അയര്‍ലണ്ടില്‍ ഹോം കെയറര്‍മാര്‍ക്ക് രണ്ട് വര്‍ഷത്തേയ്ക്ക് വര്‍ക്ക് പെര്‍മിറ്റ് , മണിക്കൂറിന് €11.30 ശമ്പളം
കെയറര്‍ വിസ : വ്യവസ്ഥകളില്‍ മാറ്റം ,ഇന്ത്യയില്‍ നിന്നടക്കമുള്ള റിക്രൂട്ട്‌മെന്റുകള്‍ വീണ്ടും ഉണ്ടായേക്കും
ഡബ്ലിന്‍ : ഹോംകെയര്‍ ‘പ്രൊവൈഡര്‍മാരെ’ റിക്രൂട്ട് ചെയ്യുന്നതിന് എച്ച് എസ് ഇ പ്രഖ്യാപിച്ച പദ്ധതി കൂടുതല്‍ നിയതമായ രൂപത്തിലേക്ക് .ഹോം കെയറര്‍മാരെ അയര്‍ലണ്ടിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ തയ്യാറാക്കിയ ആദ്യപദ്ധതിക്ക് ഇന്ത്യയില്‍ നിന്ന് അടക്കം മികച്ച പ്രതീകരണം ലഭിച്ചിരുന്നുവെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ വൈകുന്നുവെന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്.അടുത്ത മാസം മുതല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
വര്‍ഷത്തില്‍ 27000 യൂറോ … ലീവിംഗ് വേജും യാത്രാച്ചെലവും ഉറപ്പ്
കെയറര്‍മാര്‍ക്ക് നാഷണല്‍ ലീവിംഗ് വേജും ( നിലവില്‍ മണിക്കൂറിന് €11.30 ) ട്രാന്‍സ്പോര്‍ട്ട് എക്സ്പെന്‍സും ഉറപ്പാക്കുന്നതാകും പുതിയ സ്‌കീം. യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുള്ള തൊഴിലാളികള്‍ക്ക് പുതിയ എംപ്ലോയ്മെന്റ് പെര്‍മിറ്റ് സംവിധാനവും വരും.
പുതിയ പദ്ധതിയനുസരിച്ച് രണ്ട് വര്‍ഷമായിരിക്കും പെര്‍മിറ്റിന്റെ കാലാവധി.ആഴ്ചയില്‍ അടിസ്ഥാനമാക്കി 39 മണിക്കൂര്‍ ജോലി ചെയ്യുന്ന കെയറര്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 27,000 യൂറോ ( 2,376,000 രൂപ ) ശമ്പളം ലഭിക്കും.ഏപ്രില്‍ 30ഓടെ എച്ച് എസ് ഇയുടെ ഹോം സപ്പോര്‍ട്ട് ടെന്‍ഡര്‍ അന്തിമമാക്കുമെന്ന് സഹമന്ത്രി മേരി ബട്ട്‌ലറുടെ വക്താവ് പറഞ്ഞു.
ആവശ്യത്തിന് ആളെ കിട്ടാതെ വെയ്റ്റിംഗ് ലിസ്റ്റുകള്‍ നിറയുമ്പോഴും കെയറര്‍ ജോലിക്ക് ആവശ്യമായത്ര അവസ്ഥ ഇപ്പോഴും തുടരുന്നുണ്ട്. .ഹോം കെയര്‍ തൊഴിലാളികള്‍ക്ക് 1,000 എംപ്ലോയ്‌മെന്റ് പെര്‍മിറ്റുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജനുവരിയില്‍ ഇ യുവിന് പുറത്തുനിന്നും ഏഴ് പേര്‍ മാത്രമാണ് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിച്ചത് എന്നാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്.അതേ സമയം, 6,000ലേറെ പേരാണ് എച്ച് എസ് ഇയുടെ ഹോംകെയര്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ആളെ കാത്ത് കഴിയുന്നു.ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് മികച്ച പായ്ക്കേജുമായി എച്ച് എസ് ഇ എത്തുന്നത്.
