head3
head1

ഇ-സിഗരറ്റുകള്‍ നിയന്ത്രിക്കുന്നതിനുള്ള ബില്‍ വിവാദത്തില്‍; ഫ്ളേവറുകള്‍ വേണ്ടെന്നുവെയ്ക്കുന്നത് ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍

ഡബ്ലിന്‍ : പുകവലി ഉപേക്ഷിക്കാന്‍ സഹായിക്കുന്ന ഇ-സിഗരറ്റിനെ നിയന്ത്രിക്കുന്നതിനുള്ള ബില്‍ വിവാദത്തില്‍. ഇലക്ട്രോണിക് സിഗരറ്റുകളില്‍ (പുകയില ഒഴികെയുള്ള) ചേര്‍ക്കുന്ന എല്ലാ ഫ്ളേവറുകളും നിരോധിക്കുന്നതാണ് പബ്ലിക് ഹെല്‍ത്ത് ബില്‍ 2019ന്റെ ശുപാര്‍ശകള്‍. വിവിധ ഫ്ളേവറുകളിലുള്ള ഇ-സിഗററ്റ് യുവാക്കളെ ആകര്‍ഷിക്കുന്നതാണെന്നും അവയുടെ ലഭ്യത ഇല്ലാതാക്കുന്നത് ഉപയോഗം കുറയ്ക്കുമെന്നുമാണ് ബില്ലിന്റെ പുറകിലുള്ളവരുടെ വാദം.

എന്നാല്‍ ഈ വ്യത്യസ്തമായ ഫ്ളേവറുകള്‍ നിരോധിക്കുന്നത് പ്രശ്നമാകുമെന്നാണ് ഒരു വിഭാഗം ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇവ നിരോധിക്കുന്നത് ഇ-സിഗരറ്റ് ഉപേക്ഷിച്ച് യഥാര്‍ഥ സ്മോക്കിംഗിലേയ്ക്ക് പോകാന്‍ യുവാക്കള്‍ക്ക് പ്രചോദനമാകുമെന്ന് ഇവര്‍ വാദിക്കുന്നു. അതു വഴി മരണ സംഖ്യയേറുമെന്നും ആരോഗ്യ വിദഗ്ധന്‍ ഡോ ഗാരറ്റ് മക്ഗവര്‍ണ്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡണ്‍റമിലെ പ്രയോറിറ്റി മെഡിക്കല്‍ ക്ലിനിക്കിലെ അഡിക്ഷന്‍ മെഡിസിനില്‍ സ്പെഷ്യലൈസ് ചെയ്ത ജിപിയാണ് ഇദ്ദേഹം.

ബില്ലിന് പിന്നിലെ സംഗതികള്‍

ഓരോ വര്‍ഷവും പുകയിലയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 10.6 ബില്യണ്‍ യൂറോയാണ് ചെലവിടുന്നത്. പുകവലി മൂലം വര്‍ഷം തോറും 6,000 മരണങ്ങളുണ്ടാകുന്നുവെന്നും ബില്‍ സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു. 2037ഓടെ പുകയില രഹിത അയര്‍ലണ്ട് യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു.

പുകവലിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കുന്നതില്‍ പുരോഗതിയുണ്ടെന്നും 2015ല്‍ ജനസംഖ്യയുടെ 23% പുകവലിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത് 20 ശതമാനത്തില്‍ താഴെയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അയര്‍ലണ്ടില്‍ ഏകദേശം 200,000 പേര്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്നു. മിക്കവാറും എല്ലാവരും പുകവലിക്കുന്നവരോ അത് നിര്‍ത്താന്‍ ശ്രമിക്കുന്നവരോ ആണ്. മറ്റ് പുകവലി ഉപകരണത്തേക്കാളും ഇരട്ടി ഫലപ്രദമാണിതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

ഫ്ളേവറുകള്‍ വേണ്ടെന്നുവെയ്ക്കുന്നതെന്തിന് ?

ഇ സിഗററ്റുകള്‍ 95% സുരക്ഷിതമാണെന്ന് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് യുകെയും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടും പറയുന്നു. ഇ-സിഗരറ്റുകള്‍ ഉപയോഗിച്ച് പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നവരെ ആകര്‍ഷിക്കുന്നത് അതിന്റെ ഫ്ളേവറുകളാണ്. അതില്ലാതായാല്‍ ആളുകള്‍ ഇ-സിഗരറ്റ് വേണ്ടെന്നുവെച്ചേക്കും. അതിനാല്‍ ഇ-സിഗററ്റിന് പിന്നാലെ പോകേണ്ടതില്ലെന്നാണ് ഡോ. ഗാരറ്റ് മക്ഗവര്‍ണ്‍ വാദിക്കുന്നത്.

18 വയസ്സിന് താഴെയുള്ളവരില്‍ 20%ല്‍ താഴെ ആളുകളേ ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നുള്ളുവെന്ന് ഇദ്ദേഹം പറയുന്നു. ഇവരില്‍ 4% മാത്രമേ സ്ഥിരമായി ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നുള്ളൂ. 18 വയസ്സിന് താഴെയുള്ള ജനസംഖ്യയുടെ 1% ല്‍ താഴെ മാത്രമാണിത്. വാപ്പിംഗ് ഹാനികരമല്ലെന്നും ഇദ്ദേഹം പറയുന്നു. ഇലക്ട്രോണിക് സിഗരറ്റുകളിലെ നിക്കോട്ടിന്‍ വളരെ സുരക്ഷിതമാണെന്ന് ഇദ്ദേഹം പറയുന്നു.

യുവാക്കളില്‍ ഇ-സിഗരറ്റ് ഉപയോഗം ആരംഭിക്കുന്നത് കുറയ്ക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ഏറ്റവും പ്രധാനം പുകവലി ആരംഭിക്കുന്ന യുവാക്കളുടെ എണ്ണം കുറയ്ക്കുക എന്നതാണ്. ഇ-സിഗരറ്റുകള്‍ പുകവലിയിലേക്കുള്ള പ്രവേശന കവാടമാകില്ലെന്നും ഇദ്ദേഹം പറയുന്നു

2022ല്‍ അയര്‍ലണ്ടില്‍ ഇ-സിഗരറ്റ് ഉപയോഗത്തിന് പ്രായപരിധി ഇല്ലെന്നത് ഓര്‍ക്കേണ്ടതുണ്ട്. പ്രായപരിധി ഏര്‍പ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ എന്‍ എന്‍ എ ഉള്‍പ്പടെയുള്ള സംഘടനകള്‍ ഈ ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കുന്നതാണ്. എന്നാല്‍ ഇനിയും ഇത് നിയമത്തിലേയ്ക്ക് എത്തിയിട്ടില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.