head1
head3

ബ്രക്സിറ്റിന് ഇനി പുതിയ ചരിത്രം,ബ്രക്സിറ്റനന്തര വ്യാപാര കരാറിലേയ്ക്ക് ഇ യുവും യു കെയും

ലണ്ടന്‍ : ബ്രക്സിറ്റനന്തര വ്യാപാര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വഴിയൊരുക്കി യു കെയും ഇയുവും ചരിത്രപരമായ നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രോട്ടോക്കോള്‍ കരാറിലേയ്ക്ക്. പ്രധാനമന്ത്രി ഋഷി സുനകും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയനും തമ്മില്‍ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറിലെത്തിയത്.

വിന്‍ഡ്‌സര്‍ ഫ്രെയിംവര്‍ക്ക് എന്ന കരാറില്‍ ഇരുവരും ഒപ്പുവെച്ചു.കരാറിനെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി വോണ്‍ ഡെര്‍ ലെയ്ന്‍ ഇന്നലെ രാവിലെ യു കെയിലെത്തിയിരുന്നു.യുകെയുടെ കര്‍ശന പരിശോധനകളും ഇയുവിന്റെ വിവിധ നികുതികളുടെയെല്ലാം പിടിയില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലണ്ടിന് ആശ്വാസം നല്‍കുന്നതാണ് കരാറെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും ഡി യു പിയുടെ പിന്തുണ കൂടി കരാറിന് ലഭിച്ചാല്‍ മാത്രമേ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭരണ സ്തംഭനത്തിനും രാഷ്ട്രീയ അനിശ്ചിതത്വത്തിനും പരിഹാരമാകൂയെന്നാണ് കരുതുന്നത്.

പുതിയ കരാറെത്തുമ്പോള്‍….

പുതിയ കരാറനുസരിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് ചരക്കുകള്‍ കടന്നു പോകുന്നതിന് പുതിയ ഗ്രീന്‍ ലെയ്നും ഇ യുവിലേയ്ക്കുള്ളതിന് റെഡ് ലെയ്നും നിലവില്‍ വരും. യുകെ യില്‍ നിന്നും ഭക്ഷണണസാധനങ്ങളും മറ്റും കൊണ്ടുവരുന്ന നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, ഹോള്‍ സെയിലുകാര്‍ എന്നിവര്‍ക്ക് ഇനി ഓരോന്നിനും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടി വരില്ല.യു കെ നിയമങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ച ഭക്ഷണം അയയ്ക്കാനും വില്‍ക്കാനും കഴിയും.

ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാണെങ്കില്‍, അവ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ലഭ്യമാകുന്ന നിലയുമുണ്ടാകും. നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്കുള്ള ഓരോ വരവിനും 150 പൗണ്ട് നല്‍കുന്നതിന് പകരം പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുള്ളതു പോലെ വര്‍ഷത്തില്‍ 120 പൗണ്ട് നല്‍കി കര്‍ഷകര്‍ക്കും ബിസിനസ്സുകാര്‍ക്കും യു കെ പദ്ധതിയുടെ ഭാഗമാകാം.

പരിശോധനയില്ല പകരം ചിപ് സംവിധാനം

യു കെയില്‍ നിന്നുമെത്തുന്ന വളര്‍ത്തുമൃഗങ്ങളെയും മറ്റും ഇയുവിലേയ്ക്ക് പോകുന്നത് തടയുന്നതിനുള്ള കര്‍ശന പരിശോധനകള്‍ ഇല്ലാതാകും. പകരം ചിപ് സംവിധാനം ഏര്‍പ്പെടുത്തും.

ഇ യു വാറ്റ് ബാധകമാകില്ല

വാറ്റ് പരിധി 10,000 പൗണ്ട് കുറയ്ക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ പദ്ധതി നോര്‍ത്തേണ്‍ അയര്‍ലണ്ടിന് ബാധകമാകില്ല. കൂടാതെ ചെറുകിട ബിസിനസുകള്‍ക്കുള്ള എസ് എം ഇ വാറ്റും ഒഴിവാക്കും.ഈ കരാറനുസരിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ 2,000 ബിസിനസ് സ്ഥാപനങ്ങള്‍ക്ക് 2025ലെ ഇ യു ഡയറക്ടീവ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടി വരില്ല.യു കെ മെഡിസിന്‍ റെഗുലേറ്റര്‍ അംഗീകരിച്ച മരുന്നുകള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ലഭ്യമാകും.

നോര്‍ത്തേണ്‍ അയര്‍ലണ്ടിന് കൂടുതല്‍ അധികാരം

യു കെയുടെ ചരക്ക് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് അസംബ്ലിക്ക് സാധിക്കും. ഇക്കാര്യത്തില്‍ യുകെ സര്‍ക്കാരിന് വീറ്റോ പവറും ഉണ്ടാകും.പ്രായോഗിക വ്യാപാര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം ഗുഡ് ഫ്രൈഡേ കരാറിനെ സംരക്ഷിക്കുന്നതാണെന്നുമാണ് കരാറിനെ വിലയിരുത്തുന്നത്.

