എറ്റിപ്പിക്കല്‍ വര്‍ക്ക് സ്‌ക്കീം പെര്‍മിറ്റ് : കാത്തിരിക്കുന്നത് നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ അയര്‍ലണ്ടിലെ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍
ഡബ്ലിന്‍ : തൊഴില്‍ തേടി ആദ്യഘട്ടത്തില്‍ അയര്‍ലണ്ടില്‍ എത്താനുള്ള എറ്റിപ്പിക്കല്‍ വര്‍ക്ക് സ്‌ക്കീം(AWS) ലഭിക്കുന്നതിനുള്ള കാലതാമസം വൈകുന്നതായി നൂറുകണക്കിന് പരാതികള്‍. ഇന്ത്യയിൽ നിന്നും മാത്രം ഏതാണ്ട് ആയിരത്തിലധികം അപേക്ഷരാണ് നഴ്സിംഗ് മേഖലയില്‍ എറ്റിപ്പിക്കല്‍ വര്‍ക്ക് സ്‌ക്കീമിലുള്ള വിസ കാത്തിരിക്കുന്നത്.
അടുത്തയിടെ അയര്‍ലണ്ടിലെ നഴ്സിംഗ് റിക്രൂട്ട്‌മെന്റ് മേഖലയില്‍ വിദേശത്തുനിന്നുള്ള നഴ്സുമാരുടെ ഒഴുക്ക് കുറയാനുള്ള പ്രധാന കാരണം എറ്റിപ്പിക്കല്‍ വര്‍ക്ക് വിസ ലഭിക്കുന്നതിനെടുക്കുന്ന കാലതാമസമാണ്.അയര്‍ലണ്ടിലേക്ക് ജോബ് ഓഫര്‍ ലഭിച്ച ശേഷം , ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ജോലി രാജിവെച്ച്, എറ്റിപ്പിക്കല്‍ വര്‍ക്ക് വിസയ്ക്കായി മാസങ്ങളായി കാത്തിരിക്കുന്നവരുണ്ട്.ഇവരുടെയെല്ലാം പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ് നിലവിലുള്ള കാലതാമസം.പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമുള്ള ആരോഗ്യ മേഖലയിലടക്കം അയര്‍ലണ്ടിലെ ഒരു സ്ഥാപനത്തില്‍ ജോലി നേടുന്നതിന് ഇന്ത്യ അടക്കമുള്ള നോണ്‍ യൂറോപ്യന്‍ ഇക്കണോമിക് ഏരിയ ( നോണ്‍ ഇഇഎ)യില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ അയര്‍ലണ്ടില്‍ ആദ്യമായി എത്തുന്നത് എറ്റിപ്പിക്കല്‍ വര്‍ക്ക് സ്‌ക്കീം വഴിയാണ്.
പൊന്‍മുട്ട ഇടുന്ന താറാവിനെ കൊല്ലുന്ന ഏജന്റുമാര്‍
വ്യാജ ഓഫര്‍ ലെറ്ററുകള്‍ ചമച്ച് ഐറിഷ് സര്‍ക്കാരിനെ കബളിപ്പിക്കാന്‍ ഒരു സംഘം റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ ഇറങ്ങിതിരിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി പറയപ്പെടുന്നത്. എറ്റിപ്പിക്കല്‍ വര്‍ക്ക് സ്‌ക്കീമില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന കാലതാമസം സര്‍ക്കാര്‍ ഇടപെട്ട് ,കുറച്ചിരുന്നു.ഒരാഴ്ചയ്ക്കുള്ളില്‍ പോലും എറ്റിപ്പിക്കല്‍ വര്‍ക്ക് വിസ അനുവദിക്കാനുള്ള ഉദാരമനസ്‌കതയാണ് സര്‍ക്കാര്‍ കാട്ടിയിരുന്നത്.
ഈ സാധ്യത കണക്കിലെടുത്ത് നൂറുകണക്കിന് പേരെ വ്യാജ ജോബ് ഓഫര്‍ലെറ്റര്‍ വഴി അയര്‍ലണ്ടിലെത്തിക്കാനുള്ള ശ്രമം ശ്രദ്ധയില്‍ പെട്ടത്തോടെയാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്ത് , ജോബ് ഓഫറുകളുടെ ഉറവിടങ്ങള്‍ കൃത്യമായി പരിശോധിക്കാന്‍ തുടങ്ങിയത്.വിദേശങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ ജോലി തേടുന്നവരുടെ ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പമാക്കാനുള്ള പുതിയ ഓണ്‍ലൈന്‍ സംവിധാനമാണ് മലയാളികളായ ഏതാനം ഏജന്റുമാര്‍ പൊളിച്ചു കൊടുത്തത്. എറ്റിപ്പിക്കല്‍ വര്‍ക്ക് പെര്‍മിറ്റിനു അപേക്ഷിച്ചു കഴിഞ്ഞാല്‍ മൂന്നു മുതല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ എറ്റിപ്പിക്കല്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതായി നിരവധി ഉദ്യോഗാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തിയതായി ഒരു കൂട്ടര്‍ വാര്‍ത്തയും പ്രചരിപ്പിച്ചിരുന്നുഎറ്റിപ്പിക്കല്‍ വര്‍ക്ക് സ്‌കീം ,രണ്ടാഴ്ചയ്ക്കുള്ളില്‍ ,അനുവദിക്കാനായി ” കാമ്പയിന്‍ നടത്തിയ” സംഘങ്ങളൊക്കെ ഏജന്റുമാരുടെ പിന്നണിയാളുകളായിരുന്നു എന്ന തിരിച്ചറില്‍ ഇവര്‍ സമര്‍പ്പിക്കുന്ന അപേക്ഷകളൊക്കെ പരിശോധിപ്പിച്ചുറപ്പിക്കാന്‍ ഇപ്പോള്‍ മാസങ്ങളെടുക്കുന്നതാണ് അപേക്ഷകളിന്മേലുള്ള തീരുമാനം വൈകാനുള്ള ഇപ്പോഴത്തെ കാരണം.
സോഫ്റ്റ്വെയര്‍ പരിഷ്‌കരണവും വിനയായി
തട്ടിപ്പ് തിരിച്ചറിയാനുള്ള ജാഗ്രതയില്‍ ഐറിഷ് സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ശക്തമായ അപേക്ഷാ സ്വീകരണ ജാലകങ്ങള്‍ കൂടി കൊണ്ടുവന്നതോടെ ”ജോബ് ഓഫര്‍ തട്ടിപ്പുകാര്‍ക്ക് ” പുതിയ സോഫ്റ്റ്വെയറുകള്‍ ബാലികേറാമലയായിട്ടുണ്ട്.ഇവയും അപേക്ഷകളില്‍ മേലുള്ള തീരുമാനത്തെ വൈകിക്കുന്നുണ്ട്.
കൃത്യമായ രീതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് എറ്റിപ്പിക്കല്‍ വര്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ താമസംവിനാ ലഭിക്കുന്നുണ്ടെന്നാണ് ഡിപ്പാര്‍ട്‌മെന്റിന്റെ അവകാശവാദം.ആരോഗ്യ മേഖലയിലടക്കം കൃത്യമായ സെലക്ഷനുകള്‍ ജോലി മേഖലയില്‍ ഉറപ്പ് വരുത്താനാണ് സോഫ്റ്റ്വെയര്‍ പരിഷ്‌കരണത്തിലൂടെയുള്ള ജാഗ്രത അനിവാര്യമാക്കിയതെന്നും വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.