കാല്‍നൂറ്റാണ്ടിനുള്ളിലെ ആദ്യത്തെയും ഏറ്റവും വലുതുമായ പരിഷ്കാരമാണ് വിദ്യഭ്യാസത്തില്‍ സര്‍ക്കാര്‍ വരുത്തുന്നത്. എന്നാല്‍, എന്നു മുതലാണ് പുതുക്കിയ പാഠ്യപദ്ധതി നടപ്പാക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.പുതിയ പദ്ധതിയനുസരിച്ച് പ്രൈമറി, സ്പെഷ്യല്‍ സ്കൂളുകളില്‍ വിദേശ ഭാഷാ പഠനം നിര്‍ബന്ധിതമാകും. അതേസമയം, മതം പഠനത്തിനുള്ള സമയം കുറയും.
അയര്‍ലണ്ടിന്റെ പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം മുച്ചൂടും മാറുന്നു.
മതപഠന സമയം കുറയും…വിദേശ ഭാഷാപഠനം ആദ്യമായി പാഠ്യ പദ്ധതിയില്‍
വിദേശ ഭാഷാപഠനം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത് ആദ്യമായാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.ഇതനുസരിച്ച് തേര്‍ഡ് ക്ലാസ് മുതല്‍ കുട്ടികള്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ ഇംഗ്ലീഷോ ഐറിഷോ അല്ലാതെ മറ്റൊരു ഭാഷ പഠിക്കേണ്ടത് നിര്‍ബന്ധിതമാക്കും. ഒരേ ക്ലാസില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഭാഷകള്ക്കായിരിക്കും മുന്‍ഗണന നല്‍കേണ്ടതെന്ന നിര്‍ദേശമാണ് ഉണ്ടായിട്ടുള്ളത്. നിലവിലുള്ള ഭാഷകള്‍ക്ക് പുറമെ രാജ്യത്തെത്തിയിട്ടുള്ള വൈവിധ്യ സംസ്കാരങ്ങളില്‍ നിന്നുള്ള ഭാഷകളും ,ജനസംഖ്യാടിസ്ഥാനത്തില്‍ പഠിപ്പിക്കുന്നതിനുള്ള സൗകര്യമാവും ലഭ്യമാക്കുക. ഹിന്ദിയും മലയാളവുമടക്കമുള്ള ഭാഷകള്‍ രാജ്യത്ത് കൂടുതല്‍ പേര് സംസാരിക്കുന്ന നോണ്‍ യൂറോപ്യന്‍ വിദേശഭാഷകളുടെ പട്ടികയിലുണ്ട്.ഇവയൊക്കെ പഠന വിഷയങ്ങളില്‍ ഉള്പ്പെടുത്താനായേക്കുമെന്ന സൂചനകളാണ് സര്‍ക്കാര്‍ ,നല്‍കുന്നത്.
വിദ്യാഭ്യാസ മന്ത്രി നോര്‍മ ഫോളിയാണ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കരിക്കുലം ആന്‍ഡ് അസസ്മെന്റ് (എന്‍ സി സി എ) ആറ് വര്‍ഷത്തിനിടെ വികസിപ്പിച്ച പ്രൈമറി കരിക്കുലം പുറത്തിറക്കിയത്.ഭാഷ, ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്സ് (സ്റ്റെം), സുസ്ഥിതി പഠനം , കലാ വിദ്യാഭ്യാസം, സാമൂഹികവും പരിസ്ഥിതി വിദ്യാഭ്യാസവും എന്നിങ്ങനെ അഞ്ച് വിശാലമായ മേഖലകളാണ് പാഠ്യപദ്ധതിയ്ക്കുള്ളത്.
വിദേശ ഭാഷാ പഠനം 2025 മുതല്‍
വിദേശ ഭാഷകള്‍ പഠിപ്പിക്കുന്നത് 2025ല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോളി പറഞ്ഞു.ചില സ്കൂളുകളില്‍ ഈ പദ്ധതി പരീക്ഷണാര്‍ഥം നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദേശ ഭാഷകള്‍ പഠിപ്പിക്കുന്നതിനുള്ള നൈപുണിയും വിദഗ്ധ പരിശീലനവും (സി പി ഡി) വിദ്യാഭ്യാസ വകുപ്പ് നല്‍കുമെന്നും അവര്‍ പറഞ്ഞു.
