ഡബ്ലിന്‍ : ഉക്രൈന് യുദ്ധക്കെടുതിയില്‍ ജീവിതം തേടി അഭയാര്‍ഥികളായി അയര്ലണ്ടിലെത്തിയവര്ക്ക് ഇവിടെയും കഷ്ടപ്പാടുകള്‍. സമാധാനമായി ഒന്നുറങ്ങാന്‍ പോലും സൗകര്യമില്ലെന്നതാണ് ഇവര്‍ നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം.
എമര്‍ജെന്‍സി താമസ സൗകര്യം ലഭ്യമല്ലാതായതോടെ ഇപ്പോള്‍ സ്പോര്‍ട് ക്യാമ്പുകളിലും മറ്റുമാണ് അഭയാര്‍ഥികളുടെ ജീവിതം. ഒരാഴ്ചയായി നിരവധി അഭയാര്‍ഥികളെയാണ് ഡബ്ലിന്‍ അവൈവ സ്റ്റേഡിയത്തില്‍ താമസിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ ക്യാമ്പ് ബെഡുകളിലാണ് ഇവര്‍ കഴിയുന്നത്.
ഒരു മാസത്തിലേറെയായി ഉക്രൈനിയന്‍ അഭയാര്‍ഥികള്‍ക്ക് താമസ സൗകര്യം ലഭ്യമല്ലാതായിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ വിവിധ കായിക സംഘടനകളുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. കൂടാതെ അറുപതോളം അഭയാര്‍ഥികളെ മീത്തിലെ ഗോര്‍മാന്‍സ്റ്റണ്‍ സൈനിക ക്യാമ്പിലെ ടെന്റുകളിലും പാര്‍പ്പിച്ചിരുന്നു.
പഴയ ഡബ്ലിന്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ എമര്‍ജന്‍സി അക്കൊമൊഡേഷനായി ഉപയോഗിച്ചെങ്കിലും കഴിഞ്ഞ ദിവസം അത് നിര്‍ത്തി. 5,000 സ്റ്റുഡന്റ് അക്കൊമൊഡേഷന്‍ ബെഡുകളും അഭയാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ വരും ആഴ്ചകളില്‍ ക്ലാസുകള്‍ തുടങ്ങുന്നതിനാല്‍ ഈ ബെഡുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്.
ഉക്രെയ്നില് നിന്നും 42,000ത്തിലധികം അഭയാര്‍ഥികളാണ് ഇതിനകം അയര്ലണ്ടിലെത്തിയിട്ടുള്ളത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇപ്പോഴും പ്രതിദിനം 130 അഭയാര്‍ഥികള്‍ എത്തുന്നുണ്ട്.
മത സംഘടനകളുടെ കെട്ടിടങ്ങള്‍, മോഡുലാര്‍ ഹോമുകള്‍, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ എന്നിവയൊക്കെ അഭയാര്‍ഥികളെ താമസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ചില കെട്ടിടങ്ങള്‍ അഭയാര്‍ഥി കേന്ദ്രങ്ങളായി പുനര്‍നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടെങ്കിലും കാര്യങ്ങള്‍ മന്ദഗതിയിലാണ് നീങ്ങുന്നത്.
അഭയാര്‍ഥികള്‍ക്ക് ഹ്രസ്വകാല താമസ സൗകര്യങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് എഫ് എ ഐ, ജി എ എ, ഐ ആര് എഫ് യു, സ്പോര്‍ട് അയര്‍ലണ്ട് തുടങ്ങിയ സംഘടനകളുമായും ബന്ധപ്പെട്ടതായി ടൂറിസം- കായിക വകുപ്പ് വക്താവ് സ്ഥിരീകരിച്ചു. സര്‍ക്കാരിനോട് അനുഭാവ പൂര്‍ണ്ണമായാണ് സംഘടനകള്‍ പ്രതികരിച്ചതെന്ന് വക്താവ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.