head1
head3

അകാലത്തില്‍ പൊലിഞ്ഞ ഇന്ത്യക്കാരനായ നഴ്സിന് കോര്‍ക്കിന്റെ ശ്രദ്ധാഞ്ജലി; ജീവനെടുത്തത് വാഹനാപകടം

കോര്‍ക്ക് : അകാലത്തില്‍ വാഹനാപകടത്തില്‍ പൊലിഞ്ഞ സ്നേഹനിധിയായ ആതുര സേവകന് കോര്‍ക്കിന്റെ ആരോഗ്യ രംഗം ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍ മൊഹിദ്ദീന്‍ ഖാനാണ് 18ന് ഇന്ത്യയിലുണ്ടായ അപകടത്തില്‍ മരിച്ചത്. കോര്‍ക്കില്‍ എമര്‍ജന്‍സി നഴ്‌സിംഗില്‍ പഠനം പൂര്‍ത്തിയാക്കിയ ആളായിരുന്നു മൊഹിദ്ദീന്‍. അന്നുമുതല്‍ അദ്ദേഹം വിവിധ ആശുപത്രികളിലായി ജോലി ചെയ്തുവരികയായിരുന്നു.

ഞെട്ടലോടെയാണ് കോര്‍ക്ക് ഈ ദുരന്തവാര്‍ത്ത കേട്ടത്. തികച്ചും മാന്യനായിരുന്നു ഇദ്ദേഹമെന്ന് ജീവനക്കാര്‍ ഒന്നടങ്കം അനുസ്മരിക്കുന്നു. എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ ഓടിനടന്ന് ജോലി ചെയ്യുന്ന ഇദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കാന്‍ ആര്‍ക്കുമാകുമായിരുന്നില്ല. പ്രൊഫഷനെ ജീവനു തുല്യം സ്നേഹിച്ച ഇദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനും ആശുപത്രിയ്ക്കുമുണ്ടാക്കിയ നഷ്ടം വിശദീകരിക്കാനാവുന്നതല്ലെന്ന് ജീവനക്കാര്‍ പറയുന്നു.

ഇദ്ദേഹത്തിന്റെ ചെറു കുടുംബത്തോടൊപ്പം എന്നുമുണ്ടാകുമെന്നും ജീവനക്കാര്‍ പറഞ്ഞു. മൊഹിദ്ദീന്റെ പരിചരണം സ്വീകരിച്ചിട്ടുള്ള മുന്‍ രോഗികളും ഇദ്ദേഹത്തിന്റെ വിയോഗമറിഞ്ഞ് ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് ചെറു കുട്ടികളുമുള്‍പ്പെട്ട കുടുംബം ഇപ്പോഴും കോര്‍ക്കിലാണ്.

മരണവാര്‍ത്ത പുറത്തുവന്നതോടെ തന്നെ ആദരാഞ്ജലികളും പ്രവഹിച്ചുതുടങ്ങിയിരുന്നു. ഐറിഷ് നാഷണല്‍ ആംബുലന്‍സ് സര്‍വീസും യൂണിവേഴ്‌സിറ്റി കോളേജ് സ്റ്റാഫും യു സി സിയുടെ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറിയും ഇദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിച്ചു.

ഏറ്റവും സഹാനുഭൂതിയും ദയാലുവുമായ നഴ്സായിരുന്നുവെന്ന് എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ. ക്രിസ് ലൂക്ക് പറഞ്ഞു. യുകെയിലും അയര്‍ലണ്ടിലെ കോര്‍ക്കിലുള്‍പ്പെടെ തന്നോടൊപ്പം മൊഹിദ്ദീന്‍ പ്രവര്‍ത്തിച്ചിരുന്നതും ഇദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നതെന്നും ഡോ. ലൂക്ക് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.