ടാക്സികളുടെ എണ്ണം കുറയുന്നതിന് പ്രധാന കാരണമായത്. എന്‍ട്രി സിസ്റ്റത്തിന്റെ രൂപകല്‍പ്പനയും ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതിനുള്ള ചെലവുകളുമെല്ലാം ടാക്‌സികളുടെ കുറവിന് കാരണമായി.

അതിര്‍ത്തി മേഖലയിലാണ് ടാക്‌സികളുടെ കുറവ് ഏറ്റവും രൂക്ഷം.ഇവിടെ 17% ടാക്സിക്കാരും പണി ഉപേക്ഷിച്ചു.മോണഗനില്‍ 27% ടാക്സികള്‍ ഓട്ടം നിര്‍ത്തിയെന്ന് കണക്കുകള്‍ പറയുന്നു.ഡബ്ലിന്‍ ഒഴികെയുള്ള മിഡ്‌ലാന്‍ഡ്സ്-ഈസ്റ്റ് മേഖലയില്‍ 17%ത്തിലധികം ടാക്സികള്‍ കുറഞ്ഞു.

ഡബ്ലിനില്‍ ടാക്സിക്കാരുടെ എണ്ണം ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വര്‍ധിച്ചത്.ലിമെറിക്കില്‍ 7%,കെറിയില്‍ 3% എന്നിങ്ങനെ ടാക്സികളുടെ എണ്ണം കൂടിയെന്നും കണക്കുകള്‍ പറയുന്നു.

തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍

പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ടാക്സികള്‍ക്ക് വീല്‍ചെയര്‍ ആക്സസ് ഉണ്ടാകണമെന്ന വ്യവസ്ഥ അധികൃതര്‍ കൊണ്ടുവന്നിരുന്നു. ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. മാത്രമല്ല, ചെലവുകളും വര്‍ധിപ്പിച്ചു.ഈ വ്യവസ്ഥ നീക്കം ചെയ്യണമെന്നും എന്‍ട്രി ടെസ്റ്റില്‍ ഭൂമിശാസ്ത്ര അടിസ്ഥാനത്തിലുള്ള വിജ്ഞാനം നിര്‍ബന്ധിതമാക്കിയത് പുനരവലോകനം ചെയ്യണമെന്നുമൊക്കെ ആവശ്യമുയര്‍ന്നിരുന്നു.എന്നാല്‍ അതൊന്നും ഉണ്ടായില്ല

വിവാദ വ്യവസ്ഥകള്‍ നീക്കണം

ടാക്സികളുടെ കുറവ് രാജ്യത്തെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും ദൈനംദിന യാത്രികര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആശങ്കയുണ്ടാക്കുന്നതാണെന്ന് ടാക്സി ഫോര്‍ അയര്‍ലന്‍ഡ് കോയലിഷന്‍ പറയുന്നു.2027 ഓടെ ടാക്‌സി വാഹനങ്ങളുടെ എണ്ണം 30% വര്‍ധിപ്പിക്കണം.ഈ രംഗത്തേയ്ക്ക് കടന്നുവരുന്നതിനെ വിലക്കുന്ന നിയമവ്യവസ്ഥകളും പരിഷ്‌കാരങ്ങളും നീക്കം ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും ടാക്സി ശൃംഖലകള്‍ അത്യന്താപേക്ഷിതമാണെന്ന് ഉബര്‍ അയര്‍ലണ്ടിന്റെ ജനറല്‍ മാനേജര്‍ കീറന്‍ ഹാര്‍ട്ടെ പറയുന്നു.പ്രശ്നം പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇദ്ദേഹവും സര്‍ക്കാരിനോടും എന്‍ ടി എ യോടും അഭ്യര്‍ത്ഥിച്ചു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.