തങ്ങളുടെ ഇഷ്ട പാനീയങ്ങളോടുള്ള മലയാളികളുടെ താല്പര്യം വളരെ വലുതാണ്. ലോകത്തിന്റെ നാനാഭാഗത്തും ഇവ എത്തിക്കാനും മലയാളികള്‍ പരമാവധി ശ്രമിക്കാറുണ്ട്. കുറച്ചു വര്‍ഷങ്ങളായി പാശ്ചാത്യ രാജ്യങ്ങളില്‍ കേരളീയരുടെ സംഭാവനയായുള്ള മദ്യ ബ്രാന്‍ഡുകള്‍ വലിയ നിലയില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുകയാണ്.
പോളണ്ടിലെ പ്രശസ്തമായ കാലിക്കറ്റ് 1498, അയര്‍ലണ്ടിലെ മഹാറാണി ജിന്‍, കാനഡയിലെ മന്ദാകിനി മലബാര്‍ വാറ്റ് ,യുകെയിലെ കൊമ്പന്‍ ബിയര്‍ എന്നിവയൊക്കെ വിപണിയില്‍ ഇറങ്ങി കുറച്ചുനാളുകള്‍ക്കും തന്നെ ഏറെ പ്രശസ്തി നേടിയവയാണ്. ഈ കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങിയ പുതിയ പ്രോഡക്റ്റായ സിംപ്ലി കോള്‍ഡ് മലയാളി ബിയറും പോളണ്ടില്‍ അരങ്ങ് തകര്‍ക്കുന്നുണ്ട്
വാസ്‌കോഡഗാമ കപ്പലിറങ്ങിയ കേരളത്തിലെ കാലിക്കറ്റിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കാലിക്കറ്റ് 1498 എന്ന ബ്രാന്‍ഡ് ഇറങ്ങിയത്. 2021 ആഗസ്റ്റ് 17ന് ക്രാക്കോ നഗരത്തില്‍ ഈ ബ്രാന്‍ഡ് ആദ്യമായി അവതരിപ്പിച്ചത് ഇതിനായി പ്രമോട്ടര്‍ ആയ ലിജോ ഫിലിപ്പ് K2K ( KERALA TO KRAKOW) എന്ന പേരില്‍ ഒരു റസ്റ്റോറന്റ് ആരംഭിച്ചിരുന്നു.അവിടെയായിരുന്നു ഈ ക്രാഫ്റ്റ് ബിയറിന്റെ ജനനം.
മദ്യത്തോടും പാശ്ചാത്യ രാജ്യങ്ങളോടുമുള്ള മലയാളികളുടെ ബന്ധം-:
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷം മദ്യപാന നിരക്ക് ഉള്ള സംസ്ഥാനം കേരളമാണ് ബീവറേജിലുള്ള വലിയ ക്യൂ ഇതിനൊരു ഉദാഹരണമായി കാണാവുന്നതുമാണ്. മദ്യപാനം മൂലം ഉണ്ടാകുന്ന തൊഴിലില്ലായ്മയും മറ്റു പ്രശ്‌നങ്ങളാലും കേരളത്തിലെ 10 ശതമാനം യുവാക്കളും ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു! വെറുതെ നാട് വിട്ടുപോകുന്നുവെന്ന്….കൂടുതലായും ഗള്‍ഫ് രാജ്യങ്ങള്‍ ആണെങ്കിലും കാനഡയിലേക്കും യുകെയിലേക്കുള്ള യുവാക്കളുടെ പ്രവാഹത്തിന്റെ ഒരു കാരണം മദ്യം മൂലം കുഴി തോണ്ടിയ കുടുംബങ്ങളാണത്രെ! ഒക്കെ വീണ്ടെടുക്കാനുള്ള ഒരു വാശിയിലാണ് യുവാക്കള്‍ എന്നാണ് ‘വാഴക്കുല വൈലോപ്പിള്ളി’ ടൈപ്പിലുള്ള പ്രബന്ധം പറയുന്നത്.
