ബ്രസല്‍സ് : പേപ്പര്‍ സംവിധാനങ്ങളോടും ,അനാവശ്യമായ കാത്തിരിപ്പുകളോടും വിട പറയാനൊരുങ്ങുകയാണ് ഷെങ്കന്‍ വിസാ വിതരണ സംവിധാനവും.
നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്ന ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഷെങ്കന്‍ വിസ അപേക്ഷകര്‍ക്ക് ലഭ്യമാക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയ തീരുമാനമായിക്കഴിഞ്ഞു. നടപടിക്രമങ്ങളുടെ നിയമപരമായ പൂര്‍ത്തീകരണം മാത്രമാണ് ഇനി ആവശ്യമുയുള്ളത്.
ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന നോണ്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കെല്ലാം ഡിജിറ്റല്‍ സൗകര്യമാസ്വദിക്കാനാകും. അതിനനുസൃതമായി ബന്ധപ്പെട്ട രാജ്യങ്ങളുടെ വിസ നടപടിക്രമങ്ങളിലും കാലികമായ മാറ്റങ്ങള്‍ കൊണ്ടു വരും.യൂറോപ്യന്‍ പാര്‍ലമെന്റും കൗണ്‍സിലും 2021 ജൂണില്‍ കമ്മീഷന്‍ അംഗീകരിച്ച ഷെങ്കന്‍ സ്ട്രാറ്റജിയുടെ ഭാഗമായാണ് ഷെങ്കന്‍ വിസ പരിഷ്‌കരിക്കുന്നത്.
ഔട്ട് സോഴ്‌സിംഗിന്റെ തലവേദന വേണ്ട..അധിക ഫീസും വേണ്ട
ചില രാജ്യങ്ങളില്‍ യൂറോപ്യന്‍ എംബസികള്‍ ഷെങ്കന്‍ വിസ പ്രോസസിംഗ്, വി എഫ് എസ് പോലെയുള്ള ഔട്ട് സോഴ്‌സിംഗ് ഏജന്‍സികളെ ഏല്‍പ്പിച്ചത് ഏറെ വിവാദമായിരുന്നു.എംബസികളില്‍ വിസാ അപേക്ഷകള്‍ നിര്‍ത്തി ഔട്ടര്‍ ഏജന്‍സിയെ ഏല്‍പ്പിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിന് തയ്യാറാവുന്ന ആയിരക്കണക്കിന് പേരുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പ് വേണ്ടി വന്നിരുന്നത് ഏറെ എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു.
കൃത്യമായ മറുപടികള്‍ പോലും നല്‍കാതെ വി എഫ് എസ് അപേക്ഷകരെ വലയ്ക്കുന്ന കാഴ്ചകള്‍ സര്‍വ്വ സാധാരണമായി.എംബസികള്‍ നിര്‍ണ്ണയിച്ച ഫീസുകള്‍ക്ക് പകരം തോന്നും വിധം സര്‍വീസ് ചാര്‍ജ് ഈടാക്കിയാണ് ഈ ആഗോള ഏജന്‍സി അയര്‍ലണ്ടില്‍ നിന്നുള്ള അപേക്ഷകരുടെ മേല്‍ അധിക ഭാരം ഏല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്.നോണ്‍ ഇ യൂ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് അപേക്ഷകരാണ് ഈ സ്വകാര്യ ഏജന്‍സിയ്ക്ക് മുമ്പില്‍ ഒരു യാത്രാ അനുമതിയുടെ കാരുണ്യം യാചിക്കേണ്ടി വരുന്നത്.ഡിജിറ്റല്‍ വിസാ സൗകര്യങ്ങള്‍ പൂര്‍ണ്ണമായും നിലവില്‍ വരാന്‍ സമയമെടുക്കുമെങ്കിലും, പുതിയ തീരുമാനം സര്‍വാത്മനാ സ്വാഗതം ചെയ്യപ്പെടുകയാണ്.
കടലാസ് യുഗത്തിന് ഗുഡ്ബൈ
ഷെങ്കന്‍ രാജ്യങ്ങള്‍ മിക്കവയും ഇപ്പോഴും പഴയ കടലാസ് സംവിധാനമാണ് ഇപ്പോഴും തുടരുന്നത്. അപേക്ഷകര്‍ക്കും അംഗരാജ്യങ്ങള്‍ക്കും ഒരു പോലെ ജോലിഭാരവും ചെലവും കൂട്ടുന്നതാണ് ഈ നീക്കം.ഏതാനും രാജ്യങ്ങളില്‍ ഭാഗികമായി ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെന്നതൊഴിച്ചാല്‍ വിസാ നടപടിക്രമങ്ങളും ഓരോ അംഗരാജ്യത്തും വ്യത്യസ്തമാണ്.വ്യാജ വിസകളുണ്ടാക്കാനും ആളുകള്‍ കബളിപ്പിക്കപ്പെടാനും മോഷണം പോകാനുമെല്ലാം ഏറെ സാധ്യതയാണ് ഉണ്ടായിരുന്നത്. ഈ പ്രശ്നങ്ങള്‍ക്കെല്ലാമുള്ള പരിഹാരമാണ് സുരക്ഷിതമായ പുതിയ ക്രമീകരണത്തിലുണ്ടാവുക.
