head1
head3

എന്തൊക്കെ നാം പ്രതീക്ഷിക്കണം ? അയര്‍ലണ്ടിലെ ബജറ്റ് ചൊവ്വാഴ്ച്ച

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ചെറുപ്പക്കാര്‍ ക്ഷുഭിതരാണ്. മാതാപിതാക്കളുടെ വീടുകളില്‍ കഴിയുക എന്നത് അവര്‍ക്ക് നാണക്കേടാണ്. 25 വയസു കഴിഞ്ഞെങ്കില്‍ പ്രത്യേകിച്ചും.വിവാഹം കഴിച്ചവരാണെങ്കില്‍ പ്രത്യേകിച്ചും.

എന്നാല്‍ കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി പ്ലാനുകളെല്ലാം തെറ്റുകയാണ് ചെറുപ്പക്കാര്‍ക്ക്. ഉയര്‍ന്നവിഭാഗങ്ങളിലുള്ള ജോലി ചെയ്യുന്ന ഐറിഷ് ചെറുപ്പക്കാരുടെ എണ്ണം കുറവാണ്. അതുകൊണ്ടുതന്നെ സ്വന്തമായി വീട് വാങ്ങുകയെന്നത് അവര്‍ക്കും ഒരു സ്വപ്നമാവുകയാണ്. അവര്‍ ചെയ്യുന്ന ജോലികള്‍ക്ക് ഗ്രാമങ്ങള്‍ അനുയോജ്യമല്ലെന്നതിനാല്‍ അവര്‍ക്ക് നഗരത്തില്‍ തുടര്‍ന്നേ തീരൂ …!

മുഖ്യമായും ഭവനപ്രശ്‌നമാണ് ഐറിഷ് ജനതയുടെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സര്‍ക്കാരിന്റെ പിന്നണിയാളുകളായ ചിലരും, റിയല്‍ എസ്റ്റേറ്റുകാരും, നിര്‍മ്മാണമേഖലയിലെയും,പ്ലാനിംഗിലെയും കടുംപിടുത്തങ്ങളും ആശങ്കയുടെ ചുഴിയിലേക്കാണ് ചെറുപ്പക്കാരെ നയിക്കുന്നത് .

സിന്‍ ഫെയ്ന്‍ പോലുള്ള പ്രതിപക്ഷ പാര്‍ട്ടികളോടുള്ള യുവസമൂഹത്തിന്റെ പ്രതിപത്തി അവര്‍ പ്രശ്‌നങ്ങളുടെ പരിഹാരകരാവുമെന്ന പ്രത്യാശയില്‍ ഊന്നിയതാണ്.എങ്കിലും അവര്‍ കഴിഞ്ഞ ദിവസം തയാറാക്കിയ ഓള്‍ട്ടര്‍നേറ്റിവ് ബജറ്റ് പോലും ഒരു ഭൂലോക പരാജയമായിരുന്നു എന്നറിയുമ്പോള്‍ , സഹകരണബാങ്കുകളുടെ ഭരണം രാഷ്ട്രീയക്കാരെ ഏല്‍പ്പിച്ച ഇന്ത്യന്‍ ഗ്രാമവാസികളുടെ അവസ്ഥ അയര്‍ലണ്ടിന് വരുമോ എന്ന് ഭയപ്പെടുന്ന ഏറെപ്പേരുണ്ട്.

മറ്റൊരു ഗതിയുമില്ലാതെ , സിന്‍ ഫെയ്‌നെ ആശ്രയിക്കാനിരിക്കുന്ന വോട്ടര്‍മാരില്‍ പിടി മുറുക്കി, സഖ്യത്തിന് ഒരു രാഷ്ട്രീയ വിജയം നല്‍കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ഭരണ പക്ഷം നടത്താനിരിക്കുന്നത്.

പൊതുസമൂഹവുമായി നേരിട്ട് ആശയവിനിമയം നടത്താനും രാജ്യത്തിന്റെ സാമ്പത്തിക ശക്തിയെ തിരിച്ചറിയാനും അതുവഴി സാധാരണക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കാനുമാണ് ബജറ്റ് വഴി തെളിക്കുക.

