head3
head1

മുറികള്‍ കിട്ടാനില്ല…കഴുത്തറപ്പന്‍ വാടകയും ! ഈ കുട്ടികളെ ആര്‍ക്ക് സഹായിക്കാനാകും ?

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പഠനത്തിനെത്തി താമസസൗകര്യം ഇനിയും ലഭിക്കാതെ കഷ്ടപ്പെടുന്നവരില്‍ പെണ്‍കുട്ടികളടക്കമുള്ള നൂറുകണക്കിന് മലയാളികളായ ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളും. വാടക വീടുകള്‍ ഒരിടത്തും തന്നെ കിട്ടാനില്ല, ലഭിക്കുന്നതിനാകട്ടെ കഴുത്തറപ്പന്‍ വാടകയും.ഡബ്ലിനുള്‍പ്പെടെ മിക്ക സ്ഥലങ്ങളിലും ഇതാണ് സ്ഥിതി.ഒറ്റമുറിയില്‍ ഷെയറിംഗിന് വരെ 800 യൂറോ വരെ ഉയര്‍ന്നിരിക്കുകയാണ് ഡബ്ലിനിലെ വാടക.

കൃത്യ സമയത്തുതന്നെ കോളജില്‍ എത്തിചേര്‍ന്ന് ജോയിന്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഇവര്‍ താമസസൗകര്യമില്ലാതെ അന്യ രാജ്യത്തെ ഹോട്ടലുകളില്‍ അന്യായ വാടക നല്‍കേണ്ട ഗതികേടിലാണ്.കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്കുന്നതല്ലാതെ യാതൊരു സഹായവും നല്‍കാവുന്ന അവസ്ഥയിലല്ല ഡബ്ലിനിലെ ഇന്ത്യന്‍ എംബസി.

പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസ സൗകര്യം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം അടുത്ത വര്‍ഷങ്ങളിലെങ്കിലും മുന്‍കൂട്ടി ഒരുക്കണമെന്ന ജാഗ്രതാ നിര്‍ദേശം എംബസി നല്‍കേണ്ടതുണ്ട്. അയര്‍ലണ്ടില്‍ എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്ന അമിത ഫീസിനൊത്ത് അവരുടെ ക്ഷേമം ഉറപ്പുവരുത്തണമെന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത ഇന്ത്യന്‍ എംബസിക്കുണ്ട്. അവര്‍ അഭയാര്‍ത്ഥികളല്ല.ലക്ഷക്കണക്കിന് യൂറോയാണ് ഇന്ത്യയില്‍ നിന്ന് മാത്രം അയര്‍ലണ്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്.

അത്ലോണ്‍ അടക്കമുള്ള പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ കാര്യമാണ് പരമ ദയനീയം. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും അത് ലോണില്‍ എത്തിയപ്പോള്‍ മുതല്‍ ഇവരില്‍ ചിലരൊക്കെ തെരുവുകളിലാണ് കഴിയുന്നതെന്നാണ് പറയുന്നത്..വേണമെങ്കില്‍ ഇവര്‍ക്ക് ബി ആന്റ് ബിയിലേയ്ക്ക് പോകാം. എന്നാല്‍ അവിടെ അധിക നാള്‍ അവിടെ നില്‍ക്കാനാവില്ല.മിക്കവരും ‘പരമാവധി അഞ്ഞൂറ് യൂറോ വരെ വാടക നല്‍കിയാല്‍ മതിയെന്ന’ ഏജന്റുമാരുടെ വാക്കുകള്‍ കേട്ടാണ് നാട്ടില്‍ നിന്നും പുറപ്പെട്ടിരിക്കുന്നത്.ഇവിടെ എത്തുമ്പോഴാണ് പ്രശ്നത്തിന്റെ രൂക്ഷത ഇത്ര കടുകട്ടിയാണ് എന്ന് മനസിലാവുന്നത്.

സുഹൃത്തുക്കളുടെ വീടുകളിലും മറ്റും ആദ്യ ദിവസങ്ങളില്‍ താമസിക്കാന്‍ അവസരം ലഭിക്കുന്ന ‘ഭാഗ്യവാന്മാരുമുണ്ട്’.എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും അതല്ല സ്ഥിതി.