മത പഠന സമയം കുറയും
അതേ സമയം,മതം പഠിപ്പിക്കുന്നത് ആഴ്ചയില്‍ രണ്ടരയില്‍ നിന്ന് രണ്ട് മണിക്കൂറാകും.കൂടാതെ മതപഠനം പുതിയ ‘മത, ധാര്‍മ്മിക, ബഹു-വിശ്വാസ, മൂല്യ വിദ്യാഭ്യാസ’ വിഷയത്തിന്റെ ഭാഗമാകും. വിശ്വാസത്തെ സംബന്ധിച്ച വിശാലമായ വീക്ഷണം നല്‍കുന്നതാകും ഈ വിഷയം.
പുതിയ പദ്ധതിയനുസരിച്ച്് ജൂനിയര്‍ ഇൻഫൻസ് ,സീനിയര്‍ ഇൻഫൻസ് കുട്ടികള്‍ ആഴ്ചയില്‍ മൂന്നു മണിക്കൂറും ഫസ്റ്റ് ക്ലാസ് മുതല്‍ നാലു മണിക്കൂറും കണക്ക് പഠിക്കണം.കൂടാതെ ജൂനിയര്‍, സീനിയര്‍ ഇൻഫൻസ് കുട്ടികളെ സയന്‍സ് ,ടെക്നോളജി, എന്‍ജിനീയറിംഗ് എന്നിവ മാസത്തില്‍ മൂന്നു മണിക്കൂറും പഠിപ്പിക്കും.ഫസ്റ്റ് ,സെക്കന്റ് ക്ലാസുകളില്‍ നാലു മണിക്കൂറും തേര്‍ഡ് ക്ലാസു മുതല്‍ അഞ്ച് മണിക്കൂറും ഇവ പഠിപ്പിക്കണം.
എന്നിരുന്നാലും, സ്കൂളുകള്‍ക്ക് ‘ഫ്ളെക്സിബിള്‍ ടൈം’ അനുവദിച്ചിട്ടുണ്ട്. അത് പ്രകാരം ‘മതവിദ്യാഭ്യാസത്തിന് ‘ കൂടുതല്‍ സമയമുണ്ടാക്കാന്‍’ സ്കൂളുകള്‍ക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു.ജൂനിയര്‍ ഇൻഫൻസ് കുട്ടികള്‍ക്ക് രണ്ടാം ക്ലാസ് വരെ ആഴ്ചയില്‍ ഒരു മണിക്കൂറും 40 മിനിറ്റും മൂന്ന് മുതല്‍ ആറാം ക്ലാസ് വരെ ആഴ്ചയില്‍ രണ്ട് മണിക്കൂറും ഈ വിഷയം അനുവദിക്കും.
ജൂനിയര്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ കലാ വിദ്യാഭ്യാസം പ്രതിമാസം ഒമ്പത് മണിക്കൂര്‍ പഠിക്കണം, തേര്‍ഡ് ക്ലാസ് മുതല്‍ പ്രതിമാസം എട്ട് മണിക്കൂറാകും.
വിശാലമായ ചര്‍ച്ച വേണം
പാഠ്യപദ്ധതി കരിക്കുലം സംബന്ധിച്ച് വിശാലമായ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കണമെന്ന് ഐറിഷ് നാഷണല്‍ ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറി ജോണ്‍ ബോയില്‍ പറഞ്ഞു.പാഠ്യപദ്ധതിയെ മനസ്സിലാക്കാനും നടപ്പിലാക്കാനും മറ്റും അധ്യാപകര്‍ക്കും സ്കൂളുകള്‍ക്കും പ്രത്യേക സമയം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.പ്രൈമറി കുട്ടികളുടെ വിദ്യാഭ്യാസ ഭാരം കുറയ്ക്കുന്നതിന് കൂടി ലക്ഷ്യമിടണം.പ്രൈമറി ക്ലാസുകളുടെ ഓവര്‍ലോഡ് ഒഴിവാക്കുന്നതിനും ക്ലാസുകളുടെ വലുപ്പം ഇ യു ശരാശരിയായ 20 ആയി കുറയ്ക്കുന്നതിനും ചട്ടക്കൂടില്‍ ശ്രദ്ധ നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.