ഡബ്ലിന്‍ : ഭവന വായ്പാ തുകയുടെ പരിധി കുറയ്ക്കാനുള്ള ബാങ്കുകളുടെ നീക്കം ആശങ്കയുണ്ടാക്കുന്നു. ശമ്പളത്തിന്റെ രണ്ടര ഇരട്ടിയലേയ്ക്ക് വായ്പത്തുക പരിമിതപ്പെടുത്താനാനുള്ള ഐസിഎസ് മോര്‍ട്ട്ഗേജസിന്റെ നീക്കമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നിലവില്‍ ശമ്പളത്തിന്റെ മൂന്നര ഇരട്ടി വരെയുള്ള പരിധിയില്‍ കുറവ് വരുത്താനാണ് മിക്ക ബാങ്കുകളും ആലോചന തുടങ്ങിയിരിക്കുന്നത്.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കടുത്ത പലിശനിരക്ക് വര്‍ധിപ്പിച്ചിരിക്കുന്ന ഈ സമയത്ത് ഐസിഎസ് മോര്‍ട്ട്ഗേജസിന്റെ ഈ തീരുമാനം മാര്‍ക്കറ്റില്‍ മോര്‍ട്ട് ഗേജുടമകള്‍ക്ക് ദോഷകരമാകുമോ എന്നതാണ് ആശങ്ക. നോണ്‍ ബാങ്കിംഗ് സ്ഥാപനമായ ഐസിഎസിന്റെ പാത മറ്റ് ബാങ്കുകള്‍ കൂടി പിന്തുടര്‍ന്നാല്‍ അത് മോര്‍ട്ട്‌ഗേജ് വിപണിയ്ക്ക് ദോഷകരമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വായ്പ നല്‍കുന്നതിന്റെ പരിധി കഴിഞ്ഞതിനാലാണ് ലോണ്‍ തുകയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നതെന്ന് ഐസിഎസ് മോര്‍ട്ട്‌ഗേജസ് പറയുന്നു. ഐസിഎസ് മോര്‍ട്ട്‌ഗേജസ് 1.4 ബില്യണ്‍ യൂറോയിലധികം മോര്‍ട്ട്ഗേജ് വായ്പകളാണ് നല്‍കിയിട്ടുള്ളത്.
വായ്പാ തുക കുറച്ചതിന് പുറമേ മറ്റ് ചില നിയന്ത്രണങ്ങളും ഐസിഎസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മോര്‍ട്ട്ഗേജ് ലഭിക്കുന്നതിന് ദമ്പതികള്‍ക്ക് രണ്ടാള്‍ക്കും കൂടി കുറഞ്ഞത് 1,00,000 യൂറോ വരുമാനം ആവശ്യമാണെന്നാണ് ഐസിഎസ് വ്യക്തമാക്കിയത്. ഇതിന്റെ രണ്ടര ഇരട്ടി തുക മാത്രമേ വായ്പയായി ലഭിക്കൂ. മൂന്നര ഇരട്ടി വരെ നല്‍കാവുന്ന സ്ഥാനത്താണ് ഇത്. മാത്രമല്ല, അപേക്ഷകന്റെ വരുമാനം കണക്കാക്കുമ്പോള്‍ ബോണസും മറ്റ് വേരിയബിള്‍ പേയും കണക്കാക്കുകയുമില്ല.