നിറം മങ്ങി ഹെല്‍ത്ത് കെയര്‍ മേഖല
ഹെല്‍ത്ത് കെയര്‍ മേഖല തീര്‍ത്തും അനാകര്‍ഷകമാണെന്ന് നേരത്തേ തന്നെ ഹോം ആന്റ് കമ്മ്യൂണിറ്റി കെയര്‍ അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള സ്ട്രാറ്റജിക് വര്‍ക്ക്ഫോഴ്‌സ് അഡൈ്വസറി ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.വര്‍ക്കിംഗ് ഗ്രൂപ്പ് മോശമായ പ്രതിഫലം, കുറഞ്ഞ മൂല്യവുമാണ് പ്രധാന പ്രശ്നങ്ങളെന്നും നിരീക്ഷിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് കെയര്‍ മേഖലയെ ആകര്‍ഷകമാക്കാനുള്ള അഡ്വൈസറി ഗ്രൂപ്പിന്റെ ശുപാര്‍ശകള്‍ മന്ത്രി അംഗീകരിച്ചത്.എച്ച് എസ് ഇയുമായി കരാര്‍ വെച്ച് ഏജന്‍സികള്‍ നേരിട്ടാണ് കെയറര്‍മാരെ നിയമിക്കുന്നത്.
ജീവിക്കാന്‍ വേതനമില്ലാതെ എന്ത് കെയര്‍ ?
കെയര്‍ മേഖലയിലെ റിക്രൂട്ട്‌മെന്റ് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. വേതനക്കുറവുതന്നെയാണ് പ്രധാന പ്രശ്നം.കുതിക്കുന്ന ഊര്‍ജ്ജ വില മൂലം ഇപ്പോഴത്തെ ജീവിതച്ചെലവുകള്‍ താങ്ങാനാകാതെ നിവൃത്തി കേടിലാണ് സ്വകാര്യ, സന്നദ്ധ മേഖലകളിലെ കെയറര്‍മാര്‍. സോഷ്യല്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ പല കാരണങ്ങളാല്‍ പാര്‍ട്ട് ടൈം കെയര്‍ ജോലി ചെയ്യാന്‍ മടികാണിക്കുന്നതും പ്രശ്നമാണ്. ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോ സാമ്പത്തികമായ മെച്ചമുണ്ടാകാതെ പോകുമോയെന്നതൊക്കെയാണ് ഇവരുടെ ആശങ്കകള്‍.ഇത്തരം പാര്‍ട് ടൈം ജോലികളെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമുണ്ടാകുമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജന്മാരെ സൂക്ഷിക്കുക
ഇന്ത്യയില്‍ നിന്നും അംഗീകൃത ഏജന്‍സികളും ,വ്യാജ ഏജന്‍സികളും ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും, ഹോം കെയറര്‍മാര്‍ക്കായി അപേക്ഷകള്‍ സ്വീകരിക്കുവാന്‍ മത്സരിച്ചു രംഗത്തിറങ്ങിയിട്ടുണ്ട്. 15000 രൂപ വരെ ചില ഏജന്‍സികള്‍ പ്രാഥമിക രജിസ്‌ട്രേഷന് മാത്രം വാങ്ങുന്നുണ്ട്. നൂറുകണക്കിന് പേരുടെ രജിസ്‌ട്രേഷനുകള്‍ സ്വീകരിക്കുമെങ്കിലും,പിന്നീട് ഓരോരോ കാരണങ്ങളാല്‍ അപേക്ഷ നിരസിച്ചുവെന്ന് അപേക്ഷകനെ അറിയിച്ച ശേഷം ഭാഗീകമായി മാത്രം പണം തിരികെ കൊടുക്കുകയോ ,മുഴുവന്‍ രജിസ്ട്രേഷന്‍ ഫീസും നഷ്ടപ്പെടുകയോ ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ലൈസന്‍സും , പ്രവര്‍ത്തന ചരിത്രവുമുള്ള ഏജന്‍സികളെ മാത്രം ഉപയോഗിച്ച് ജോലി അപേക്ഷകള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാനുള്ള ഏകമാര്‍ഗം.
സര്‍ക്കാര്‍ നയങ്ങളെയും,റിക്രൂട്ട്‌മെന്റുകളെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ‘ഐറിഷ് മലയാളി ന്യൂസില്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a
Comments are closed.