head1
head3

മാറ്റങ്ങള്‍ക്കൊപ്പം മാറണം…അയര്‍ലണ്ടിലെ തൊഴിലാളി സമൂഹത്തിന് ഒ ഇ സി ഡി മുന്നറിയിപ്പ്

ഡബ്ലിന്‍ : ആധുനിക മാറ്റങ്ങളുടെ ഇക്കാലത്ത് ശരിയായ അറിവും കഴിവും വൈദഗ്ധ്യവും നേടിയില്ലെങ്കില്‍ അയര്‍ലണ്ടിലെ തൊഴിലാളികള്‍ പിന്നോട്ടു പോവുമെന്ന് ഒ ഇ സി ഡി ഗവേഷണ റിപ്പോര്‍ട്ട്.അയര്‍ലണ്ടിന്റെ തൊഴില്‍രംഗത്തെ വൈദഗ്ധ്യമടക്കമുള്ള നിര്‍ണ്ണായക വെല്ലുവിളികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന റിപ്പോര്‍ട്ട് ഈ രംഗത്ത് മികവു നേടാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തിരമായുണ്ടാകണമെന്നും ആവശ്യപ്പെടുന്നു.

കാലാനുസൃതമായ വൈദഗ്ധ്യം നേടാന്‍ പല ഐറിഷ് തൊഴിലാളികളും തയ്യാറാകാത്തത് വലിയ പ്രശ്നമാണെന്ന് ഗവേഷണം പറയുന്നു. നിലവിലെ ജോലിയില്‍ അഭിവൃദ്ധി നേടുന്നതിന് ഓരോ തൊഴിലാളിയും വൈദഗ്ധ്യം നേടേണ്ടതുണ്ട്.എന്നാല്‍ തൊഴിലാളികള്‍ ഇതിനോട് മുഖം തിരിക്കുകയാണ്.

തൊഴിലാളികളുടെ നൈപുണ്യവും വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള യൂറോപ്യന്‍ യൂണിയന്‍ സംരംഭമായ ‘ഇയര്‍ ഓഫ് സ്‌കില്‍സിനോട് അനുബന്ധിച്ചാണ് ഗവേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രപ്പോസല്‍ തുടര്‍, ഉന്നത വിദ്യാഭ്യാസ, ഗവേഷണ മന്ത്രി സൈമണ്‍ ഹാരിസ് സര്‍ക്കാരിന് നല്‍കുമെന്നാണ് കരുതുന്നത്.

അയര്‍ലണ്ടിന്റെ തൊഴിലാളികളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുകയെന്നത് വളരെ സങ്കീര്‍ണ്ണമായ പ്രശ്നമാണെന്നും സര്‍ക്കാര്‍ സമീപനത്തിന്റെ ആവശ്യകതയെയാണ് ഇതെടുത്തു കാണിക്കുന്നതെന്നും ഒ ഇ സി ഡി പറഞ്ഞു.ഏതൊക്കെ മേഖലയിലാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതെന്ന് സര്‍ക്കാര്‍ ഗവേഷണം എടുത്തുകാട്ടുന്നു.

തൊഴിലാളികളുടെ വൈദഗ്ധ്യത്തിലെ ഈ പൊരുത്തക്കേടുകള്‍ തൊഴിലുടമകളേയും ആശങ്കപ്പെടുത്തുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഡിജിറ്റല്‍ വൈദഗ്ധ്യം, സ്റ്റെം സ്‌കില്‍സ്, മാനേജ്മെന്റ് വൈദഗ്ധ്യം തുടങ്ങിയ മേഖലകളിലെ കുറവുകളാണ് ഐറിഷ് തൊഴിലുടമകളെ വലിയ തോതില്‍ ആശങ്കപ്പെടുത്തുന്നതെന്ന് ഗവേഷണം കണ്ടെത്തി.

കുറഞ്ഞ വിദ്യാഭ്യാസമുള്ള തൊഴിലാളികള്‍, സ്ത്രീകള്‍, വികലാംഗര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ കഴിവുകളും തൊഴില്‍ വിപണിയില്‍ കൂടുതല്‍ സജീവമാക്കേണ്ടതുണ്ട്. തൊഴിലാളികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് തൊഴിലിടങ്ങള്‍ മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്യേണ്ടതുണ്ടെന്നും എസ് എം ഇകളുടെ മാനേജ്മെന്റ് കപ്പാസിറ്റി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a</a

Comments are closed.