ആദ്യമായി വീടുകള്‍ വാങ്ങുന്നവര്‍ക്ക് പ്രോപ്പര്‍ട്ടി മൂല്യത്തിന്റെ 80 ശതമാനം തുക മാത്രമേ വായ്പ നല്‍കൂ. സെക്കന്‍ഡ് ഹാന്റുകാര്‍ക്ക് ഇത് 70 ശതമാനമാകും. സ്വിച്ചര്‍ ആപ്ലിക്കേഷനുകളില്‍ ഇക്വിറ്റി റിലീസ് ഉണ്ടാകില്ല. ഡയറക്ടര്‍മാരുടെ ശമ്പളത്തെയോ ഡ്രോയിംഗുകളെയോ അടിസ്ഥാനമാക്കിയായിരിക്കും സെല്‍ഫ് എംപ്ലോയീസിന്റെ അപേക്ഷകള്‍ അസസ് ചെയ്യുക. മറ്റ് ലെന്റിംഗ് സ്ഥാപനങ്ങള്‍ കൂടി ഈ പാത പിന്തുടര്‍ന്നാല്‍ അത് മോര്‍ട്ട്ഗേജ് വിപണിയെ നിശ്ചലമാക്കുമെന്ന് ബ്രോക്കര്‍മാര്‍ പറയുന്നു. വിപണിയുടെ ഇപ്പോഴത്തെ സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ഐസിഎസ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ റേ മക് മഹോണ്‍ പറഞ്ഞു. വിപണികള്‍ സാധാരണ നിലയിലായാലുടന്‍, ഈ താല്‍ക്കാലിക മാറ്റങ്ങളെല്ലാം മാറുമെന്നും ഇദ്ദേഹം പറയുന്നു.
ദുര്‍ബലമായ ഫണ്ടിംഗ് മാതൃകയാണ് നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളുടേതെന്ന സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. നോണ്‍ ബാങ്കിംഗ് ലെന്റേഴ്സ് ഫണ്ടുകള്‍ നേടുന്നത് വിപണികളില്‍ നിന്നാണ്. എന്നാല്‍ ബാങ്കുകള്‍ക്ക് ഉപഭോക്തൃ നിക്ഷേപങ്ങള്‍ വഴിയാണ് ഫണ്ട് ലഭിക്കുന്നതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അള്‍സ്റ്റര്‍ ബാങ്കും കെ ബി സിയും വിപണിയില്‍ പുറത്തുപോയ പശ്ചാത്തലത്തിലാണ് ഐസിഎസ് മോര്‍ട്ട്ഗേജസിന്റെ വായ്പാ നിയന്ത്രണം കൂടുതല്‍ ചര്‍ച്ചയാകുന്നത്. എ ഐ ബി, ബാങ്ക് ഓഫ് അയര്‍ലണ്ട്, പെര്‍മനന്റ് ടി എസ് ബി എന്നിവയ്ക്ക് ഐ സി എസിന്റെ നടപടി കരുത്തു നല്‍കുമെന്ന് ബ്രോക്കര്‍മാര്‍ പറയുന്നു. അള്‍സ്റ്റര്‍ ബാങ്കും കെബിസിയുടെയും പിന്‍മാറ്റത്തില്‍ നിന്നും ഏറ്റവും നേട്ടം കൊയ്തവരാണിവയെന്നും ഇവര്‍ പറയുന്നു.
പലിശ നിരക്ക് കുതിച്ചുയരുമോ…
സ്പാനിഷ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള അവന്റ് മണി, ഡിലോസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഐ സി എസ് മോര്‍ട്ട്‌ഗേജസ്, ഫിനാന്‍സ് അയര്‍ലണ്ട് എന്നീ നോണ്‍-ബാങ്ക് ലെന്‍ഡേഴ്സ് മോര്‍ട്ട്‌ഗേജ് നിരക്ക് വെട്ടിക്കുറച്ചത് വിപണിയിയെ സ്വാധീനിച്ചിരുന്നതായി മോര്‍ട്ട്ഗേജ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പലിശ നിരക്കുകള്‍ മത്സരാധിഷ്ഠിതമായി നിലനിര്‍ത്തുന്നതിന് ഈ നടപടി സഹായിച്ചിരുന്നു. ജൂണില്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറഞ്ഞ യൂറോസോണിലെ ഏക രാജ്യം അയര്‍ലണ്ടായിരുന്നു. ഇപ്പോള്‍ ബാങ്കുകള്‍ക്ക് പലിശ നിരക്കുകള്‍ കൂട്ടുന്നത് എളുപ്പമായിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.