head3
head1

ഖത്തറിന്റെ പിണിയാളുകളായി പ്രവര്‍ത്തിച്ചു; മുന്‍ എം ഇ പി അടക്കം നാലുപേര്‍ ബ്രസല്‍സില്‍ അറസ്റ്റില്‍

റോം:യൂറോപ്യന്‍ അധികാരത്തിന്റെ ഇടനാഴികളില്‍ ഖത്തറിന്റെ പിണിയാളുകളായി പ്രവര്‍ത്തിച്ച മുന്‍ എം ഇ പി അടക്കം നാലുപേര്‍ ബ്രസല്‍സില്‍ അറസ്റ്റിലായി. ഖത്തറിന് അനുകൂലമായി യൂറോപ്യന്‍ പാര്‍ലമെന്റിന്റെ രാഷ്ട്രീയ,സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്നതിന് അനധികൃതമായി നടത്തിയ ഇടപെടല്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി.

ഇടതുപക്ഷ ആര്‍ട്ടിക്കിള്‍ വണ്‍ പാര്‍ട്ടി അംഗവും ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ ഐ ടി യു സിയുടെ നിലവിലെ തലവനുമായ അന്റോണിയോ പന്‍സേരി(67), സെക്രട്ടറി ജനറല്‍ ലൂക്കാ വിസെന്റിനി (53),ഇറ്റലിക്കാരായ രണ്ട് പേര്‍ എന്നിവരാണ് പിടിയിലായത്. ഇവരിലൊരാള്‍ ഒരു എന്‍ജിഒയുടെ ഡയറക്ടറും പാര്‍ലമെന്ററി സഹായിയുമാണ്.

ഇതു സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ബ്രസല്‍സ് പോലീസ് നടത്തിയ റെയ്ഡില്‍ പന്‍സേരിയുടെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച ഹാഫ് മില്യണ്‍ യൂറോ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 14 റെയ്ഡുകളാണ് പോലീസ് നടത്തിയത്.

ബ്രസല്‍സ് സര്‍ക്കിളുകളില്‍ അറിയപ്പെടുന്ന നേതാക്കളാണ് പിടിയിലായ പാന്‍സേരിയും വിസെന്റിനിയും.പഴയ യൂറോപ്യന്‍ കോക്കസായ സോഷ്യലിസ്റ്റ് ആന്‍ഡ് ഡെമോക്രാറ്റ് സഖ്യത്തിന്റെ ഡയറക്ടറേറ്റിലെ അംഗമാണ് പന്‍സേരി. 2004 മുതല്‍ 2019 വരെ മൂന്ന് തവണ എം ഇ പിയായിരുന്നു.മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച ഉപസമിതിയുടെ അധ്യക്ഷനുമായിരുന്നു.

വര്‍ഷങ്ങളായി യൂറോപ്യന്‍ ട്രേഡ് യൂണിയനുകളുടെ പ്രമുഖ നേതാക്കളിലൊരാളാണ് വിസെന്റിനി. ഫ്രിയൂലിയില്‍ യു ഐ എല്ലിനായി തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം 2011 മാര്‍ച്ചില്‍ യൂറോപ്യന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്റെ (ഇ ടി യു സി) ഫെഡറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.2015ലാണ് സെക്രട്ടറി ജനറലായത്. കഴിഞ്ഞ മാസം അവസാനം മെല്‍ബണില്‍ നടന്ന കോണ്‍ഗ്രസിലാണ് ഇദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ സംഘടിത യൂണിയന്റെ തലപ്പത്തെത്തിയത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.