ആകെ വേണ്ടത് : 100 ബില്യണ്‍ യൂറോ

അടുത്ത വര്‍ഷം രാജ്യം പ്രവര്‍ത്തിപ്പിക്കുന്നതിന് അയര്‍ലണ്ടിന് ഏകദേശം 100 ബില്യണ്‍ യൂറോ ചിലവാകും,

നിലവിലെ (ദൈനംദിന) ചെലവും മൂലധനവും (നിര്‍മ്മാണ വസ്തുക്കളും) ഉള്‍പ്പെടെ ഏകദേശം 100 ബില്യണ്‍ യൂറോ. കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് അംഗീകരിച്ച ആകെ ചെലവ് – ഏകദേശം 90 ബില്യണ്‍ യൂറോ ആയിരുന്നു. ഈ വര്‍ഷത്തെ അധിക ചെലവ് അതിനെ 100 ബില്യണ്‍ യൂറോയിലേക്ക് ഉയര്‍ത്തും – അതായത് പതിനൊന്ന് പൂജ്യങ്ങള്‍.

ശമ്പളവും പെന്‍ഷനും: 28 ബില്യണ്‍ യൂറോ

പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനും പെന്‍ഷനുമായി ഈ വര്‍ഷം ചെലവഴിച്ച തുകയാണിത്.എല്ലായിടത്തുമെന്നത് പോലെ ഇത് ബഡ്ജറ്റിലെ ഏറ്റവും ‘ചങ്ക് ബിറ്റുകളില്‍’ ഒന്നാണ്, രണ്ട് വിഭാഗങ്ങളിലെയും എണ്ണം വര്‍ദ്ധിച്ചതിനാല്‍ ഈ വര്‍ഷം ഇനിയും ഉയരും; ഈ വര്‍ഷം, ശമ്പള ബില്ലില്‍ 3.5 ശതമാനവും പെന്‍ഷന്‍ ബില്ലില്‍ 5.4 ശതമാനവും വര്‍ധിച്ചു.

പൊതുമേഖലയില്‍ ഇനിയും ശമ്പളം കൂടും

വര്‍ഷാവസാനത്തോടെയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തോടെയോ ഒരു പുതിയ പൊതുമേഖലാ ശമ്പള ഉടമ്പടി ഉണ്ടായേക്കാം, അത് ചെലവ് ഇനിയും വര്‍ദ്ധിപ്പിക്കും. പൊതുസേവകരുടെ ഓരോ 1 ശതമാനം ശമ്പള വര്‍ദ്ധനവും മൊത്തം ശമ്പള ബില്ലില്‍ ഏകദേശം 250 ദശലക്ഷം യൂറോ വര്‍ദ്ധിപ്പിക്കുമെന്ന് പൊതു ചെലവ് വകുപ്പ് കണക്കാക്കുന്നു.

വലിയ തുകകള്‍: € 25 ബില്ല്യണ്‍, € 23 ബില്യണ്‍, € 14 ബില്യണ്‍

ഈ വര്‍ഷം ആരോഗ്യ, സിസെബിലിറ്റി സേവനങ്ങള്‍ക്കായി 25 ബില്യണ്‍ യൂറോയും തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍, വാര്‍ദ്ധക്യകാല പെന്‍ഷനുകള്‍, വികലാംഗ പേയ്മെന്റുകള്‍, ചൈല്‍ഡ് ബെനിഫിറ്റ് മുതലായവ ഉള്‍പ്പെടെയുള്ള സാമൂഹ്യക്ഷേമ പേയ്മെന്റുകള്‍ക്കായി 23 ബില്യണ്‍ യൂറോയും ചെലവഴിക്കും. ചെലവിന്റെ അടുത്ത ഏറ്റവും വലിയ മേഖല വിദ്യാഭ്യാസമാണ് (എല്ലാ തലങ്ങളിലും), അവിടെ സംസ്ഥാനം ഏകദേശം 14 ബില്യണ്‍ യൂറോ ചെലവഴിക്കുന്നു.

നികുതികള്‍: 90 ബില്യണ്‍ യൂറോ

നികുതിയിനത്തില്‍ ഈ വര്‍ഷം സംസ്ഥാനം സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്ന തുകയാണിത്. ആദായനികുതിയാണ് ഏറ്റവും വലുത്, കഴിഞ്ഞ വര്‍ഷം ഇത് ഏകദേശം 30 ബില്യണ്‍ യൂറോ സമാഹരിച്ചു; ആദ്യമായി, കോര്‍പ്പറേഷന്‍ ടാക്‌സ് 23 ബില്യണ്‍ യൂറോ സമാഹരിച്ചു, ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 50 ശതമാനം വര്‍ദ്ധനയാണ്.

കോര്‍പ്പറേഷന്‍ നികുതി കഴിഞ്ഞ രണ്ട് മാസമായി തുടര്‍ച്ചയായി പ്രതീക്ഷകള്‍ക്ക് താഴെയാണ്, അത് കുറയാന്‍ തുടങ്ങുമെന്നതാണ് വലിയ ഭയം. വാറ്റ് കഴിഞ്ഞ വര്‍ഷം ഏകദേശം 19 ബില്യണ്‍ യൂറോ സമാഹരിച്ചു.

