head1
head3

ഉയര്‍ന്ന ജീവിതച്ചെലവും ഭവന പ്രതിസന്ധിയും: വിദേശ നഴ്സുമാര്‍ അയര്‍ലണ്ടില്‍ നിന്നും ‘ഓടിരക്ഷപ്പെടുന്നു’ !

ഡബ്ലിന്‍ : വംശീയ വിവേചനവും മറ്റു പ്രശ്നങ്ങളും വിദേശ നഴ്സുമാരെ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതായി മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ടിന്റെ വെളിപ്പെടുത്തല്‍. വിദേശത്ത് നിന്നുള്ള നഴ്സുമാരുടെ (പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ള) സംഘടനയാണ് മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട്.

വംശീയതയും ഉയര്‍ന്ന ജീവിതച്ചെലവുകളും ഭവന പ്രതിസന്ധിയുമാണ് നഴ്സുമാരെ ‘ഓടിക്കുന്ന’ പ്രധാന പ്രശ്നങ്ങള്‍. ഒറ്റയ്ക്കാണെങ്കില്‍ എങ്ങനെയും കഴിയാം. കുടുംബങ്ങളെ കൂടി കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ താമസം പ്രശ്നമാകും. വംശീയ വിവേചനത്തിനൊപ്പം ഇത്തരം പ്രശ്നങ്ങള്‍ കൂടിയാകുമ്പോള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാനാണ് നഴ്സുമാര്‍ ശ്രമിക്കുന്നതെന്ന് സംഘടന പറയുന്നു. നഴ്സുമാരുടെ വലിയ ക്ഷാമമുള്ളപ്പോഴും ഇവിടെ നിന്നും എങ്ങനെയും രക്ഷപ്പെടാനാണ് പലരും ആഗ്രഹിക്കുന്നതെന്നത് ഏറെ പ്രസക്തമാണ്.

അയര്‍ലണ്ടില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരില്‍ നാലിലൊന്നും വിദേശത്തു നിന്നുള്ളവരാണ്. എന്നാല്‍ അവരില്‍ മിക്കവര്‍ക്കും ഇവിടെ ജീവിതം ഇപ്പോള്‍ ബുദ്ധിമുട്ടായിരിക്കുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

ജോലിസ്ഥലത്ത് പോലും വംശീയമായ വേര്‍തിരിവുകള്‍ നേരിടുകയാണെന്ന് സംഘടന വിശദീകരിക്കുന്നു. എച്ച് എസ് ഇയിലും സ്വകാര്യ സ്ഥാപനങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നു. ഇത് ഇവിടുത്തെ വിദേശ നഴ്സുമാരുടെ മനം മടുപ്പിക്കുന്ന പ്രശ്നമാണെന്ന് സംഘടനയുടെ പ്രതിനിധി വിനു കൈപ്പിള്ളി ന്യൂസ് ടോക്കിന്റെ പാറ്റ് കെന്നി ഷോയില്‍ വ്യക്തമാക്കി.

‘അയര്‍ലണ്ടിന് 20, 25 വര്‍ഷത്തെ കുടിയേറ്റ ചരിത്രമാണുള്ളത്. 10 വര്‍ഷം മുമ്പ് ഇവിടെയെത്തിയ നഴ്‌സുമാര്‍ക്ക് ഇവിടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അന്ന് നഴ്സുമാരുടെ എണ്ണം വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഇവിടുത്തെ സമൂഹവുമായി വളരെ എളുപ്പത്തില്‍ ഇഴുകിച്ചേരാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്ന് അയര്‍ലണ്ടിലേക്ക് വരുന്ന നഴ്സുമാരുടെ എണ്ണം വളരെ കൂടുതലായി. അതോടൊപ്പം പ്രശ്നങ്ങളും സങ്കീര്‍ണ്ണമാവുകയാണ്’ – അദ്ദേഹം പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.