head1
head3

മോണഗനിലെ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനിയെത്തി ; രാജ്യവും അതിര്‍ത്തിയും ജാഗ്രതയില്‍

മോണഗന്‍ : മോണഗനിലെ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇവിടെ എച്ച്5എന്‍1 ഏവിയന്‍ ഇന്‍ഫ്ളുവന്‍സ ബാധിച്ചതിന് തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഫാമിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ഈ വാരാന്ത്യത്തില്‍ 3,000ത്തോളം ടര്‍ക്കികളില്‍ നടത്തിയ പരിശോധനകളിലാണ് അണുബാധയുടെ തെളിവുകള്‍ ലഭിച്ചത്.വില്‍പ്പനയ്ക്കായുള്ള ടര്‍ക്കികളിലാണ് രോഗബാധയുണ്ടായത്. അതിനാല്‍ ഇവയെയെല്ലാം കൊന്നൊടുക്കും.

അതിര്‍ത്തിയോട് വളരെ അടുത്താണ് ഈ ഫാം.അതിനാല്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. 10 കിലോമീറ്റര്‍ ദൂരത്തില്‍ നിരീക്ഷണവും ശക്തമാക്കി.നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം അയര്‍ലണ്ടിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കുന്നുണ്ടെന്ന് കൃഷി മന്ത്രി ചാര്‍ളി മക് ഡൊണാഗ് വ്യക്തമാക്കി.

കാട്ടുപക്ഷികളില്‍ പക്ഷിപ്പനി ബാധിച്ചതായി വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് എല്ലാ കോഴി ഫാമുകള്‍ക്കും കെട്ടിടങ്ങളുണ്ടാകണമെന്ന് കഴിഞ്ഞ തിങ്കളാഴ്ച കൃഷി മന്ത്രി ഉത്തരവ് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മുന്‍കരുതലുകളുടെ ഭാഗമായാണ് പരിശോധനകള്‍ നടത്തിയത്.തീരപ്രദേശങ്ങളില്‍ കടല്‍പ്പക്ഷികളിലാണ് നേരത്തേ രോഗബാധ സ്ഥിരീകരിച്ചത്.

പക്ഷിപ്പനി ജാഗ്രതയുടെ പേരില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.എച്ച് 5 എന്‍ 1 ഉപവിഭാഗം കോഴികളിലും മറ്റും ഗുരുതരമാകുമെങ്കിലും മനുഷ്യര്‍ക്ക് അപകടസാധ്യത വളരെ കുറവാണെന്ന് ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രം അറിയിച്ചു.എന്നിരുന്നാലും, രോഗികളോ ചത്തതോ ആയ കാട്ടുപക്ഷികളെ കൈകാര്യം ചെയ്യുന്നത് അപകടമുണ്ടാക്കും.അസുഖമുള്ളതോ ചത്തതോ ആയ കാട്ടുപക്ഷികളുള്ള പ്രദേശങ്ങളില്‍ നായ്ക്കളെ കെട്ടഴിച്ചു വിടരുതെന്നും പൊതുജനങ്ങളോട് നിര്‍ദ്ദേശിക്കുന്നു.മുട്ടയോ കോഴിയിറച്ചിയോ അതില്‍ നിന്നുള്ള ഉല്‍പന്നങ്ങളോ കഴിക്കുന്നതില്‍ അപകടമില്ലെന്നും കേന്ദ്രം അറിയിച്ചു

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.