മദ്യാഭിമുഖ്യമുള്ള ഒരു ജനതയാണ് കേരളത്തിലേത്. അവര്‍ എവിടെ ചെന്നാലും അത് തുടരുമെന്നതില്‍ അതിശയിക്കാനൊന്നുമില്ല.മിക്ക യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രാഫ്റ്റ് ബിയറടക്കം നിര്‍മ്മിക്കുന്നതിന് ലൈസന്‍സ് ലഭിക്കുന്നുണ്ട്.അല്‍പസ്വല്പം വീട്ടില്‍ വാറ്റി കുടിച്ചാലും ,എക്‌സൈസ് കാരൊന്നും ‘പൊക്കില്ലെന്ന്’ ചുരുക്കം.അല്പമൊക്കെ സ്വന്തക്കാര്‍ക്ക് ‘സമ്മാനമായി’ കൊടുക്കാനും പ്രൊവിഷനുമുണ്ട്.!
2005ല്‍ എറണാകുളത്തു നിന്നും കാനഡയിലേക്ക് ചേക്കേറിയ അബിഷ് ചെറിയാനും അലിയാസ് ചെറിയാനും അവരുടെ പാര്‍ട്ണറായ സരീഷ് കുഞ്ഞപ്പനൊപ്പമാണ് കേരളത്തിലെ പ്രശസ്തമായ ‘ വാറ്റ് ‘ 2021ല്‍ കാനഡയില്‍ അവതരിപ്പിച്ചത്. അവര്‍ക്ക് അത്ഭുതകരമായ നേട്ടമാണുണ്ടായത്. ആദ്യ ആറു മാസങ്ങള്‍ കൊണ്ടെങ്കിലും വില്‍ക്കാനായി നിര്‍മ്മിച്ച 2000 ബോട്ടിലുകള്‍ ആദ്യത്തെ രണ്ടാഴ്ചക്കുള്ളില്‍ തന്നെ കാനഡയില്‍ പലയിടങ്ങളിലായി വിറ്റഴിഞ്ഞു. ഇപ്പോള്‍ മാസത്തില്‍ 3000 കുപ്പികളിലധികം കച്ചവടം ചെയ്യുന്നുണ്ടെന്നും അബിഷ് ചെറിയാന്‍ വെളിപ്പെടുത്തുന്നു..”ചെറിയാന്‍ വാറ്റ്” ഇന്ന് കാനഡയില്‍ മാത്രമല്ല യുഎസിനും പലയിടങ്ങളിലും സുലഭ്യമാണ് ,,,!
അയര്‍ലണ്ടിലെ കോര്‍ക്കില്‍ നിന്നും നമ്മുടെ കൊല്ലംകാരി യുവസംരംഭക ഭാഗ്യലക്ഷ്മിയുടെ വയനാടന്‍ രുചിക്കൂട്ടില്‍ 2020ല്‍ ഇറങ്ങിയ മഹാറാണി ജിന്നിന്റെ പുറംചട്ടയില്‍ പോലും മാതൃഭാഷയോടുള്ള സ്‌നേഹം നിറച്ച് ‘ വിപ്ലവ സ്പിരിറ്റ് ‘ എന്ന് എഴുതിയിട്ടുണ്ട്.
പോളണ്ടിലെ മലയാളി സംരംഭകരാവട്ടെ കേരളത്തിന്റെ കലാരൂപമായ കഥകളിയുടെ ഭാഗവും ,അവരുടെ താരദൈവം മോഹന്‍ലാലിന്റെ മീശയും കണ്ണടയും മുതല്‍ സിനിമയിലെ ഡയലോഗുകള്‍ വരെ കുപ്പിയില്‍ പതിപ്പിച്ചിട്ടുണ്ട് !
യൂറോപ്പിലും അമേരിക്കയിലും ,മറ്റു വികസിത കുടിയേറ്റ കേന്ദ്രങ്ങളിലും മലയാളത്തിന്റെ രുചി വൈഭവം പാനീയങ്ങളിലും നുരയുമ്പോള്‍ .അതില്‍ മനസു നിറയ്ക്കുകയാണ് ഈ ദേശങ്ങളിലെ ‘കുടിയന്മാരും… ഗ്രീക്ക് മിത്തോളജിയിലെ മദ്യവിഭവങ്ങളുടെ ദേവനായ ഡയോനിസിനേയും ബാച്ചസിനേയും വിട്ട് പാശ്ചാത്യര്‍ മലയാളത്തിലെ കുടി പെരുമയുടെ ദൈവമായ പറശിനിക്കടവ് മുത്തപ്പനെ കാണാന്‍ വരുന്ന കാലമാണ് വരാന്‍ പോകുന്നത്….!ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni
Comments are closed.