മാറാന്‍ ഏഴുവര്‍ഷം വരെ സമയം
എന്‍ക്രിപ്റ്റ് ചെയ്ത 2ഡി ബാര്‍കോഡ് ഉള്ള ഡിജിറ്റല്‍ വിസ സ്റ്റിക്കര്‍ ദീര്‍ഘകാല വിസകള്‍ക്കും ബാധകമാകും. ഷെങ്കന്‍ നിയമങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായി നിലവില്‍ വരാത്ത ബള്‍ഗേറിയ, റൊമാനിയ, സൈപ്രസ് എന്നീ ഇ യു രാജ്യങ്ങളും ഡിജിറ്റല്‍ വിസ നല്‍കും.ഓണ്‍ ലൈന്‍ ഡിജിറ്റല്‍
പ്ലാറ്റ്‌ഫോമില്‍ ചേരുന്നതിന് അംഗരാജ്യങ്ങള്‍ക്ക് ഏഴ് വര്‍ഷത്തെ വരെ സാവകാശമുണ്ടാകും.ഓരോ രാജ്യത്തിനും അവര്‍ക്ക് യുക്തമായ സമയത്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവുമെങ്കിലും ,മിക്ക രാജ്യങ്ങളും ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഡിജിറ്റിലാവാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.
മാറ്റങ്ങള്‍ ഇങ്ങനെ…
പരിഷ്‌കരണത്തിന്റെ ഭാഗമായി ഏകീകൃത ഇ യു ഓണ്‍ലൈന്‍ വിസ ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോം സജ്ജമാകും. തുടര്‍ന്ന് ഡിജിറ്റല്‍ വിസാ സ്റ്റിക്കറും അപേക്ഷകളുടെ ഡിജിറ്റലൈസേഷനും നിലവില്‍ വരും.സന്ദര്‍ശക രാജ്യം ഏതായാലും അപേക്ഷാ രീതികളില്‍ മാറ്റമുണ്ടാകില്ല.നിശ്ചിത ഫീസ് അടച്ചുകൊണ്ട് ഓണ്‍ലൈനായി വിസയ്ക്കായി സുരക്ഷിതമായി അപേക്ഷിക്കാന്‍ കഴിയും.തീരുമാനവും ഓണ്‍ലൈനിലൂടെ ലഭിക്കും.
ആവശ്യമായ സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റുകള്‍,വിസാ ഫീസ്, ബയോമെട്രിക് ഐഡന്റിഫയറുകള്‍ ശേഖരിക്കുന്നതിനുള്ള അപ്പോയിന്റ്മെന്റുകള്‍ തുടങ്ങിഷെങ്കന്‍ ഷോര്‍ട്ട്-സ്റ്റേ വിസാ അപേക്ഷകര്‍ പാലിക്കേണ്ട ആനുകാലിക നടപടിക്രമങ്ങളും ആവശ്യമായ എല്ലാ വിവരങ്ങളും ഈ സംവിധാനത്തില്‍ ലഭിക്കും.ഏത് രാജ്യത്തേയ്ക്കാണോ അപേക്ഷിക്കുന്നത് അവര്‍ തന്നെയാകും ഓട്ടോമാറ്റിക്കായി ബന്ധപ്പെട്ട അപേക്ഷകള്‍ പ്രോസസ് ചെയ്യുക.
ചോദ്യോത്തര മാതൃകയില്‍ ഉപയോക്തൃ-സൗഹൃദമായി സംശയങ്ങള്‍ ദുരീകരിക്കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനും അപേക്ഷകര്‍ക്ക് സൗകര്യമുണ്ടാകും. ഇതിനായി ഒരു ചാറ്റ്ബോട്ട് സംവിധാനം പ്രവര്‍ത്തിക്കും.
അല്‍പ്പം ചരിത്രം…
മൈഗ്രേഷനും അസൈലവും സംബന്ധിച്ച പുതിയ കരാറിന്റെ ഭാഗമായി 2020 സെപ്തംബറിലാണ് ഇ യു കമ്മീഷന്‍ ഷെങ്കന്‍ വിസ നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 2021 ജൂണില്‍ ഷെങ്കന്‍ സ്ട്രാറ്റജി വിസ നടപടിക്രമങ്ങളുടെയും യാത്രാ രേഖകളുടെയും ഡിജിറ്റൈസേഷന്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 2022 ഏപ്രില്‍ 27ന് ഇത് ലക്ഷ്യമിട്ടുള്ള നിയമനിര്‍മ്മാണ നിര്‍ദ്ദേശവും കമ്മീഷന്‍ സമര്‍പ്പിച്ചു.കഴിഞ്ഞ ദിവസമാണ് മാറ്റങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് യൂറോപ്യന്‍ യൂണിയന്‍ തീരുമാനം വെളിപ്പെടുത്തിയത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.