head1
head3

അയർലണ്ട് സെന്റ് പാട്രിക്‌സ് ഫെസ്റ്റിവലിന് അണിഞ്ഞൊരുങ്ങുന്നു,

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ദേശീയ ദിനമായ സെന്റ് പാട്രിക്‌സ് ഫെസ്റ്റിവലിന് അരങ്ങുണരുന്നു. ഐറിഷ് കലയുടെയും സംസ്‌കാരം, പൈതൃകം എന്നിവയുടെയും ഗ്ലോബല്‍ സെലിബ്രേഷനായാണ് സെന്റ് പാട്രിക്‌സ് ഫെസ്റ്റിവല്‍ പതിവ് പോലെ ഇത്തവണയും ലോകമെമ്പാടുമായി ആഘോഷിക്കുന്നത്.

നാഷണല്‍ സെന്റ് പാട്രിക്‌സ് ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ പ്രോഗ്രാം ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു.നമ്മളൊന്നാണ് (we are one ) എന്നതാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ തീം.

സെന്റ് പാട്രിക്കിന്റെ വിശുദ്ധ സ്മരണയിൽ ലോകമെമ്പാടുമുള്ള ഐറിഷ് വംശജർ,അദ്ദേഹത്തിന്റെ ചരമദിനമായ മാർച്ച് 17 കൊണ്ടാടുന്നതിന്റെ ഭാഗമായാണ് അയർലണ്ടിന്റെ തലസ്ഥാന നഗരിയിലും,മറ്റു നഗരങ്ങളിലും സെന്റ് പാട്രിക്ക് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് പേർ അണിനിരക്കുന്ന പരേഡും ഡബ്ലിൻ നഗരത്തിൽ നടത്തപ്പെടും. മാർച്ച് 17 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഡബ്ലിൻ നഗരഹൃദയത്തിയിലെ സ്പയറിന് സമീപമുള്ള പാർണൽ സ്രീറ്റിൽ നിന്നും തുടക്കമിടുന്ന റാലി നഗരം കടന്ന് ,സെന്റ് പാട്രിക്ക് കത്തീഡ്രൽ പള്ളിയ്ക്ക് സമീപം സമാപിക്കും.വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 മാർച്ചിങ് ബാൻഡുകളും,കലാരൂപങ്ങളും,നിശ്ചല ദൃശ്യങ്ങളും ആഘോഷത്തെ വർണ്ണാഭമാക്കും.

ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ സഹകരണത്തോടെയാണ് ഇത്തവണത്തെ സെന്റ് പാട്രിക്‌സ് ഡേ കൊണ്ടാടുന്നത്.പകല്‍ സമയം നടക്കുന്ന എല്ലാ പരിപാടികളും സൗജന്യമാണ്.മാര്‍ച്ച് 16, 18 തീയതികളിലെ രാത്രി സമയ പരിപാടികള്‍ക്ക് മുന്‍കൂട്ടി വാങ്ങിയ ടിക്കറ്റ് എടുക്കേണ്ടതുണ്ട്. ഇതുപയോഗിച്ച് എല്ലാ സായാഹ്ന പ്രോഗ്രാമുകളും ആസ്വദിക്കാനാകും.

ലോകമെമ്പാടുമുള്ള ആളുകളെ സെന്റ് പാട്രിക്‌സ് ഡേയില്‍ ഡബ്ലിനില്‍ എത്തിച്ച് ഒന്നായി ആഘോഷിക്കുകയെന്നതുകൂടിയാണ് വണ്‍ എന്ന തീം ലക്ഷ്യമിടുന്നത്.മാര്‍ച്ച് 16 മുതല്‍ 19 വരെയാണ് അയര്‍ലണ്ടിലെ പകല്‍-രാത്രി പൂരം നടക്കുക.

നാഷണല്‍ മ്യൂസിയം ഓഫ് അയര്‍ലണ്ടിലെ സെന്റ് പാട്രിക്‌സ് ഫെസ്റ്റിവല്‍ ക്വാര്‍ട്ടറിലും കോളിന്‍സ് ബാരക്കുകളിലുമാണ് ഉല്‍സവം നടക്കുക.

വാരാന്ത്യ സംഗീതത്തിനായി വേദികളെല്ലാം സജ്ജമായിക്കഴിഞ്ഞു.പരമ്പരാഗത സംഗീതം, റോക്ക്, പോപ്പ്, ഹിപ് ഹോപ്പ് എന്നിവയുടെ അവിശ്വസനീയ ലൈനപ്പാണ് ഇക്കുറിയും ഒരുക്കുന്നത്.

