head1
head3

അപ്പന് പിന്നാലെ മകനും ഫിനഗേലിന്റെ സ്ഥാനാര്‍ത്ഥി, അയര്‍ലണ്ടില്‍ ലോക്കല്‍ ഇലക്ഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു

ഡബ്ലിന്‍ : അടുത്ത വര്‍ഷം ജൂണ്‍ മാസത്തില്‍ നടത്തപ്പെടുന്ന അയര്‍ലണ്ടിലെ കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരേ കുടുംബത്തില്‍ നിന്നും രണ്ട് പേര്‍ക്ക് ടിക്കറ്റ് നല്‍കി ഫിനഗേല്‍ പാര്‍ട്ടി.

താല സൗത്ത് മണ്ഡലത്തില്‍ നിലവിലുള്ള കൗണ്‍സിലര്‍ ബേബി പെരേപ്പാടന്‍ തന്നെ മത്സരിക്കും. തൊട്ടടുത്ത താലാ സെന്ട്രല്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകനായ ബ്രിട്ടോ പെരേപ്പാടനെയാണ് മത്സരിക്കാനായി പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.,

താലയിലെ മാല്‍ഡ്രോണ്‍ ഹോട്ടലില്‍ തിങ്കളാഴ്ച്ച ചേര്‍ന്ന പാര്‍ട്ടി മെമ്പര്‍മാരുടെ കണ്‍വെന്‍ഷനിലാണ് ഇരുവരെയും ഏകകണ്ഠമായി തെരഞ്ഞെടുത്തത്.

ബേബി പെരേപ്പാടന്‍ മൂന്നാം തവണയാണ് മത്സരിക്കുന്നത്. കന്നിയങ്കത്തില്‍ സ്വതന്ത്രനായി മത്സരിച്ചു പൊരുതി തോറ്റ അദ്ദേഹം, രണ്ടാംവട്ടം ഫിനഗേല്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചാണ് വിജയിച്ചത്..

ബ്രിട്ടോയ്ക്ക് ഇത് കന്നിയങ്കം

ബ്രിട്ടോ പെരേപ്പാടനെ ഇത്തവണ പാര്‍ട്ടി ഏര്‍പ്പിച്ചിരിക്കുന്ന മണ്ഡലം താലാ സെന്‍ട്രല്‍ ആണ് . ഏകദേശം രണ്ട് ദശാബ്ദങ്ങളായി പാര്‍ട്ടിക്ക് ജയിക്കാന്‍ കഴിയാത്ത ഏരിയ ആയതിനാല്‍ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഈ യുവ നായകനെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്.

ഇപ്പോള്‍ താല ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ഡോക്ടറായി സേവനം ചെയ്യുന്ന ബ്രിട്ടോ പെരേപ്പാടന്‍ കലാ രംഗത്തും മികവ് തെളിയിച്ച അതുല്യ പ്രതിഭയാണ്. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ഡോക്ടര്‍ ബ്രിട്ടോക്ക് കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മണ്ഡലം തിരിച്ചു പിടിക്കാനുള്ള വാശിയേറിയ പോരാട്ടം ആയിരിക്കും ഈ തവണ താല സെന്‍ട്രലില്‍ ഉണ്ടാവുക.

ഇരുവരെയും ജയിപ്പിച്ചെടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാനുള്ള ഒരുക്കത്തിലാണ് താലയിലെ ഫിനഗേല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍.

കഴിഞ്ഞ തവണ മത്സരിച്ചത് ഏഴ് ഇന്ത്യക്കാര്‍ മാത്രം, ഇത്തവണ കൂടുതല്‍ പേര്‍ പോര്‍ക്കളത്തിലിറങ്ങും.

കഴിഞ്ഞ ലോക്കല്‍ ഇലക്ഷനില്‍ ആകെ ഏഴ് ഇന്ത്യക്കാര്‍ മാത്രമാണ് മത്സരത്തിനുണ്ടായിരുന്നത്. ഫിനഗേലിന്റെ പൂനം റാണെ ബ്‌ളാഞ്ചാര്‍ഡ്സ്ടൗണ്‍ ) ജഗന്‍ മുട്ടുമൗല(ഓംഗര്‍ ) ബേബി പെരേപ്പാടന്‍ (താല സൗത്ത് ) എന്നിവരും സ്വതന്ത്രരായി മത്സരിച്ച രമേശ് റചേരിയ ( ഓംഗര്‍ )രഘുനാഥ് നാരായണ്‍ (ഓംഗാര്‍ ) റെജി സി ജേക്കബ് ( ബ്‌ളാക്ക് റോക്ക് ) ലേഖാ മേനോന്‍ മാര്‍ഗശേരി(കോർക്ക്) എന്നിവരുമാണവര്‍ .ഇവരില്‍ പൂനം റാണെയ്ക്കും ,പെരേപ്പാടനും മാത്രമേ ജയിക്കാനായുള്ളു.

എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ മത്സരിക്കാന്‍ ഇറങ്ങുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഫിനഗേലിനെ കൂടാതെ ഫിനാഫാളും,ലേബറും,ഗ്രീന്‍ പാര്‍ട്ടിയും, സിന്‍ ഫെയ്നും വിവിധ സ്ഥലങ്ങളിലായി ഇന്ത്യന്‍ വംശജാരയ സ്ഥാനാര്‍ത്ഥികളെ ഇറക്കിയേക്കും. മിക്ക മണ്ഡലങ്ങളിലും ഇന്ത്യന്‍ വംശജര്‍ക്ക് അയര്‍ലണ്ടില്‍ നിര്‍ണ്ണായകമായ തോതില്‍ വോട്ടവകാശം ഉള്ളതിനാല്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളും ഉണ്ടാകുമെന്ന സൂചനകളാണ് ലഭ്യമാകുന്നത്.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a

Comments are closed.