ഡബ്ലിന്‍: ആഗോള സാമ്പത്തിക ഇടപാടുകളില്‍ യു എസ് ഡോളറിന്റെ മേല്‍ക്കൈ അധികകാലമുണ്ടാകില്ലെന്ന് സൂചന.യു എസ് ഡോളറിന് വെല്ലുവിളിയായി ബ്രിക്സ് കറന്‍സി വരുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക (ബ്രിക്സ്) എന്നീ രാജ്യങ്ങളാണ് വ്യാപാരത്തിനായി പൊതു കറന്‍സി രൂപീകരിക്കുന്നത് പരിഗണിക്കുന്നത്.2023 ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
കഴിഞ്ഞയാഴ്ച ന്യൂഡെല്‍ഹിയില്‍ നടന്ന സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ എക്കണോമിക് ഫോറം പരിപാടിയില്‍ പങ്കെടുക്കവെ റഷ്യന്‍ പാര്‍ലമെന്റ (ഡ്യുമ) ഡെപ്യൂട്ടി ചെയര്‍മാന്‍ അലക്‌സാണ്ടര്‍ ബാബക്കോവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ 2009ലാണ് ബ്രിക് സ്ഥാപിച്ചത്.
ഒരു വര്‍ഷത്തിനുശേഷം ദക്ഷിണാഫ്രിക്ക കൂടി ഒപ്പം ചേര്‍ന്നതോടെ അത് ബ്രിക്സ് ആയി.ഇത് ക്ലിക് ആയാല്‍ ആഗോളതലത്തില്‍ മികച്ച മള്‍ട്ടി കറന്‍സി ഗ്ലോബല്‍ സിസ്റ്റം ഉയര്‍ന്നുവരുമെന്ന് കരുതുന്നു.മുന്‍ ഗോള്‍ഡ്മാന്‍ സാച്ച്സ് ഗ്രൂപ്പ് ഇന്‍ക് ചീഫ് ഇക്കണോമിസ്റ്റ് ജിം ഒ നീല്‍ ആണ് ബ്രിക് എന്ന ചുരുക്കപ്പേരുണ്ടാക്കിയത്.കഴിഞ്ഞ മാസം ഗ്ലോബല്‍ പോളിസി ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇദ്ദേഹം ഈ പേര് പുറത്തുവിട്ടത്.
ചൈനയും ഇന്ത്യയും പോലുള്ള വളര്‍ന്നുവരുന്ന അവരുടെ സ്വന്തം കറന്‍സികളില്‍ വ്യാപാരം നടത്താന്‍ മുന്നോട്ടുവന്നാല്‍ത്തന്നെ ആഗോള വ്യാപാരത്തില്‍ യു എസ് ഡോളറിന്റെ ആധിപത്യത്തിന് ഇടിവു തട്ടും.ഉക്രൈയ്നിലെ റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിഷ്പക്ഷത പാലിക്കുന്ന രാജ്യങ്ങള്‍ കൂടി ഈ കൂട്ടായ്മയിലെത്തിയത് ഡോളറിന് കോട്ടമാകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയും ചൈനയും അവരവരുടെ കറന്‍സികള്‍ അന്തര്‍ദേശീയവല്‍ക്കരിക്കാന്‍ ശ്രമം നടത്തിവരികയാണ്.ഡോളറിന് പകരം രൂപയെ ആഗോള കരുതല്‍ കറന്‍സിയാക്കാന്‍ ഇന്ത്യ നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.ഡോളറിന്റെ ദൗര്‍ലഭ്യം നേരിടുന്ന രാജ്യങ്ങള്‍ക്ക് അവരുടെ വ്യാപാര പേയ്‌മെന്റുകള്‍ ഇന്ത്യന്‍ രൂപയില്‍ നടത്താമെന്ന ഓഫറാണ് ന്യൂഡല്‍ഹി നല്‍കുന്നത്.
അതേ സമയം,ഇറാന്‍, വെനിസ്വേല, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണത്തിനായി ചൈന 2018ല്‍ ഷാങ്ഹായ് ഇന്റര്‍നാഷണല്‍ എനര്‍ജി എക്സ്ചേഞ്ച് (ഐ എന്‍ ഇ) സ്ഥാപിച്ചു കഴിഞ്ഞു. ഇവിടുത്തെ വ്യാപാര കരാറുകള്‍ ചൈനീസ് റെന്‍മിന്‍ബിയില്‍ മാത്രമാണ്.ചൈനയും സൗദി അറേബ്യയും തമ്മില്‍ ഇതു സംബന്ധിച്ച കരാറുണ്ടായാല്‍ എണ്ണ വ്യാപാരത്തില്‍ നിന്ന് യുഎസ് ഡോളറിനെ പിന്നോട്ടടിക്കും.
നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി സൈനിക തര്‍ക്കം കൂടി കണക്കിലെടുക്കുമ്പോള്‍ ബ്രിക്‌സ് കറന്‍സിയ്ക്ക് പ്രത്യേക പ്രാധാന്യമാണുള്ളത്.
ആഗോള ധനകാര്യത്തില്‍ യു എസ് ഡോളറിന് സമഗ്രാധിപത്യമാണുള്ളത്. ആഗോള എണ്ണ വ്യാപാരത്തിലാണ് ഡോളര്‍ ഏറ്റവും കൂടുതല്‍ പ്രബലമായിട്ടുള്ളത്. അതിനാല്‍ ഡോളറുമായി നേരിട്ട് ബന്ധവുമില്ലാത്ത ക്രൂഡ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ പോലും യു എസ് ഡോളറില്‍ വ്യാപാരം നടത്തേണ്ടി വരുന്നു.ആഗോള വ്യാപാരത്തിന്റെ ഏതാണ്ട് പകുതിയും യു എസ് ഡോളറിലാണ് ഇന്‍വോയ്‌സ് ചെയ്യുന്നതെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് പറയുന്നു.
ആഗോളവ്യാപാരത്തിന്റെ പത്തിലൊന്ന് മാത്രമാണ് യുഎസിനുള്ളത്.എന്നിട്ടും യു എസ് ഡോളറിന് ഈ ആനുപാതികമല്ലാത്ത ആധിപത്യമാണ് ഇവിടെ ലഭിക്കുന്നത്.ഇതും പരക്കെ ചോദ്യം ചെയ്യപ്പെടുന്ന സംഗതിയാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.