head3
head1

ഹെല്‍പ്പ് ടു ബൈ സ്‌കീം ഭവന വില കൂട്ടിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

ഡബ്ലിന്‍ : വീടുകളുടെ വില ഉയരാന്‍ ഹെല്‍പ്പ് ടു ബൈ പദ്ധതി കാരണമായിട്ടില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.സര്‍ക്കാരിന് ആശ്വാസം നല്‍കുന്ന മസാര്‍സ് റിപ്പോര്‍ട്ട് ബജറ്റ് ദിനത്തില്‍ പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്.ആദ്യ തവണ വാങ്ങുന്നവരെ സഹായിക്കുന്നതിനായി നടപ്പാക്കിയ പദ്ധതി ഭവനവില കൂട്ടുമെന്ന് പാര്‍ലമെന്ററി സമിതിയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണ്ണര്‍ അടക്കമുള്ളവരും വിമര്‍ശിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.

ഈ റിപ്പോര്‍ട്ട് വന്നതോടെ ബജറ്റിലുള്‍പ്പെടുത്തി ഹെല്‍പ്പ് ടു ബൈ പദ്ധതി കൂടുതല്‍ മികച്ച നിലയില്‍ നടപ്പാക്കാനൊരുങ്ങുകയാണ് ഭവനവകുപ്പ്.

പദ്ധതി നീട്ടുന്നതിന് അനുകൂലമായ നിലപാടാണ് ഭവനമന്ത്രി ദാരാ ഒബ്രിയനുമുള്ളത് .ഡിസംബര്‍ 31 ന് ശേഷം പദ്ധതി നീട്ടണോ എന്ന് സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് എത്തിയത്.

ഭവനവിലയില്‍ 43% വര്‍ധനവുണ്ടാക്കിയെന്നായിരുന്നു പാര്‍ലമെന്ററി കമ്മിറ്റിയുടെ നിരീക്ഷണം. എന്നാല്‍ ഇത് ശരിയല്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു.കുറച്ചാളുകള്‍ മാത്രമേ പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുള്ളു. അതിനാല്‍ വീടുകളുടെ വിലയില്‍ ഇത് വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് മസാര്‍സ് റിപ്പോര്‍ട്ട് പറയുന്നു.

ഹെല്‍പ്പ് ടു ബൈ പദ്ധതി മെച്ചപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകളും മസാര്‍സ് റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് പേഔട്ട് കുറയ്ക്കുകയെന്നതാണ് അതിലൊന്ന്.

2016ലാണ് ഹെല്‍പ്പ് ടു ബൈ സ്‌കീം ആരംഭിച്ചത്.കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 30,963 അംഗീകൃത ക്ലെയിമുകളാണ് പദ്ധതിയിലുണ്ടായത്. ഇതിനായി 559.7 മില്യണ്‍ യൂറോയാണ് ചെലവിട്ടത്.ആദ്യമായി പുതിയ വീടുകള്‍ വാങ്ങുന്നവര്‍ക്ക് 500,000 യൂറോ വരെ വിലയുള്ള വീടിന് പരമാവധി 30,000 യൂറോ വരെ (10 ശതമാനം നികുതി) ഇളവ് ഈ സ്‌കീം പ്രകാരം ക്ലെയിം ചെയ്യാം.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.