ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഐറിഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മോര്‍ട്ട്ഗേജ് അടക്കമുള്ള വായ്പാ തിരിച്ചടവുകള്‍ക്കുള്ള അവധി കാലാവധി നീട്ടില്ല.
മോര്‍ട്ട്ഗേജ് തിരിച്ചടവ് കാലാവധി നീട്ടണമെന്ന ആവശ്യവുമായി രാജ്യത്തെ പ്രധാന റീട്ടെയില്‍ ബാങ്ക് മേധാവിമാരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
ഇതിനാല്‍, സെപ്റ്റംബര്‍ അവസാനത്തോടെ തിരിച്ചടവ് മുടങ്ങിയ മോര്‍ട്ട്ഗേജുകള്‍ക്കും വായ്പകള്‍ക്കും അനുവദിച്ചിരുന്ന അവധി കാലാവധി അവസാനിക്കും.
അടുത്ത മാസം മുതല്‍ വായ്പകള്‍ , പതിവ് പോലെ ഗഡു തെറ്റാതെ തിരിച്ചടയ്ക്കണം.
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ പേയ്മെന്റുകള്‍ പുനരാരംഭിക്കാന്‍ കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കും കഴിഞ്ഞേക്കില്ലയെന്ന കടുത്ത ആശങ്കയും ഈ സാഹചര്യത്തില്‍ നില നില്‍ക്കുന്നുണ്ട്.
പേയ്മെന്റ് കാലാവധി കുറച്ച് മാസങ്ങള്‍ കൂടി നീട്ടണമെന്ന് സിന്ഫെയ്ന്, ലേബര്‍ പാര്‍ട്ടി എന്നിവയും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വീണ്ടും ദീര്‍ഘകാലത്തേക്ക് തിരിച്ചടവ് കാലാവധി നീട്ടില്ലെന്ന നിലപാടില്‍ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉറച്ചു നിന്നു.
അതേസമയം, ചില പേയ്മെന്റ് ബ്രേക്കുകള്‍ വാഗ്ദാനം ചെയ്തേക്കാമെന്നും ഇതിന് മറ്റ് മാര്‍ഗങ്ങള്‍ കാണേണ്ടി വരുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
അഞ്ച് പ്രധാന ബാങ്കുകളുടെ മേധാവികളുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിംഗില്‍ ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍, ധനമന്ത്രി പാസ്കല്‍ ഡോണ, പൊതുചെലവ്, പരിഷ്കരണ വകുപ്പ് മന്ത്രി മൈക്കല്‍ മഗ്രാത്ത് എന്നിവര്‍ പങ്കെടുത്തു.
മുഴുവന്‍ പേയ്മെന്റുകളും ഒറ്റയടിക്ക് തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്കായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബാങ്കുകള്‍ സമ്മതിച്ചതായി വരദ്കര്‍ പറഞ്ഞു.
അതേസമയം, കോവിഡ് പ്രതിസന്ധി കാരണം ജനങ്ങള്‍ മോര്‍ട്ട്ഗേജുകളും ബിസിനസ് വായ്പകളും തിരിച്ചടക്കാന്‍ പ്രയാസപ്പെടുകയാണ്. ഇതിനാല്‍, ബാങ്കുകള്‍ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും അവര്‍ ആവശ്യപ്പെടുന്ന കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചടവുമായി ബന്ധപ്പെട്ട് പ്രയാസം അനുഭവിക്കുന്നവര്‍ അവരുടെ ബാങ്കുകളുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണം.
സെപ്റ്റംബര്‍ 30 കോവിഡുമായി ബന്ധപ്പെട്ട പേയ്മെന്റ് ബ്രേക്കുകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന അവസാന ദിവസമാണെന്നും വരദ്കര്‍ വ്യക്തമാക്കി.
എ.ഐ.ബി, ബാങ്ക് ഓഫ് അയര്‍ലന്‍ഡ്, അള്‍സ്റ്റര്‍ ബാങ്ക്, കെ.ബി.സി, പെര്‍മനന്റ് ടി.എസ്.ബി, ബാങ്കിംഗ് ആന്‍ഡ് പേയ്മെന്റ്സ് ഫെഡറേഷന് എന്നിവയുടെ സി.ഇ.ഒമാര്‍ യോഗത്തില്‍ പങ്കെടുത്തു.
കോവിഡ് പ്രതിസന്ധിയില്‍ വരുമാനം നിലച്ചവര്‍ക്ക് ബാങ്കുകള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ടോയെന്ന് ധനമന്ത്രി ഉറപ്പാക്കണമെന്ന് ലേബര്‍ പാര്‍ട്ടിയുടെ ധനകാര്യ വക്താവ് ഗെഡ് നാഷ് വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.