, സി എ ഒ ഓഫറുകള്‍ കൂടി വന്നതോടെ വാടകവീടുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചു കഴിഞ്ഞു. സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്.. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് പഠിക്കാനെത്തുന്ന കുട്ടികളും കൂടിയെത്തുമ്പോള്‍ ഒരിടത്തും താമസസൗകര്യമില്ലാതെ വലയുന്ന സ്ഥിതിയുണ്ടായേക്കാം…

താമസിക്കാന്‍ ഇടം കണ്ടെത്താന്‍ കഴിയാത്ത കുട്ടികളുടെയും ,നഴ്സുമാര്‍ അടക്കമുള്ള തൊഴിലന്വേഷകരുടെയും ഫോണ്‍വിളികള്‍ ആരെയും സങ്കടത്തിലാഴ്ത്തുന്നതാണെന്ന് വിവിധ സഭകളുടെയും, സംഘടനകളുടെയും ഭാരവാഹികള്‍ പറയുന്നു.എന്നിരുന്നാലും
കാര്യമായ തോതില്‍ അവരെയാരെയും സഹായിക്കാനായിട്ടില്ല എന്നും അവര്‍ വെളിപ്പെടുത്തുന്നു. വിദ്യാര്‍ഥികളെ മുറി വാടകയ്ക്കെടുക്കാന്‍ സഹായിക്കണമെന്ന് പ്രദേശവാസികളോട് കോളജധികൃതരും സ്ഥിരമായി അഭ്യര്‍ഥിക്കുന്നുണ്ട്.

അയര്‍ലണ്ടില്‍ താമസസൗകര്യം പ്രശ്‌നമാണെന്ന് മുമ്പ് കേട്ടിരുന്നുവെങ്കിലും പക്ഷേ ഇത്ര മോശമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ പറയുന്നു.

സാമ്പത്തികമാന്ദ്യവും കോവിഡ് കെടുതികളുമെല്ലാം അയര്‍ലണ്ട് കണ്ടതാണ് . എന്നാല്‍ ഇതു പോലെ വിദ്യാര്‍ഥികള്‍ കഷ്ടത്തിലായ ഒരു കാലം തന്റെ ഓര്‍മ്മയിലില്ലെന്ന് അത്‌ലോണിലെ ഫാ. ഷെയ് കാസി. പറയുന്നു.വേറെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സൈന്യത്തെ വിളിച്ച് ടെന്റുണ്ടാക്കിക്കൊടുക്കണമെന്നു പോലും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

പുതിയതായി എത്തുന്ന നഴ്സുമാര്‍ക്കും പാര്‍പ്പിടമില്ല….

അയര്‍ലണ്ടിലേക്ക് ഇപ്പോള്‍ ദിനംപ്രതി പുതിയതായി എത്തികൊണ്ടിരിക്കുന്ന നഴ്സുമാര്‍ക്കും,കെയറര്‍മാര്‍ക്കും മറ്റു തൊഴിലന്വേഷകര്‍ക്കും പോലും ഒരിടത്തും വീടുകളോ ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.കഴിഞ്ഞ മാസം രണ്ട് പ്രമുഖ നഴ്സിംഗ് ഏജന്‍സികള്‍ ഡണ്‍ലേരിയിലെ റോയല്‍ മറൈന്‍ ഹോട്ടലില്‍ താത്ക്കാലിക താമസ സൗകര്യമൊരുക്കി നല്‍കിയ മുപ്പതോളം നഴ്സുമാരില്‍ ചിലര്‍ക്കു മാത്രമാണ് വീടുകളോ ,താമസ സൗകര്യമോ ലഭിച്ചിട്ടുള്ളത്. മലയാളികളായ ചില ഏജന്‍സികള്‍, സ്വന്തം നിലയില്‍ താമസ സൗകര്യം കണ്ടു പിടിക്കണം എന്ന വ്യവസ്ഥയോടെയാണ് നഴ്‌സുമാരെയും ,കെയറര്‍മാരെയും ‘ഇറക്കുമതി ‘ചെയ്യുന്നത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയോ ഉദ്യോഗാര്‍ത്ഥികള്‍ക്കോ വേണ്ടി നല്‍കാന്‍ നിങ്ങള്‍ക്ക് ഒരു മുറിയോ ,വീടിന്റെ ഭാഗമോ നല്‍കാനുണ്ടോ ?താത്കാലികമായെങ്കിലും അവരെ സഹായിക്കാന്‍ നിങ്ങള്‍ക്കാവുമോ ? ഐറിഷ് മലയാളി’യുടെ താഴെപ്പറയുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ കൂടി നിങ്ങള്‍ക്ക് ആ വിവരം അറിയിക്കാന്‍ അവസരം ഉണ്ടായിരിക്കും.

അതുപോലെ തന്നെ ഇനിയും റൂമുകള്‍ / താമസ സൗകര്യം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഈ ഗ്രൂപ്പില്‍ കൂടി വിശദ വിവരങ്ങള്‍ അടങ്ങിയ അവരുടെ ആവശ്യം പ്രസിദ്ധീകരിക്കാം .നിങ്ങളുടെ ജോലി സ്ഥലത്തിന്/കോളജിന് അടുത്തായുള്ള ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പക്ഷെ ഒരു റൂം കണ്ടെത്തി തന്നേക്കാം,അഥവാ അതിനുള്ള ഉപദേശങ്ങള്‍ നല്‍കിയേക്കാം.താത്പര്യമുള്ളവര്‍ക്ക് ഗ്രൂപ്പില്‍ ചേരാം ...https://chat.whatsapp.com/FPByqmHcl4wESVpjUZH7m6

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.