ബ്രക്‌സിറ്റിനന്തര വ്യാപാര ക്രമീകരണങ്ങളിലെ നിര്‍ണ്ണായക വഴിത്തിരിവാണ് ഈ കരാറെന്ന് പ്രധാനമന്ത്രി ഋഷി സുനക് വിശേഷിപ്പിച്ചു. യൂണിയനിലെ നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ പദവിയും യുകെയിലെ സ്ഥാനവും സംരക്ഷിക്കുന്നതാണ് പുതിയ കരാറെന്ന് സുനക് വ്യക്തമാക്കി.ഇതനുസരിച്ച് യു കെയിലാകെ വാറ്റ്, എക്സൈസ് നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും സുനക് പറഞ്ഞു.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ എല്ലാ കക്ഷികളും കരാര്‍ വിശദമായി പരിശോധിക്കണമെന്ന് പ്രധാനമന്ത്രി സുനക് അഭ്യര്‍ഥിച്ചു. ഇതിന് സമയവും കെയറും ആവശ്യമാണെന്നും സുനക് പറഞ്ഞു.ഉചിതമായ സമയത്ത് യു കെ പാര്‍ലമെന്റില്‍ കരാറില്‍ വോട്ടെടുപ്പ് ഉണ്ടാകുമെന്നും സുനക് പറഞ്ഞു.ഒറിജിനല്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയെന്ന് വോണ്‍ ഡെര്‍ ലെയ്നും പറഞ്ഞു.

വിമര്‍ശനം

അതേ സമയം യു കെയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിനുള്ള സ്ഥാനം പുനഃസ്ഥാപിക്കുന്നതാണോ ഈ പതിയ കരാറെന്ന് തന്റെ പാര്‍ട്ടി പരിശോധിക്കുമെന്ന് ഡിയു പി നേതാവ് ജെഫെറി ഡൊണാള്‍ഡ്സണ്‍ പറഞ്ഞു.

കണ്‍സര്‍വേറ്റീവ് പാളയത്തിലും കരാറിനെതിരെ മുറുമുറുപ്പുള്ളവരുണ്ട്. അവര്‍ ഹൗസ് ഓഫ് കോമണ്‍സില്‍ കരാറിന്മേല്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടേക്കാമെന്നും സൂചനയുണ്ട്.അതേ സമയം പ്രോട്ടോക്കോള്‍ കരാറിനെ വിമര്‍ശിച്ചവരില്‍ ചാള്‍സ് മൂന്നാമന്‍ രാജാവുമുണ്ടെന്നത് ശ്രദ്ധേയമാണ്. വിവേകശൂന്യമാണ് ഈ കരാറെന്നാണ് രാജാവ് വിലയിരുത്തുന്നത്.

ചരിത്ര കൗതുകം

നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട യു കെ – ഇ യു ചര്‍ച്ചകള്‍ അന്തിമമാകുമ്പോള്‍ ഇതിനെല്ലാം നടുനായകത്വം വഹിക്കുന്നത് രണ്ട് ഇന്ത്യന്‍ വംശജരാണെന്നത് ചരിത്ര കൗതുകം.രണ്ടാളും രണ്ട് പ്രമുഖ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരാണെന്നതും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കറുമാണ് ഈ നായകന്മാര്‍.

യൂറോപ്പിനെയാകെ ബാധിക്കുന്ന എന്‍ ഐ പ്രോട്ടോക്കോള്‍ പ്രശ്നം പരിഹരിക്കാനുള്ള ഇരുവരുടെയും പ്രതിജ്ഞാബദ്ധത എടുത്തുപറയേണ്ട സംഗതിയാണ്.ബ്രക്സിറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രോട്ടോക്കോള്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകണമെന്ന ഉറച്ച നിലപാടുള്ളവരാണ് ഇരുവരും.യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റുമായി ഈ പ്രശ്നം തുറന്നു ചര്‍ച്ച ചെയ്യാന്‍ വഴിയൊരുങ്ങിയതും ഇരുവരുടെയും ഈ താല്‍പ്പര്യം കൊണ്ടു കൂടിയാണ്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതില്‍ അയര്‍ലണ്ടിന്റെ ഭരണാധികാരിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ ലിയോ വരദ്കറുടെ റോള്‍ വളരെ നിര്‍ണ്ണായകമാണ്.പ്രോട്ടോക്കോള്‍ സംബന്ധിച്ച കരാര്‍ ഇതിലൂടെ രൂപംകൊള്ളുമെന്ന പ്രതീക്ഷ പ്രശ്നപരിഹാരമുണ്ടാക്കുകയാണ് ഇപ്പോള്‍..

ഇയു കമ്മീഷന്‍ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള ലണ്ടന്‍ കൂടിക്കാഴ്ചയും ചര്‍ച്ചയും പ്രതീക്ഷാഭരിതമാണെന്ന് ലിയോ വരദ്കര്‍ പറഞ്ഞു.വളരെ പോസിറ്റീവായാണ് കാര്യങ്ങള്‍ നീങ്ങിയത്.കരാര്‍ അയര്‍ലണ്ടിനും നോര്‍ത്തേണ്‍ അയര്‍ലണ്ടിനും സാമ്പത്തികമായി വളരെ ഗുണകരമാകുമെന്നു വരദ്കര്‍ പറഞ്ഞു.

ഗുഡ് ഫ്രൈഡേ പ്രകാരമുള്ള എന്‍ ഐ അസംബ്ലിയും എക്‌സിക്യൂട്ടീവും പ്രവര്‍ത്തനക്ഷമമാക്കാനും സഹായകമായേക്കും.അയര്‍ലണ്ട് -യുകെ ബന്ധവും കൂടുതല്‍ ദൃഢമാകും.രൂപപ്പെടുന്ന കരാര്‍ ഡി യു പിയുടെ ആശങ്കളെ പരിഹരിക്കാനുതകുന്നതായിരിക്കുമെന്നാണ് കരുതുന്നത്.എന്നാല്‍ ഇതിനെക്കുറിച്ച് ആധികാരികമായി പറയേണ്ടത് അവിടുത്തെ രാഷ്ട്രീയപ്പാര്‍ട്ടികളാണെന്നും വരദ്കര്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക    https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni<

Comments are closed.