head3
head1

ഇന്ത്യയില്‍ നിന്നും വിദേശത്തേയ്ക്ക് പണം അയച്ചാല്‍ 20 % ടാക്‌സടയ്ക്കണം : കട്ടക്കലിപ്പില്‍ പ്രവാസികള്‍

ന്യൂ ഡല്‍ഹി : ഭാരത സര്‍ക്കാരിന്റെ പുതിയ ബജറ്റ് നിര്‍ദ്ദേശമനുസരിച്ച്, വിദേശത്തേക്ക് പണം അയക്കുന്ന എല്ലാ ഇടപാടുകളിലും സ്രോതസ്സില്‍ നിന്ന് 20% നികുതി ഈടാക്കണമെന്നുള്ള തീരുമാനം ആയിരക്കണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാഴ്ത്തും. വിദേശ രാജ്യങ്ങളില്‍ ഒരു വീട് വാങ്ങുവാനാ ണെങ്കിലും, വിദേശത്തെ ദൈനംദിന ചെലവുകള്‍ നിറവേറ്റുന്നതിനായാലും, ആഗോള ഓഹരികളില്‍ നിക്ഷേപിക്കാനായാലും അയയ്ക്കുന്ന പണത്തിന് നികുതി പിടിക്കാനുള്ള ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ നിര്‍ദേശത്തിനെതിരെ പ്രവാസി സമൂഹങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

വിദ്യാഭ്യാസ ചെലവുകള്‍ക്കോ, ചികിത്സയ്ക്കോ അല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണമയയ്ക്കുമ്പോള്‍ മുഴുന്‍ തുകയ്ക്കും സ്രോതസില്‍ തന്നെ നികുതി (Tax Collected at Source – TCS) പിടിച്ചുവയ്ക്കാനാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം.

PAN കാര്‍ഡ് ഹാജരാക്കുകയാണെങ്കില്‍ അയയ്ക്കുന്ന തുകയുടെ 20 ശതമാനവും, PAN കാര്‍ഡ് ഇല്ലെങ്കില്‍ 40 ശതമാനവും ഇത്തരത്തില്‍ പിടിച്ചുവയ്ക്കുമെന്ന് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു.സാമ്പത്തിക വര്‍ഷാവസാനം നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രമാകും ഈ തുക തിരികെ ലഭിക്കുക.
ഇന്ത്യാക്കാര്‍ക്ക് വിദേശത്തേക്ക് പണമയ്ക്കാന്‍ അനുവദിക്കുന്ന പദ്ധതിയാണ് ലിബെറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (LRS) .വിദേശത്തേക്ക് യാത്ര പോകുന്നതിനായോ, കുടിയേറ്റത്തിനോ, ബന്ധുക്കള്‍ക്ക് നല്‍കാനോ, ചികിത്സക്കോ, പഠനത്തിനോ ഒക്കെ വിദേശത്തേക്ക് പണമയയ്ക്കുന്നത് LRS പ്രകാരമാണ്.

നിലവിലെ നിയമപ്രകാരം, ഒരു സാമ്പത്തിക വര്‍ഷം ഏഴു ലക്ഷം രൂപ വരെ വിദേശത്തേക്ക് അയയ്ക്കുമ്പോള്‍ സ്രോതസില്‍ നികുതി നല്‍കേനേടിയിരുന്നില്ല.ഏഴു ലക്ഷം രൂപയ്ക്ക് പുറമേയുള്ള തുകയ്ക്ക് അഞ്ചു ശതമാനം നികുതി സ്രോതസില്‍ പിടിച്ചുവയ്ക്കും എന്നാണ് നിലവിലെ വ്യവസ്ഥ.

