head3
head1

പ്രതീക്ഷയുടെ ചിങ്ങപ്പുലരി; തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

ഇന്ന് ചിങ്ങം ഒന്ന്. വറുതിയുടെയും പേമാരിയുടെയും ആകുലതകള്‍ നേരത്തേ പോയൊഴിഞ്ഞതിന്റെ തെളിമയിലാണ് ഇക്കുറി മലയാളത്തിന്റെ പുതുവര്‍ഷം പിറക്കുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ നിന്നുള്ള മോക്ഷമായാണ് ചിങ്ങത്തിന്റെ വരവ് കണക്കാക്കുന്നത്. സമ്പല്‍സമൃതിയുടേയും പ്രതീക്ഷയുടേയും പുതുവര്‍ഷമാണ് മലയാളികള്‍ക്ക് ചിങ്ങമാസം. കാര്‍ഷിക സമൃതിയിലൂന്നിയ കേരളക്കാര്‍ക്കിത് കര്‍ഷക ദിനം കൂടിയാണ്. വിളവെടുപ്പിന്റേയും സമൃതിയുടേയും മാസമാണ് ചിങ്ങം. പൊന്നോണത്തിന്റെ മാസമായാണ് മലയാളികള്‍ പ്രധാനമായും ചിങ്ങത്തെ വരവേല്‍ക്കുന്നത്.

അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഓണവിപണി പരുങ്ങലിലായിരുന്നു. എന്നാല്‍ അതിന്റെ ആഘാതത്തില്‍ നിന്നും കരകയറാം എന്ന പ്രതീക്ഷയില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഓഫറുകളുമായി സജീവമായിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയിലായിരുന്ന സാമ്പത്തിക രംഗം ഈ ഓണക്കാലത്തെ എത്രകണ്ട് പ്രയോജനപ്പെടുത്തും എന്നതും നിര്‍ണ്ണായകമാണ്. കോവിഡ് കൊണ്ട് പോയ മുന്‍ വര്‍ഷങ്ങളുടെ ക്ഷീണമകറ്റാന്‍ നാട്ടിന്‍ പുറങ്ങളിലെ ക്ലബ്ബുകളും ഒരുങ്ങിക്കഴിഞ്ഞു. കലാലയങ്ങളും നഷ്ടമായ ഓണമേളങ്ങളെ തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും അടഞ്ഞു കിടന്ന സിനിമാ തിയേറ്ററുകളിലും ഇക്കുറി ആവേശത്തിന്റെ ഓണക്കാലമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് അത്തം. സെപ്റ്റംബര്‍ ഏഴിനാണ് ഒന്നാം ഓണം. സെപ്റ്റംബര്‍ 8 വ്യാഴാഴ്ചയാണ് തിരുവോണം.

ചിങ്ങപ്പിറവി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസ നേര്‍ന്നിരുന്നു. കൊല്ലവര്‍ഷം 1198-ന് ആരംഭം കുറിക്കുകയും കേരളം കര്‍ഷകദിനമായി ആഘോഷിക്കുകയും ചെയ്യുന്ന ഈ ദിനം നമ്മെ ഐശ്വര്യവും സുഖവും ആനന്ദവും പ്രദാനം ചെയ്യുന്ന പുതുവര്‍ഷത്തിലേക്ക് ആനയിക്കട്ടെ എന്ന് ആശംസിക്കുന്നു – ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

ചിങ്ങം ഒന്ന്, കേരളത്തിനിത് കര്‍ഷക ദിനം കൂടിയാണ്. നമ്മുടെ ശ്രേഷ്ഠമായ കാര്‍ഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകള്‍ പങ്കു വയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.