ദേശീയ കടം: 225 ബില്യണ്‍ യൂറോ

ഇതൊക്കെയായാലും ,ദേശീയ കടം കുറവൊന്നുമില്ല. രാജ്യത്തെ ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും 44,000 യൂറോയാണ് കടക്കാരായിരിക്കുന്നത്. ഈ കണക്ക് തോന്നുന്നത്ര ഭയാനകമല്ല എന്നതാണ് ഔദ്യോഗിക വിശദീകരണം.

അത് കുറഞ്ഞു വരികയാണ്. മാത്രമല്ല , രാജ്യങ്ങള്‍ അവരുടെ ദേശീയ കടം യഥാര്‍ത്ഥത്തില്‍ തിരിച്ചടയ്ക്കുന്നില്ല – അവര്‍ അത് റീഫിനാന്‍സ് ചെയ്തു കുറയ്ക്കുകയാണ്. രാജ്യത്തിന്റെ അതിശക്തമായ സാമ്പത്തിക മുന്നേറ്റം കാരണം, അയര്‍ലണ്ടിന് പേടിക്കാനില്ല. അതായത്, വീണ്ടും കടമെടുക്കുന്നു, അതേ സമയം തിരിച്ചടവിനനുസരിച്ച് മൊത്തത്തിലുള്ള കടത്തിന്റെ അളവ് കുറയുന്നുണ്ട് എന്നത് തന്നെ.

ഒടുവില്‍: 10 ബില്യണ്‍ യൂറോ മാത്രം ചര്‍ച്ചാ വിഷയമാവുമ്പോള്‍

യഥാര്‍ത്ഥത്തില്‍, ഞങ്ങള്‍ ഇവിടെ തീരുമാനിക്കേണ്ടത് €10 ബില്ല്യണുകളെക്കുറിച്ചാണ്: ചൊവ്വാഴ്ച ബജറ്റ് ദിനത്തില്‍ ഏറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനായി സര്‍ക്കാര്‍ സ്വരുക്കൂട്ടുന്നത് ആകെ €10 ബില്ല്യന്റെ പാക്കേജാണ് – വാര്‍ഷിക ചെലവ് വര്‍ദ്ധനവ്, നികുതി വെട്ടിക്കുറവുകള്‍, എന്നിവയൊക്കെ കഴിയുമ്പോള്‍ €10 ബില്യണ്‍ ആനുകൂല്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാനുണ്ടായേക്കും.ഒരു ദീര്‍ഘകാല സേവിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്ഥാപിക്കുവാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.അതിലൂടെ ഏകദേശം 10 ബില്യണ്‍ യൂറോ മിച്ചമുള്ള കോര്‍പ്പറേഷന്‍ ടാക്‌സ് വരുമാനവും ,കരുതലായി സൃഷ്ടിക്കപ്പെടും.

61.4 ബില്യണ്‍ യൂറോയാണ് കോപ്പറേഷന്‍ നികുതിയായി സര്‍ക്കാര്‍ സ്വീകരിച്ചത്. അയര്‍ലണ്ടിന് ഏത് പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കാനുള്ള വരുമാനമാണ് കോപ്പറേഷന്‍ ടാക്സിലൂടെ ലഭിക്കുന്നത്. സിന്‍ ഫെയ്ന്‍ അടക്കമുള്ള പാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ ‘കടയ്ക്ക് കത്തി വെയ്ക്കുമെന്ന ‘ പൊതുധാരണയുണ്ട്. യൂറോപ്പിന്റെ രോഗി എന്ന് വിളിക്കപ്പെട്ടിരുന്ന അയര്‍ലണ്ട് രണ്ടായിരാമാണ്ടിന് ശേഷം അല്പമെങ്കിലും ആരോഗ്യം മെച്ചപ്പെടുത്തിയെങ്കില്‍ അതിന് നന്ദി പറയേണ്ടത് വിദേശ കോര്‍പ്പറേറ്റ് നിക്ഷേപത്തിനും അവരുടെ അയര്‍ലണ്ടിലുള്ള കോര്‍പ്പറേറ്റ് ഓഫീസുകള്‍ക്കുമാണ്.

അതുകൊണ്ടു തന്നെ ഇടഞ്ഞുനില്‍ക്കുന്ന സാധാരണക്കാരെ പിടിച്ചു കൂടെ നിര്‍ത്താനുള്ള ചെപ്പടിവിദ്യകള്‍ക്കാവും ഈതവണത്തെ ബജറ്റില്‍ നിന്നും പ്രതീക്ഷിക്കാവുന്നത്.

റെജി സി ജേക്കബ്

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.