എന്നാല്‍, പുതിയ ബജറ്റ് നിര്‍ദ്ദേശം അനുസരിച്ച് വിദ്യാഭ്യാസവും, ചികിത്സയും അല്ലാതെ മറ്റെന്ത് ആവശ്യത്തിന് വിദേശത്തേക്ക് പണമയച്ചാലും, അയക്കുന്ന ആകെ തുകയുടെ 20ശതമാനം പിടിച്ചുവയ്ക്കണം.അതായത്, അയയ്ക്കുന്നത് എത്ര ചെറിയ തുകയാണെങ്കിലും അതിന്റെ 20 ശതമാനം നികുതിയായി കെട്ടിവയ്ക്കേണ്ടി വരും.

പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോഴേ നികുതി പിടിക്കും

വിദേശത്തേക്ക് പണം കൈമാറ്റം ചെയ്യുന്ന ധനകാര്യ സ്ഥാപനമാണ് ഈ നികുതി പിടിച്ചുവയ്ക്കേണ്ടത്. ആ പണം സ്ഥാപനം സര്‍ക്കാരിലേക്ക് അടയ്ക്കണം.

എന്നാല്‍ വിദ്യാഭ്യാസത്തിനോ, ചികിത്സയ്ക്കോ ആണ് പണം അയയ്ക്കുന്നതെങ്കില്‍ നിയമത്തില്‍ മാറ്റമുണ്ടാകില്ല. ഏഴു ലക്ഷത്തിന് മുകളിലുള്ള തുകയ്ക്കും അഞ്ചു ശതമാനം TCS തന്നെയാകും തുടര്‍ന്നും നല്‍കേണ്ടി വരിക.

ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ ലോണെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ 0.5 ശതമാനം മാത്രമേ പിടിച്ചുവയ്ക്കൂ എന്ന നിലവിലെ വ്യവസ്ഥയും തുടരും.വിദേശത്തുള്ള ബന്ധുക്കള്‍ക്ക് പണമയയ്ക്കുകയോ, വസ്തു വാങ്ങുകയോ, ഓഹരി നിക്ഷേപം നടത്തുകയോ ചെയ്യുമ്പോഴെല്ലാം ഇത്തരത്തില്‍ 20 ശതമാനം TCS നല്‍കണം. വിദേശത്ത് പഠിക്കുന്ന മക്കള്‍ക്ക് താമസത്തിനായോ, ജീവിതച്ചെലവിനായോ അച്ഛനമ്മമാര്‍ പണമടച്ചുകൊടുക്കുകയാണെങ്കില്‍ , അതിനും 20 ശതമാനം TCS നല്‍കണം.ഒരു ലക്ഷം രൂപയ്ക്ക് 20,000 രൂപ TCS ഇനത്തില്‍ അധികം നല്‍കണം.

ഇത്തരത്തില്‍ പിടിച്ചുവയ്ക്കുന്ന തുക ടാക്സ് ക്രെഡിറ്റായാണ് മാറ്റുക.അതായത്, പണമയയ്ക്കുന്ന വ്യക്തി ഇത്രയും ആദായനികുതി മുന്‍കൂര്‍ അടച്ചതായി കണക്കാക്കും.

സാമ്പത്തിക വര്‍ഷാവസാനം ആ വ്യക്തി നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ക്രെഡിറ്റ് കണക്കിലെടുക്കും. ആദായനികുതി അടയ്ക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അത് ഈടാക്കിയ ശേഷമാകും ബാക്കി തുക തിരികെ നല്കുക. ആദായനികുതി TCSനെക്കാള്‍ കുറവാണെങ്കില്‍, പിടിച്ചുവച്ചിട്ടുള്ള തുക പൂര്‍ണമായും തിരികെ കിട്ടും.

എന്നാല്‍, അടിയന്തര സാഹചര്യങ്ങളില്‍ വിദേശത്തേക്ക് പണമയയ്ക്കുകയോ, യാത്രാ പാക്കേജ് എടുക്കുകയോ ചെയ്യുന്നവര്‍ 20 ശതമാനം അധികം ഫണ്ട് കണ്ടെത്തേണ്ടിയും, ഇത് തിരികെ കിട്ടാന്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടിയും വരുമെന്നാണ് ധനകാര്യ വിദഗ്ദര്‍ സൂചിപ്പിക്കുന്നത്.

 ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni<

Comments are closed.