head1
head3

ബിഷപ്പ് ആന്റണി കരിയിലിനെതിരെ നടപടി, സ്ഥാനമൊഴിയണമെന്ന് വത്തിക്കാന്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനമൊഴിയണമെന്ന് വത്തിക്കാന്‍. അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനം ഒഴിയണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വത്തിക്കാന്‍ സ്ഥാനപതി ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് നേരിട്ട് നോട്ടീസ് നല്‍കിയെന്നാണ് വിവരം. എന്തിനാണ് സ്ഥാനം ഒഴിയാന്‍ നിര്‍ദേശിച്ചത് എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ടുളള നടപടിയാണ് സ്ഥാനമാറ്റം എന്നാണ് സൂചന. കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പല വിഷയത്തിലും ബിഷപ്പ് ആന്റണി കരിയില്‍ നിലപാട് എടുത്തിരുന്നു. കുര്‍ബാന ഏകീകരണ വിഷയത്തില്‍ ഏകീകൃത കുര്‍ബാന അംഗീകരിക്കില്ലെന്ന് പരസ്യ നിലപാടും ബിഷപ്പ് ആന്റണി കരിയില്‍ സ്വീകരിച്ചിരുന്നു.

കുര്‍ബാന ഏകീകരണം നടപ്പാക്കണം എന്ന് വത്തിക്കാന്‍ അന്ത്യശാസനം നല്‍കിയെങ്കിലും അതും നടപ്പായില്ല. വത്തിക്കാന്‍ നിര്‍ദ്ദേശിച്ച ദിവസം ഇത് നടപ്പാക്കാന്‍ കഴിയില്ലെന്നും ഈ വര്‍ഷം അവസാനത്തോടെ മാത്രമേ കുര്‍ബാന ഏകീകരണം സഭയില്‍ നടപ്പാക്കാനാകൂ എന്നുമായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ നിലപാട്. ഇതും സഭാ നേതൃത്വത്തെയും വത്തിക്കാനേയും അലോസരപ്പെടുത്തിയിരുന്നു.

സഭാ ഭൂമിയിടപാട് വിഷയത്തിലും വിമത വൈദികരെ പിന്തുണച്ചുവെന്ന ആരോപണവും ആന്റണി കരിയില്‍ നേരിട്ടിരുന്നു. ഇത്തരത്തില്‍ പലകാര്യങ്ങള്‍ സ്ഥാനമാറ്റത്തില്‍ എത്തിച്ചേര്‍ന്നുവെന്നാണ് ലഭിക്കുന്ന സൂചന.

വത്തിക്കാന്‍ ഇത്തരമൊരു നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ വത്തിക്കാനിലേക്ക് കത്തയച്ചിട്ടുണ്ട്. കാരണം വ്യക്തമാക്കാതെയാണ് ആന്റണി കരിയിലിനെതിരെ ഇത്തരമൊരു നടപടി എന്നാണ് ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും ആക്ഷേപം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് യോഗം ചേരുന്നുണ്ട്. വിവിധ വൈദികരും യോഗത്തില്‍ പങ്കെടുക്കും. വത്തിക്കാന്‍ നിലപാട് കടുപ്പിച്ചാല്‍ പ്രതിഷേധ പരിപാടിയടക്കം ആസൂത്രണം ചെയ്യാനാണ് യോഗം എന്നാണ് സൂചന.

കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയും അപ്പോസ്തലിക്ക് നൂണ്‍ഷോയുമായ ലിയോ പോള്‍ദോ ഗിരേല്ലി നാളെ എറണാകുളം ബിഷപ്പ് ഹൗസില്‍ എത്തും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.