അയര്‍ലണ്ടിന്റെ പ്രിയപ്പെട്ട സംഗീതജ്ഞരെല്ലാം സെന്റ് പാട്രിക്‌സ് ഫെസ്റ്റിവലിലുണ്ടാകുമെന്ന് കരുതാം.ദിവസവും വൈകുന്നേരം 6 മണി മുതല്‍, ഫെസ്റ്റിവല്‍ ക്വാര്‍ട്ടര്‍ നൈറ്റ്സിലാകെ ലൈറ്റിംഗ് ഡിസ്പ്ലേകളും അലങ്കാരങ്ങളും നിറയും.ഫുഡ് വില്ലേജുകളും ബാറുകളും മുതിര്‍ന്നവര്‍ക്കുള്ള ഹാംഗ്ഔട്ട് ഏരിയകളുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു.

ആദ്യ ദിനത്തില്‍

കള്‍ട്ടര്‍ ക്ലബില്‍ എല്‍ ജി ബി ടി ക്യു+,ക്ലബ്ബ് പ്രൊമോട്ടര്‍മാര്‍,മദര്‍, എന്നിവരാണ് ഇവിടെ ആഘോഷത്തിന് ഒന്നിക്കുന്നത്. കോളിന്‍സ് ബാരക്കിലെ ഫെസ്റ്റിവല്‍ ക്വാര്‍ട്ടറില്‍ 4 സ്റ്റേജുകളിലായാണ് പാര്‍ട്ടി നടക്കുക.

കമ്മ്യൂണിറ്റിയിലുടനീളമുള്ള അയര്‍ലണ്ടിലെ ഏറ്റവും മികച്ച ഡി ജെ ടീമുകള്‍,ഡ്രാഗ് ക്വീന്‍സ്, ആര്‍ട്ടിസ്റ്റുകള്‍, കാബറേ പ്രതിഭകള്‍ എന്നിവരെല്ലാം അരങ്ങിലുണ്ടാകും.

പോപ്പും ഡിസ്‌കോയും ഇലക്ട്രോയുമെല്ലാം ഇവിടെ ആസ്വദിക്കാം. പ്രധാന വേദിയില്‍ പി ജെ കിര്‍ബിക്കൊപ്പം ആദ്യമായി ഗേ ലീ യും എത്തുമെന്ന പ്രത്യേകതയുമുണ്ട്. പാന്റി ബ്ലിസും പങ്കാളിയായ ഡെനിസ് സാല്‍മണും നൃത്തച്ചുവടുകളുമായി പ്രധാന വേദിയിലെത്തും.ഒറ്റ ദിവസത്തെ പ്രകടനത്തിനായെത്തുന്ന എലെയ്ന്‍ മായ്,മെയ്കെ, സിനേഡ് വൈറ്റ് എന്നിവര്‍ക്കൊപ്പം ബോബി ആര്‍ലോ, ലെവ്വാബ്, പാസ്തിഷെ, ടിം ചാഡ്വിക്ക് എന്നിവരുമെത്തും.17, 18 തീയതികളും വൈവിധ്യമാര്‍ന്ന സംഗീത പരിപാടികള്‍ പാട്രിക്‌സ് ദിനാഘോഷത്തെ അവിസ്മരണീയമാക്കും.

മറ്റു നഗരങ്ങളിൽ
അയർലണ്ടിലെ കോർക്ക്,ഗോൾവേ,വാട്ടർഫോർഡ് ,ലീമെറിക്ക് ,സ്ലൈഗോ ,എന്നിവ അടക്കമുള്ള നഗരങ്ങളിലടക്കം ഗ്രാമഗ്രാമാന്തരങ്ങളിൽ സെന്റ് പാട്രിക്ക് ദിനാഘോഷങ്ങളും ,റാലികളും നടത്തപ്പെടും. കുടിയേറ്റക്കാർ അടക്കമുള്ള എല്ലാ ജനസമൂഹങ്ങളും പതിവുപോലെ ഇത്തവണയും സെന്റ് പാട്രിക്ക് ദിനത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.
വിദേശരാജ്യങ്ങളിൽ
ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലും സെന്റ് പാട്രിക്ക് ദിനാഘോഷ പരിപാടികൾ ഉത്സാഹപൂർവ്വം ഒരുക്കുന്നുണ്ട്. അയർലണ്ട് ഇന്റഗ്രഷൻ & ശിശുക്ഷേമകാര്യ മന്ത്രി റോഡ്രിക്ക് ഓ ഗോർമാനാണ് ഇന്ത്യയിലെ സെന്റ് പാട്രിക്ക് ആഘോഷ പരിപാടികളിലെ മുഖ്യാതിഥിയായെത്തുന്നത്ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.